ബിരിയാണി ഇഷ്ടപ്പെടാത്തവരായി ആരുതന്നെ ഉണ്ടാകില്ല. ബിരിയാണി എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് കോഴി ബിരിയാണി തന്നെയായിരിക്കും. എന്നാല്‍ ആരെയും കൊതിപ്പിക്കുന്ന പല തരത്തിലുള്ള ബിരിയാണികള്‍ ഉണ്ട്. പല തരം മാംസ വിഭവങ്ങള്‍ കൊണ്ട് ബിരിയാണി തയാറാക്കാമെങ്കിലും പച്ചക്കറി ഉപയോഗിച്ചുള്ള ബിരിയാണിയും കുറവല്ല. അത്തരത്തിലൊന്നാണ് ചെറുപയര്‍ ബിരിയാണി.
തയ്യറാക്കാനെടുക്കുന്ന സമയം: 40 മിനുട്ട്
ആവശ്യമായ ചേരുവകൾ
- ചെറുപയര്‍ -1 കപ്പ്
- ബസ്മതി അരി – 1 കപ്പ്
- നെയ്യ് – 3 ടീസ്പൂണ്‍
- കശുവണ്ടി – ¼ കപ്പ്
- ഉണക്കമുന്തിരി – ¼ കപ്പ്
- ഏലയ്ക്ക – 5
- ഗ്രാമ്പൂ – 5
- കറുവപ്പട്ട – 1 ചെറിയ കഷണം
- ഉള്ളി – 2 വലിയ
- തൈര് – ¼ കപ്പ്
- മഞ്ഞള്‍ പൊടി – ½ ടീസ്പൂണ്‍
- പെരുംജീരകം പൊടി – 1 ½ ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – 2 കപ്പ്
- തേങ്ങാപ്പാല്‍ – 1 കപ്പ്
- മല്ലിയിലയും പുതിനയിലയും അരിഞ്ഞത് – ഒരുപിടി
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് ചെറുപയര്‍ എടുത്ത് രാത്രി മുഴുവന്‍ കുതിര്‍ത്തുവയ്ക്കുക. ബസ്മതി അരി പാകം ചെയ്യുന്നതിനുമുമ്പ് കുറഞ്ഞത് 30 മിനിറ്റെങ്കിലും കുതിര്‍ക്കുക. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കുക കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക. അതേ പാത്രത്തില്‍ കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ വറുത്തു കോരുക. ഉള്ളി, പച്ചമുളക്, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. മഞ്ഞള്‍പ്പൊടിയും പെരുംജീരകപ്പൊടിയും ചേര്‍ക്കുക.
ഇതിന്റെ മണം മാറാന്‍ തുടങ്ങുമ്പോള്‍ തക്കാളിയും തൈരും ഇതിലേക്ക് ചേര്‍ത്ത് നന്നായി കൂട്ടികലര്‍ത്തുക. തൈരില്‍ നിന്നുള്ള വെള്ളം കുറയുന്നത് വരെ വേവിക്കുക. ഇനി ഇതിലേക്ക് അരിഞ്ഞ പുതിനയിലയും മല്ലിയിലയും കൂടി ചേര്‍ക്കുക. ഇവ പ്രഷര്‍ കുക്കറിലേക്ക് മാറ്റി 2 കപ്പ് വെള്ളവും ഒരു കപ്പ് തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം പെട്ടെന്ന് തിളച്ചുവരുമ്പോള്‍ കുതിര്‍ത്ത ചെറുപയറും അരിയും ചേര്‍ക്കുക. വിസില്‍ ഇല്ലാതെ അടപ്പ് അടയ്ക്കുക.
നോസിലില്‍ നിന്ന് ആവി വരാന്‍ തുടങ്ങുമ്പോള്‍ മാത്രം വിസില്‍ ഇടുക. ഇത് ചെറിയ തീയില്‍ എട്ട് മിനിറ്റ് നേരം വേവിക്കുക. പ്രഷര്‍ പൂര്‍ണ്ണമായും പോയതിനു ശേഷം മാത്രം കുക്കര്‍ തുറക്കുക. അവസാനമായി വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും കൊണ്ട് ചെറുപയര്‍ ബിരിയാണി അലങ്കരിക്കുക.