ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗം അധികവും രൂക്ഷമാകുക. തെരഞ്ഞെടുപ്പ് കാലം അടുത്തിരിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യജ്ഞയ് മൊഹപാത്ര വ്യക്തമാക്കി. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ ഇതുവരെ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഝാർഖണ്ഡില്‍ തെരഞ്ഞെടുപ്പായതിനാല്‍ താപനിലയില്‍ നിന്നും ആഘാതം ഏല്‍ക്കാതിരിക്കാൻ മുന്നൊരുക്കങ്ങള്‍ നടപ്പിലാക്കി വരികയാണ്. വോട്ടിംഗ് സമയം വർധിപ്പിക്കുക, തണല്‍ ഒരുക്കുന്നതിനുള്ള താല്കാലിക സംവിധാനങ്ങള്‍ ഒരുക്കുക, ദാഹശമനികള്‍ ലഭ്യമാക്കുക, ആംബുലൻസ് ഉള്‍പ്പെടെയുള്ള വൈദ്യസഹായം ഉറപ്പുവരുത്തുക എന്നിവയാണ് സജ്ജമാക്കുന്നത്.