കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ഡി.വൈ.എഫ്.ഐ കുന്നോത്ത്പറമ്പ് യൂനിറ്റ് സെക്രട്ടറി ഷിജാലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബോംബ് നിര്‍മാണത്തില്‍ പ്രധാന സൂത്രധാരനാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഷിജാലിനൊപ്പം മറ്റൊരു പ്രതിയായ അക്ഷയ്‍യും പിടിയിലായിട്ടുണ്ട്. ഉദുമൽപേട്ടയിൽനിന്നാണ് പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
പാനൂർ സ്ഫോടനത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകന് സംരക്ഷണം തീർത്ത് സിപിഐഎം രംഗത്തുവന്നിരുന്നു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ബാബു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ആളെന്ന് എം.വി ഗോവിന്ദൻ ന്യായീകരിച്ചു. പാനൂർ സ്ഫോടനക്കേസിൽ സിപിഐഎമ്മിനെതിരെ നടക്കുന്ന പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധത്തിലുള്ളതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാനൂർ സ്ഫോടന കേസിൽ സിപിഐഎമ്മിനെതിരെ നടക്കുന്നത് കള്ള പ്രചാരവേല, കേരളത്തിൽ ഇനി പാർട്ടി സംഘർഷാവസ്ഥ ഉണ്ടാക്കില്ല.
കൊലപാതത്തെ ഇനി കൊലപാതം കൊണ്ട് നേരിടില്ലെന്ന് പാർട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്, ദുർബലരാണ് തിരിച്ചടിക്കുക, ബലവാന്മാർ ക്ഷമിക്കുകയാണ് ചെയ്യുക. സ്ഫോടനത്തിൽ പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകനാണ്. അതിൻ്റെ ഭാഗമായാണ് ഇയാൾ അപകടസ്ഥലത്ത് എത്തിയത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതാണ്. ഇക്കാര്യംപരിശോധിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് സ്ഫോടനം പാനൂരിൽ സ്ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. സംഭവത്തിൽ ഷെറിൽ എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പാനൂർ മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്റവിട കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കൈപ്പത്തി തകർന്ന വിനീഷ് വലിയപറമ്പത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. വിനീഷും മരിച്ച ഷെറിനും സി.പി.എം പ്രവർത്തകരാണ്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തിൽവെച്ചാണ് സ്ഫോടനമുണ്ടായത്.
സംഭവത്തിൽ അറസ്റ്റിലായ അമൽ ബാബുവും ഡി.വൈ.എഫ്.ഐ ഭാരവാഹിയാണ്. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.