കൊച്ചി: കരുവന്നൂർ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിനേയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനേയും എട്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു. തൃശ്ശൂരിൽ സിപിഎമ്മിന് വിവിധ സഹകരണ ബാങ്കുകളിലുള്ള അക്കൗണ്ടുകളെക്കുറിച്ചും ആസ്തി വിവരങ്ങളിലുമായിരുന്നു ചോദ്യം ചെയ്യൽ. ആസ്തി വിവരങ്ങൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം എം വർഗീസ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യലിനായി എം എം വർഗീസിനോട് ഈ മാസം 22 ന് ഹാജരാകാനും പി കെ ബിജുവിനോട് അടുത്ത വ്യാഴ്ച ഹാജരാകാനും ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്.
കരുവന്നൂരിൽ സിപിഎം പുറത്തശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ പേരിൽ 5 രഹസ്യ അക്കൗണ്ട് ഉണ്ടെന്നും ക്രമക്കേട് നടന്ന കാലയളവിൽ ഇതിലൂടെ 78 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നെന്നുമാണ് ഇഡി കണ്ടെത്തിയത്. ഈ അക്കൗണ്ടുകൾ മരവിപ്പിച്ച ഇഡി വിവരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും നൽകിയിട്ടുണ്ട്. എന്നാൽ, കരുവന്നൂർ ബാങ്കിൽ സിപിഎം ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നാണ് എം എം വർഗീസ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിയുടെ സ്വത്ത് വിവരങ്ങളൊന്നും മറച്ച് വെച്ചിട്ടില്ലെന്നും ഇഡിയെ ഭയക്കുന്നില്ലെന്നും വർഗീസ് കൊച്ചിയിൽ പറഞ്ഞു.