ന്യൂഡൽഹി: ലിക്കര്‍ മാഗ്നേറ്റും റാഡിക്കോ ഖൈത്താൻ കമ്പനി ചെയര്‍മാനുമായ ലളിത് ഖൈത്താൻ ഇന്ത്യയിലെ ഏറ്റവും പുതിയ ശതകോടീശ്വരന്മാരാടെ പട്ടികയിൽ ഇടം പിടിച്ചു. ഫോർബ്സ് റിപ്പോര്‍ട്ട് അനുനുസരിച്ച്, 80-കാരനായ ലളിത് ഖൈത്താൻ, അടുത്തിടെ ഇന്ത്യയിലെ ഏറ്റവും പുതിയ കോടീശ്വരൻ എന്ന അഭിമാനകരമായ പദവി നേടി. ഈ വർഷം അദ്ദേഹത്തിൻ്റെ പൊതുവിൽ ട്രേഡ് ചെയ്ത കമ്പനിയുടെ ഓഹരികളിൽ 50 ശതമാനത്തിലധികം അസാധാരണമായ കുതിച്ചുചാട്ടം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് ഈ അംഗീകാരം വരുന്നത്, ഇത് അദ്ദേഹത്തിൻ്റെ ഏകദേശ ആസ്തി 1 ബില്യൺ ഡോളറായി ഉയർത്തി.
മാജിക് മൊമെൻ്റ്‌സ് വോഡ്ക, 8 PM വിസ്‌കി, ഓൾഡ് അഡ്മിറൽ ബ്രാണ്ടി, രാംപൂർ സിംഗിൾ മാൾട്ട് എന്നിവയുൾപ്പെടെ നിരവധി ലഹരിപാനീയങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ട റാഡിക്കോ ഖൈത്താൻ, കമ്പനിയിലെ ഖൈത്താൻ്റെ 40 ശതമാനം ഉടമസ്ഥതയിലുള്ള ഓഹരികളോടാണ് അതിൻ്റെ സമീപകാല വിജയത്തിന് കടപ്പെട്ടിരിക്കുന്നത്.
1943-ൽ റാംപൂർ ഡിസ്റ്റിലറി ആൻഡ് കെമിക്കൽ കമ്പനി എന്ന പേരിൽ സ്ഥാപിതമായ ഈ കമ്പനി ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിൻ്റെ (IMFL) ഏറ്റവും പഴയതും വലുതുമായ നിർമ്മാതാക്കളിൽ ഒന്നാണ്. 1970-ൽ ലളിതിൻ്റെ പരേതനായ പിതാവ് ജിഎൻ ഖൈതാൻ കമ്പനി ഏറ്റെടുക്കുകയും പിന്നീട് ലളിത് ഖൈത്താൻ ചുമതലയേൽക്കുകയും കമ്പനിയെ റാഡിക്കോ ഖൈത്താൻ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. നിലവിൽ ലളിതിൻ്റെ മകൻ അഭിഷേക് ഖൈത്താനാണ് കമ്പനിയുടെ തലവൻ.
വിദ്യാഭ്യാസവും പാരമ്പര്യവും
മയോ കോളേജ്, സെൻ്റ് സേവ്യേഴ്‌സ് കോളേജ്, ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തുടങ്ങിയ വിഖ്യാത സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടിയ ലളിത് ഖൈതാൻ്റെ ബില്യൺ ഡോളർ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ യുഎസിലെ ഹാർവാർഡിൽ മാനേജ്‌മെൻ്റ് ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് കോഴ്‌സും ഉൾപ്പെടുന്നു.
