സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ചൂട് കൂടിയതോടെ പലവിധ അസുഖങ്ങളും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. വേനൽക്കാല രോഗങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും നിർദേശം നൽകിയിട്ടുണ്ട്.
ചൂടുകാലത്ത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് ചൂടുകുരു. ശരീരത്തിലെ ചിലഭാഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ അടയുകയും വിയർപ്പ് പുറത്ത് പോകാതിരിക്കുകയും ചെയ്യുമ്പോഴാണ് ചൂടു കുരു ഉണ്ടാകുന്നത്. പലരിലും പല രീതിയിലാണ് ചൂടുകുരു പ്രത്യക്ഷപ്പെടുക. ചിലർക്ക് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ചൂടുകുരു മാറാം, ചിലർക്ക് വലിയ രീതിയിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം.
മിക്കവരിലും ചികിത്സയില്ലാതെ തന്നെ ദിവസങ്ങൾക്കുള്ളിൽ ചൂടുകുരു മാറാറുണ്ട്. എന്നാൽ സഹിക്കാനാവാത്ത ചൊറിച്ചിലോ വേദനയോ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
ചൂട് കുരു ശമിപ്പിക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന കാര്യങ്ങൾ
- ചൂടുകുരുവുള്ള ഭാഗത്ത് ഐസ് പാക്കോ,അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ മുക്കിയ തുണിയോ ഉപയോഗിച്ച് പതുക്കെ തുടക്കുന്നത് ചൊറിച്ചിൽ കുറക്കാൻ സഹായിക്കും.
- തണുത്തതോ ചെറുചൂടുള്ളതോ ആയ വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിന്റെ താപനില കുറയ്ക്കാനും ചൊറിച്ചിൽ ശമിപ്പിക്കാനും സഹായിക്കും. അടഞ്ഞുകിടക്കുന്ന വിയർപ്പ് ഗ്രന്ഥികളിലെ തടസ്സം നീക്കാനും സുഷിരങ്ങൾ തുറന്ന് വരാനും ഇത് സഹായിച്ചേക്കും.
- അയഞ്ഞ, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ശരീരത്തിന് ചുറ്റും വായു സഞ്ചാരം ലഭിക്കാൻ ഇത് സഹായിക്കുന്നു. സിന്തറ്റിക് വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കുക.
- കട്ടിയുള്ള ലോഷനുകളുടെയും ക്രീമുകളുടെയും ഉപയോഗം പരമാവധി കുറക്കുക. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടക്കാൻ ഇടയാക്കും.
- വെയിൽ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കാം.
- ശരീരം വൃത്തിയായി സൂക്ഷിക്കുക. വിയർപ്പ് അധികനേരം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.
ചൂടുകുരു ശമിക്കാൻ ചില ആയുർവേദ പൊടിക്കൈകളും പരീക്ഷിക്കാവുന്നതാണ്
- കറ്റാർ വാഴ ജെൽ ചൂടുകുരുവുള്ള ഭാഗത്ത് പുരട്ടുന്നത് ചൊറിച്ചിൽ ശമിപ്പിക്കാൻ സഹായിക്കും.
- ചന്ദനം അരച്ച് വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിൽ പുരട്ടുന്നതും ചൂടുകുരുവിന് ആശ്വാസം നൽകും.ആര്യവേപ്പില തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് ചൂടുകുരു കുറക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കാം
ചൂടുകുരുവിൽ നിന്ന് പഴുപ്പ് വരിക,സഹിക്കാനാകാത്ത വേദന തുടങ്ങിയ കാര്യങ്ങൾ അനുഭവപ്പെട്ടാൽ ചർമരോഗ വിദഗ്ധനെ കാണാൻ മറക്കരുത്. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ പുരട്ടുന്നത് ചൂടുകുരു ശമിപ്പിക്കാൻ സഹായിക്കും.