ചെന്നൈ: ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. 7 വിക്കറ്റിനാണ് ചെന്നൈയുടെ ജയം. 138 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 17.4 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയതീരമണഞ്ഞു. 67 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ വിജയശില്പി. സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ആദ്യ പരാജയമാണിത്. ആറുപോയന്റുമായി ചെന്നൈ പോയന്റ് പട്ടികയിൽ നാലാംസ്ഥാനത്തേക്ക് കയറിയപ്പോൾ ആദ്യ തോൽവി നേരിട്ട കൊൽക്കത്ത 6 പോയന്റുമായി രണ്ടാംസ്ഥാനത്ത് തുടരുന്നു.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ചെന്നൈയുടെ തീരുമാനം ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ തുഷാർ ദേശ് പാണ്ഡെ ശരിവെച്ചു. ആദ്യപന്തിൽ തന്നെ ഓപ്പണർ ഫിലിപ് സാൾട്ട് പുറത്ത്. തൊട്ടപിന്നാലെ ഉഗ്രൻ ഫോമിലുള്ള സുനിൽ നരൈനും അങ്കിഷ് രഘുവംശിയും അടിച്ചുതുടങ്ങിയതോടെ ചെന്നൈ ഭേദപ്പെട്ട സ്കോർ ഉയർത്തുമെന്ന് തോന്നിച്ചു. എന്നാൽ ഇരുവരെയും ഒരു ഓവറിൽ പുറത്താക്കി രവീന്ദ്ര ജദേജ മത്സരത്തിലേക്ക് ചെന്നൈയെ തിരികെക്കൊണ്ടുവന്നു. 32 പന്തിൽ നിന്നും 34 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യറാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. സുനിൽ നരൈൻ (20 പന്തിൽ 27), അങ്കിഷ് രഘുവംശി (18 പന്തിൽ 24) എന്നിവരും പൊരുതി നോക്കി. വെങ്കടേഷ് അയ്യർ (3), രമൺദീപ് സിങ് (13), റിങ്കു സിങ് (9), ആന്ദ്രേ റസൽ (10) എന്നിവരൊന്നും കാര്യമായ സംഭാവനകളില്ലാതെ മടങ്ങുകയായിരുന്നു.
3 വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജദേജ, തുഷാർ ദേശ് പാണ്ഡെ, രണ്ട് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുർ റഹ്മാൻ എന്നിവർ ചേർന്നാണ് കൊൽക്കത്ത ബാറ്റിങ്ങിനെ വരിഞ്ഞുമുറുക്കിയത്.
മറുപടി ബാറ്റിംഗിൽ ചെന്നൈ നന്നായി തുടങ്ങി. 58 പന്തുകളില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 67 റണ്‍സോടെ പുറത്താകാതെ നിന്ന ഋതുരാജാണ് ടീമിന്റെ ടോപ് സ്‌കോറര്‍. എട്ടു പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 15 റണ്‍സെടുത്ത ഓപ്പണര്‍ രചിന്‍ രവീന്ദ്ര പുറത്തായ ശേഷമെത്തിയ ഡാരില്‍ മിച്ചല്‍, ക്യാപ്റ്റന്‍ ഉറച്ച പിന്തുണ നല്‍കി. 19 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത മിച്ചല്‍, ഋതുരാജിനൊപ്പം 70 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി.
മിച്ചല്‍ പുറത്തായ ശേഷമെത്തിയ ശിവം ദുബെ 18 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 28 റണ്‍സെടുത്തു. ധോനി ഒരു റണ്ണുമായി പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറ രണ്ടു വിക്കറ്റ് വീഴ്ത്തി.