ലളിത് ഖൈത്താൻ്റെ യാത്ര
മാര്‍വാഡി കുടുംബത്തിലായിരുന്നു ലളിത് ഖൈത്താന്റെ ജനനം. അജ്മീറിലെ മയോ കോളേജിലും കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്സ് കോളേജിലുമാണ് പഠനം പൂര്‍ത്തീകരിച്ചത്. ബാംഗ്ലൂരിലെ ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ഹാര്‍വാര്‍ഡില്‍ മാനേജീരിയല്‍ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ് കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
തന്റെ പിതാവ് രാംപുര്‍ ഡിസ്റ്റിലറി ഏറ്റെടുക്കുന്നതുവരെ പൂര്‍ണ മദ്യവിരോധിയായിരുന്നു അദ്ദേഹം. പിന്നീട് ബിസ്സിനസ്സിലേക്ക് ഇറങ്ങിയ ഖൈത്താൻ കമ്പനിയെ ലാഭത്തിലേക്ക് നയിച്ചു. മദ്യവ്യവസായമാണ് തന്റെ മേഖലയെന്ന് ഒമ്പതാം ക്ലാസ്സ് മുതല്‍ ഞാന്‍ തീരുമാനിച്ചിരുന്നു, അന്നുമുതല്‍ അത്തരമൊരു കാഴ്ചപ്പാടിലാണ് ഞാന്‍ പഠിച്ചതും വളര്‍ന്നതുമെന്ന് ഒരിക്കല്‍ ലളിത് ഖൈത്താൻ അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മദ്യവ്യവസായമെന്ന ചിന്ത മനസ്സില്‍ വന്നകാലത്ത് വെറും അഞ്ച് കോടി രൂപയായിരുന്നു റാഡിക്കോ ഖൈത്താന്റെ മൂലധനമെങ്കില്‍ ഇന്നത് 5000 കോടി ആയി വളര്‍ന്നുവെന്നും 2020ല്‍ നല്‍കിയ അഭിമുഖത്തില്‍ ലളിത് കൂട്ടിച്ചേര്‍ക്കുന്നു.
വിദേശത്ത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം രഹസ്യമായുളളവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ റാഡിക്കോ ഖൈത്താൻ കമ്പനിയുടെ ഉടമകളായ ലളിത് ഖൈത്താൻ, അഭിഷേക് ഖൈത്താൻ എന്നിവരുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അതിസമ്പന്നര്‍ക്കും കമ്പനികള്‍ക്കും മറ്റുമായി വിദേശത്ത്, പ്രത്യേകിച്ച് നികുതിയില്ലാത്ത ഇടങ്ങളില്‍ ഷെൽ കമ്പനികളും ട്രസ്റ്റുകളും ഫൗണ്ടേഷനുകളും സ്ഥാപിച്ച് കള്ളപ്പണം സൂക്ഷിക്കുന്നുവെന്നായിരുന്നു ആരോപണം. 90 രാജ്യങ്ങളിലെ 330 രാഷ്ട്രീയക്കാര്‍, ഫോബ്സ് പട്ടികയിലുള്ള 130 കോടീശ്വരര്‍, രാജകുടുംബാംഗങ്ങള്‍, സെലിബ്രിറ്റികള്‍, മതനേതാക്കള്‍, ലഹരി ഇടപാടുകാര്‍ എന്നിവരായിരുന്നു പന്‍ഡോറ പേപ്പേഴ്‌സ് എന്ന പേരില്‍ പുറത്ത് വന്ന പട്ടികയിലുണ്ടായിരുന്നത്.
റാഡിക്കോ ഖൈത്താൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ മദ്യനിര്‍മാണ വിതരണ കമ്പനിയാണ്. ഇന്‍ഡസ്ട്രിയല്‍ ആല്‍ക്കഹോളിന് പുറമേ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും പ്രാദേശിക മദ്യ ഉത്പന്നങ്ങളും കാര്‍ഷികാവശ്യത്തിനുള്ള വളങ്ങളും റാഡിക്കോ വില്‍പനയ്‌ക്കെത്തിക്കുന്നുണ്ട്. അമേരിക്ക, കാനഡ,തെക്കേ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ ഉള്‍പ്പെടെ 85 രാജ്യങ്ങളിലാണ് റാഡിക്കോ ഖൈത്താന് മാര്‍ക്കറ്റുള്ളത്.