കേന്ദ്ര സര്‍ക്കാരിന്റെ വൈരാഗ്യം നിറഞ്ഞ സമീപനമാണ് കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ വിതരണത്തെ വരെ ബാധിച്ചതെന്ന സത്യം ജനങ്ങളില്‍ നിന്ന് മറച്ചു വെക്കാനാണ് പ്രതിപക്ഷ നേതാവുള്‍പ്പെടെ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അവഗണനക്കെതിരായ പോരാട്ടത്തില്‍ യുഡിഎഫ് കേരളത്തെ വഞ്ചിക്കുകയാണ്. ബിജെപിയുടെ പകയും കോണ്‍ഗ്രസ്സിന്റെ ചതിയും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് ഇന്ന് കേരളം നേരിടുന്നത്. രണ്ടിനെയും അതിജീവിച്ചാണ് നമുക്ക് മുന്നോട്ടു പോകേണ്ടത്. അതില്‍ സംശയമൊന്നും വേണ്ട, നമ്മള്‍ മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്താകെ എല്‍ഡിഎഫിന് അനുകൂലമായ തരംഗമാണ്. കേരള വിരുദ്ധ സമീപനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ബിജെപിയും കോണ്‍ഗ്രസും യുഡിഎഫും സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ കേരള ദ്രോഹത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത യുഡിഎഫ് ഈ തെരഞ്ഞെടുപ്പ് ഘട്ടത്തിലും സംസ്ഥാനത്തിനെതിരെ നുണകള്‍ പ്രചരിപ്പിച്ച് ബിജെപിയെ സഹായിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും നല്ലരീതിയില്‍ നടക്കുന്നതാണ് ക്ഷേമപെന്‍ഷന്‍ വിതരണം. 45 രൂപ കര്‍ഷക തൊഴിലാളി ക്ഷേമപെന്‍ഷന്‍ നല്‍കി ആരംഭിച്ച സംവിധാനമാണ് ഇന്ന് ഈ നിലയില്‍ എത്തിയത്. ഇന്ന് ഇത് 1600 രൂപയായി. എന്തിനാണ് ഇത്ര അധികം പേര്‍ക്ക്, ഇത്രയധികം തുക പെന്‍ഷന്‍ കൊടുക്കുന്നത് എന്നാണ് കേന്ദ്ര ധനമന്ത്രി പരസ്യമായി തന്നെ ചോദിച്ചത്.
അവരുടെ സാമ്പത്തിക നയമല്ല എല്‍ഡിഎഫ് ഇവിടെ നടപ്പാക്കുന്നത്. അവരുടെ സാമ്പത്തിക നയം അവരുടേത് മാത്രമല്ല കോണ്‍ഗ്രസിന്റെത് കൂടിയാണ്. കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണ്. ആ സാമ്പത്തിക നയം കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതും സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുന്നതും പാവപ്പെട്ടവരെ കൂടുതല്‍ പാപ്പരീകരിക്കുന്നതും ആണ്. ബദല്‍ നയത്തിലൂടെ ദാരിദ്ര്യം ഏറെകുറഞ്ഞ ഇന്ത്യയിലെ സംസ്ഥാനമാണ് കേരളം. 1600 എന്ന പെന്‍ഷന്‍ തുകയും വര്‍ദ്ധിപ്പിക്കണമെന്നാണ് എല്‍ഡിഎഫ് കാണുന്നത്.
സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം കൃത്യമായി നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നയം. മുന്‍കാലങ്ങളില്‍ ഓണം, ക്രിസ്തുമസ്, വിഷു എന്നിങ്ങനെ ഉത്സവകാലങ്ങളില്‍ മാത്രമായിരുന്നു പെന്‍ഷന്‍ വിതരണം. അതാത് മാസത്തെ പെന്‍ഷന്‍ എല്ലാ മാസവും 20-ാം തീയതി മുതല്‍ വിതരണം ചെയ്യാന്‍ 2016-ല്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ തീരുമാനിച്ചു. 2020 സെപ്തംബര്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തി. മാസാമാസം തന്നെ പെന്‍ഷന്‍ നല്‍കിത്തുടങ്ങി. അപൂര്‍വ്വം ചില സാഹചര്യങ്ങളില്‍മാത്രമാണ് 2 മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് നല്കിയിട്ടുള്ളത്.
നിലവിലെ ചില അസാധാരണ സാഹചര്യങ്ങളാലാണ് ഏതാനും മാസത്തെ പെന്‍ഷന്‍ വിതരണം വൈകിയത്. എന്നിട്ടും കഴിയുന്നത്ര മാസങ്ങളിലെ പെന്‍ഷന്‍ ലഭ്യമാക്കാനായിട്ടുണ്ട്. ഇപ്പോള്‍ രണ്ടു ഗഡുവാണ് വിതരണം ആരംഭിച്ചത്. ഓരോരുത്തര്‍ക്കും 3200 രൂപവീതം. കഴിഞ്ഞമാസം അനുവദിച്ച ഒരു ഗഡു വിതരണം പൂര്‍ത്തിയായിട്ടുണ്ട്. ഇതോടെ വിവിധ ജനവിഭാഗങ്ങളുടെ ആഘോഷക്കാലത്ത് 4800 രൂപവീതം അവശരുടെയും അശരണരുടെയും കൈകളിലെത്തുകയാണ്. അതിനെ വിലകുറച്ചു കാണിക്കാനും കേന്ദ്ര സമീപനത്തെ ന്യായീകരിക്കാനുമാണ് പ്രതിപക്ഷം തയാറാകുന്നത്.
ഈ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയുടെ കുറവുണ്ടായി. റവന്യു കമ്മി ഗ്രാന്റില്‍ 8400 കോടി രൂപ കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതു മൂലമുള്ള കുറവ് 12,000 കോടിയാണ്. നികുതി വിഹിതം 3.58 ശതമാനത്തില്‍നിന്ന് 1.925 ശതമാനമായി കുറച്ചതിലുടെ ഉണ്ടാകുന്ന നഷ്ടം 18,000 കോടി രൂപയും. പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ്, കിഫ്ബി, സാമൂഹ്യസുരക്ഷ പെന്‍ഷന്‍ കമ്പനി എന്നിവ സമാഹരിച്ച പണം തുടങ്ങിയവയുടെ പേരില്‍ വായ്പാനുമതിയില്‍ 19,000 കോടിയില്‍ പരം രൂപ കേന്ദ്രം വെട്ടിക്കുറച്ചു.
കേന്ദ്ര ഗ്രാന്റുകളിലും വലിയ കുറവാണുണ്ടായത്. 2022-23 സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെ ഗ്രാന്റുകളായി ലഭിച്ചത് 24,639 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചത് 8688 കോടിയും. 15,951 കോടി രൂപയുടെ കുറവാണുണ്ടായതെന്ന് സിഎജിയുടെ പ്രാഥമിക കണക്കുകളില്‍ പറയുന്നു. ഒപ്പം ഏഴുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കടമെടുപ്പ് പരിധിയില്‍ നിന്ന് പബ്ലിക് അക്കൗണ്ടിന്റെ പേരു പറഞ്ഞ് 1,07, 500 കോടിയില്‍പരം രൂപയുടെ വെട്ടിക്കുറവ് വരുത്തി. ഇതാണ് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.