വിഷു പടക്കം പൊട്ടിയാൽ കറൻസി നോട്ടുകൾ വിരിയും

തൃശ്ശൂർ: ഡാൻസിങ് അമ്പ്രല്ല, മ്യൂസിക്കൽ ടോർച്ച്, ബട്ടർഫ്ലൈ കിറ്റ് കാറ്റ് അങ്ങനെ പലതരത്തിൽ ആയി വിഷു വിപണി കീഴടക്കാൻ എത്തിയ സാക്ഷാൽ പടക്കങ്ങളാണ് ഇവയെല്ലാം. പേരിലെ കൗതുകം മാത്രമല്ല സംഭവം അടിപൊളി വൈബ് ആണ്. വിഷു മിന്നിക്കാൻ ശിവകാശിയിൽ നിന്ന് പുതിയ നമ്പറുകളാണ് ഇത്തവണ ഇറക്കിയിരിക്കുന്നത്.

ഡാൻസിങ് അമ്പ്രല്ല തിരികൊളുത്തി കയ്യിൽ പിടിച്ചാൽ വട്ടത്തിൽ കറങ്ങി നൃത്തം ചെയ്യും. നീല, വെള്ള,പച്ച, മഞ്ഞ സ്വർണ്ണ നിറങ്ങളിൽ ലഭ്യമാണ്. മയിൽപീലി വിടർത്തിയാടുന്ന പോലെ വലിയ പൂത്തിരി ആണ് പീകോക്ക് ഫെദർ. ഇതും പല നിറങ്ങളിൽ ലഭ്യമാണ്.

തിരികൊളുത്തിയാൽ ചെറിയ പൂമ്പാറ്റകൾ പോലെ പല നിറങ്ങളിൽ പൊട്ടിത്തെറിച്ച് പറന്നു നടക്കുന്ന ബട്ടർഫ്ലൈ, ആകാശത്ത് ശബ്ദത്തോടെ പറക്കുന്ന ഹെലികോപ്റ്റർ, സ്രാവിന്റെ ആകൃതിയിലുള്ള ഷാർക്ക് എന്നിവയൊക്കെ കയ്യിൽ പിടിച്ചു പൊട്ടിക്കാവുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

ചെറിയ ശബ്ദവും മനോഹരമായ പലപർണങ്ങളും ആണ് ഇവയുടെ പ്രത്യേകത. പേപ്പർ ബോംബ് പൊട്ടിത്തെറിക്കുമ്പോൾ പല വർണ്ണങ്ങളിൽ ഉള്ള കടലാസ് ചീളുകൾ പൊട്ടി വിടരും. ബ്ലാക്ക് മണി പൊട്ടിയാൽ കറൻസി നോട്ടുകൾ വീട്ടുമുറ്റത്ത് നിറയും. ക്രിക്കറ്റ് ബാറ്റിന്റെ രൂപത്തിലും ഉണ്ട് വലിയ പടക്കം.

ഒരുമിച്ചു പൊട്ടി വിരിയുന്ന സെലിബ്രേഷൻ മൊമെന്റും മേശപ്പൂവും പൂത്തിരി കമ്പിത്തിരി ലാത്തിരികളും ചേർന്നു വീട്ടുമുറ്റങ്ങളിൽ ഒരു മിനി വെടിക്കെട്ട് തീർക്കാനുള്ള ചേരുവകൾ ഉണ്ട് പടക്ക വിപണിയിൽ.