തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസിക്ക് എതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയ രാജീവ് ചന്ദ്രശേഖർ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ഇലക്ഷൻ വിഭാഗം കൺവീനർ എം.കെ റഹ്‌മാൻ കമ്മീഷന് പരാതി നൽകി.
രാജീവ് ചന്ദ്രശേഖർ പരാതി നൽകിയത് കേന്ദ്രമന്ത്രിയുടെ ലെറ്റർ ഹെഡ്ഡിലാണ്. അദ്ദേഹം താൻ കേന്ദ്രമന്ത്രിയാണെന്ന് അതിൽ പറയുന്നു. തന്റെ ഭരണപരമായ പദവി തിരഞ്ഞെടുപ്പ് ലക്ഷ്യം കൈവരിക്കാൻ ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ഇതിനെതിരെ നടപടി വേണമെന്നും കെപിസിസിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖർ ഇലക്ഷൻ കമ്മീഷന് നൽകിയ പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എം.കെ റഹ്മാൻ വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖറിനെതിരെ എൽഡിഎഫും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് പരാതി. ജുപ്പീറ്റർ ക്യാപിറ്റൽ ഉൾപ്പെടെ കമ്പനികളുടെ ആസ്തികൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് പരാതിയിൽ പറയുന്നു. വ്യാജ സത്യവാങ്മൂലത്തിനെതിരെ നടപടി വേണമെന്ന് പരാതിയിൽ എൽഡിഎഫ് ആവശ്യപ്പെട്ടു.
സ്വത്തുവിവരങ്ങൾ നൽകിയതിൽ കൃത്യതയില്ലെന്ന് എൽഡിഎഫ് ആരോപിച്ചു. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുള്ള എം വിജയകുമറാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ ഉൾപ്പെടെയുള്ള ലംഘനമാണ് രാജീവ് ചന്ദ്രശേഖർ നടത്തിയിരിക്കുന്നത് എന്ന് പരാതിയിൽ പറയുന്നു. എൽഡിഎഫ് പരാതി തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിച്ചുവരികയാണ്. വിഷയത്തിൽ രാജീവ് ചന്ദ്രശേഖർ പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല.