ഡല്‍ഹി: കോണ്‍ഗ്രസ് പ്രകടനപത്രികയെ മുസ്‌ലിം ലീഗിന്റെ പ്രകടനപത്രികയുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി. ഏപ്രില്‍ 6 ന് രാജസ്ഥാനിലെ അജ്മീറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് പ്രകടന പത്രികയെ ‘നുണകളുടെ കെട്ടുകള്‍’ എന്നും രേഖയുടെ ഓരോ പേജും ‘ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമാണ്’ എന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ പ്രകോപിതരാക്കിയത്.
സൽമാൻ ഖുർഷിദ്, മുകുൾ വാസ്‌നിക്, പവൻഖേര, ഗുരുദീപ് സിങ് സപ്പൽ എന്നിവർ ഉൾപ്പെട്ട കോൺഗ്രസ് നേതാക്കളുടെ സംഘമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സന്ദർശിച്ച് പരാതി നൽകിയത്.
എല്ലാ പാര്‍ട്ടികള്‍ക്കും സമത്വം ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രകടമാക്കേണ്ട സമയാണിതെന്ന് പരാതി നൽകിയ കാര്യം പങ്കുവെച്ചുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.
”കമ്മിഷന്‍ അതിന്റെ ഭരണഘടനാപരമായ ചുമതല ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. തങ്ങളുടെ ഭാഗത്ത്, ഈ ഭരണത്തെ തുറന്നുകാട്ടാന്‍ രാഷ്ട്രീയവും നിയമപരവുമായ എല്ലാ വഴികളും ഞങ്ങള്‍ ഇനിയും പിന്തുടരും,” ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.
‘സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യക്കാര്‍ക്കെതിരെ ബ്രിട്ടീഷുകാരെയും മുസ്‌ലിം ലീഗിനെയും പിന്തുണച്ചത് ബി.ജെ.പിയുടെ ആദര്‍ശവാദികളായ പൂര്‍വ്വികരാണെന്ന്’ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
മോദി-ഷായും ഇന്ന് കോണ്‍ഗ്രസ് മാനിഫെസ്റ്റോയെ കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണ്. മോദിയുടെ പ്രസംഗങ്ങളില്‍ ആര്‍.എസ്.എസിന്റെ ദുര്‍ഗന്ധമുണ്ട്, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഗ്രാഫ് അനുദിനം താഴുന്നതിനാല്‍ ആര്‍.എസ്.എസ് തങ്ങളുടെ ഉറ്റ സുഹൃത്തായ മുസ്‌ലിം ലീഗിനെ ഓര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗാര്‍ഖെ കൂട്ടിച്ചേര്‍ത്തു.