വേനല്‍ച്ചൂടിനെ വെല്ലാന്‍ ഒരു അടിപൊളി ബനാന മില്‍ക്ക് ഷെയ്ക്ക്

പലതരത്തിലുള്ള ജ്യൂസുകളും ഷെയ്ക്കുകളും ഒക്കെ പരീക്ഷിക്കാന്‍ പറ്റിയ കാലം കൂടിയാണ് വേനല്‍ക്കാലം. ദാഹിച്ച് വലഞ്ഞിരിക്കുമ്പോള്‍ ഒരു ഗ്ലാസ് ഷെയ്‌ക്കോ ജ്യൂസോ കുടിച്ചാല്‍ വിശപ്പും ദാഹവും പമ്പ കടക്കും. ഒരു അടിപൊളി ബനാന മില്‍ക്ക് ഷേയ്ക്ക് റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • പഴുത്ത പഴം- രണ്ടെണ്ണം
  • കശുവണ്ടി – 20 (വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചത്)
  • ഈന്തപ്പഴം – നാലെണ്ണം കുരു കളഞ്ഞത്
  • ഏലയ്ക്കാപ്പൊടി അല്ലെങ്കില്‍ കറുവപ്പട്ട പൊടി – കാല്‍ ടീസ്പൂണ്‍
  • വാനില എസ്സെന്‍സ് – 1 ടീസ്പൂണ്‍
  • തണുത്ത പാല്‍ – ഒന്നരക്കപ്പ്

തയ്യാറാക്കുന്ന വിധം

മിക്‌സിയുടെ ജാറിലേയ്ക്ക് വെള്ളത്തില്‍ കുതിര്‍ത്ത കശുവണ്ടി, പഴം, ഈന്തപ്പഴം, വാനില എസ്സെന്‍സ്, ഏലയ്ക്ക അല്ലെങ്കില്‍ കറുവപ്പട്ട പൊടി, തണുപ്പിച്ചതോ ഐസ് ആക്കിയതോ ആയ പാല്‍ എന്നിവ ചേര്‍ത്ത് എല്ലാം നല്ലവണ്ണം അരയുന്ന വിധത്തില്‍ ബ്ലെന്‍ഡ് ചെയ്ത് എടുക്കുക. ബനാന മില്‍ക്ക് ഷെയ്ക്ക് തയ്യാര്‍. ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ രീതിയിലാണ് ഇവിടെ ബനാന മില്‍ക്ക് ഷെയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്. പഞ്ചസാരയ്ക്ക് പകരമാണ് ഈന്തപ്പഴം ഉപയോഗിച്ചിരിക്കുന്നത്. പഞ്ചസാര വേണമെന്നുള്ളവര്‍ക്ക് അത് ചേര്‍ക്കാം. മാത്രമല്ല ഈന്തപ്പഴം ചേര്‍ക്കുന്നതിലൂടെ ഷെയ്ക്കിന്റെ നിറവും ചോക്ലേറ്റ് നിറമാകും. കശുവണ്ടി കുതിര്‍ത്ത് ചേര്‍ക്കുന്നതിന് പകരം ഫ്രഷ് ക്രീമോ ഐസ്‌ക്രീമോ ഉപയോഗിക്കാം.