2024 ലെ ലോകാരോഗ്യ ദിനത്തിൽ പുറത്തിറക്കിയ അപ്പോളോ ഹോസ്പിറ്റൽസിൻ്റെ ഹെൽത്ത് ഓഫ് നേഷൻ റിപ്പോർട്ടിൻ്റെ നാലാമത്തെ പതിപ്പിലാണ് ഇന്ത്യയെ ലോകത്തിൻ്റെ ക്യാൻസർ തലസ്ഥാനം എന്ന് പറഞ്ഞിരിക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യക്കാരിൽ മൂന്നിൽ ഒരാൾ പ്രീ ഡയബറ്റീസ് ഉള്ളവരും മൂന്നിൽ രണ്ട് പേർ രക്തസമ്മർദ്ദം ഉള്ളവരിലും പത്തിൽ ഒരാൾ വിഷാദരോഗവും അനുഭവിക്കുന്നുണ്ട്. ക്യാൻസർ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മാനസികാരോഗ്യ വൈകല്യങ്ങൾ തുടങ്ങിയ സാംക്രമിക രോഗികളുടെ കണക്കിനെയാണ് സൂചിപ്പിക്കുന്നത്.
ക്യാൻസർ കേസുകളിലെ ഈ കുതിച്ചുചാട്ടം, ആഗോള നിരക്കുകളെ മറികടക്കുകയും ഇന്ത്യയെ “ലോകത്തിൻ്റെ ക്യാൻസർ തലസ്ഥാനം” എന്ന പദവിയിലേക്ക് എത്തിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. പ്രീ-ഡയബറ്റിസ്, പ്രീ-ഹൈപ്പർടെൻഷൻ, മാനസികാരോഗ്യ തകരാറുകൾ തുടങ്ങിയ അവസ്ഥകൾ ചെറുപ്പത്തിൽ തന്നെ പ്രകടമാകുന്നതിനാൽ ആരോഗ്യ പരിപാലന പ്രതിസന്ധിയെക്കുറിച്ച് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.
സ്തനാർബുദം, ഗർഭാശയ കാൻസർ, സ്ത്രീകളിൽ അണ്ഡാശയ അർബുദം എന്നിവയാണ് ഇന്ത്യയിൽ ക്രമാതീതമായി ഉയരുന്ന ക്യാൻസറുകൾ. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും സാധാരണമായ കേസുകൾ ശ്വാസകോശ അർബുദം, വായിലെ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയാണ്. ഇന്ത്യയിൽ ക്യാൻസർ രോഗ നിർണയത്തിനുള്ള ശരാശരി പ്രായം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്, എന്നാൽ ഇതൊക്കെയാണെങ്കിലും, രാജ്യത്ത് കാൻസർ സ്ക്രീനിംഗ് നിരക്ക് ഇപ്പോഴും വളരെ കുറവാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ക്യാൻസിറിന്റെ ലക്ഷണങ്ങൾ എന്തെല്ലാം
അമിത വിയർപ്പ്
രാത്രിയിലുണ്ടാകുന്ന അമിത വിയർപ്പ് അല്ലെങ്കിൽ ഉയർന്ന താപനില ഉണ്ടാകുന്നത് അണുബാധ മൂലമോ ചില മരുന്നുകളുടെ പാർശ്വഫലമായോ ഉണ്ടാകാം. ആർത്തവവിരാമ സമയത്ത് സ്ത്രീകൾക്ക് ഇത് പലപ്പോഴും അനുഭവപ്പെടാറുണ്ട്. എന്നാൽ ഈ ലക്ഷണം ദീർഘനാളായി നിൽക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
ക്ഷീണം
നിങ്ങൾക്ക് പതിവിലും കൂടുതൽ ക്ഷീണം തോന്നുന്നതിന് നിരവധി കാരണങ്ങളുണ്ട്. നിങ്ങൾ സമ്മർദത്തിലൂടെ കടന്നുപോകുകയോ ഉറങ്ങാൻ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടാറുണ്ട്. എന്നാൽ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക
ശരീരഭാരം കുറയുന്നു
വേഗത്തിൽ ശരീരഭാരം കുറയുക ചെയ്യുന്നത് ക്യാൻസറിൻ്റെ ലക്ഷണമാകാം. വയറ്റിലെ അർബുദം, പാൻക്രിയാറ്റിക് ക്യാൻസർ, ശ്വാസകോശ അർബുദം, അന്നനാളത്തിലെ അർബുദം എന്നിവയിൽ ഇത് സംഭവിക്കുന്നതായി അമേരിക്കൻ കാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു.
ഉണങ്ങാത്ത വ്രണങ്ങൾ
ഉണങ്ങാത്ത വ്രണങ്ങൾ ഉണ്ടെങ്കിൽ അത് സ്കിൻ ക്യാൻസറിൻ്റെ ലക്ഷണമാകാം. വായിൽ നീണ്ടുനിൽക്കുന്ന വ്രണം വായിലെ ക്യാൻസറിൻ്റെ ലക്ഷണമാകാം. ജനനേന്ദ്രിയത്തിലെ വ്രണങ്ങൾ ഒന്നുകിൽ അണുബാധയുടെ ലക്ഷണങ്ങളോ ക്യാൻസറിൻ്റെ ആദ്യകാല ലക്ഷണമോ ആകാമെന്ന് വിദഗ്ധർ പറയുന്നു.
ചുമ
നിങ്ങൾക്ക് ആഴ്ചകളോ മാസങ്ങളോ ആയി ചുമയുണ്ടെങ്കിൽ അത് ശ്വാസകോശ ക്യാൻസറിൻ്റെ ലക്ഷണമാകാം. തൊണ്ടയിലെ പരുക്കൻ ശ്വാസനാളത്തിലോ തൈറോയ്ഡ് ഗ്രന്ഥിയിലോ ഉള്ള ക്യാൻസറിൻ്റെ ലക്ഷണമായി പഠനങ്ങൾ പറയുന്നു.
മുഴ
ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് മുഴകൾ അല്ലെങ്കിൽ വീക്കം കണ്ടാൽ അവഗണിക്കരുത്. കഴുത്ത്, കക്ഷം, ആമാശയം, ഞരമ്പ്, നെഞ്ച്, സ്തനങ്ങൾ അല്ലെങ്കിൽ വൃഷണം എന്നിവിടങ്ങിൽ മുഴകൾ കണ്ടാൽ പരിശോധന നടത്തുക.
മലബന്ധം
ദീർഘകാല മലബന്ധം, വയറിളക്കം എന്നിവയെല്ലാം വൻകുടൽ അല്ലെങ്കിൽ മലാശയ കാൻസറിൻ്റെ ലക്ഷണങ്ങളാകാം. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുകയോ മൂത്രത്തിൽ രക്തം കാണുകയോ ചെയ്താൽ അത് മൂത്രാശയത്തിലോ പ്രോസ്റ്റേറ്റ് കാൻസറിൻറേയോ ലക്ഷണമാകാമെന്നും പഠനങ്ങൾ പറയുന്നു.
രക്തം കലർന്ന മലം
ഇരുണ്ട അല്ലെങ്കിൽ രക്തം കലർന്ന മലം ആണ് കാണുന്നതെങ്കിൽ വൻകുടൽ കാൻസറിനെ സൂചിപ്പിക്കുന്നു. അസാധാരണമായ യോനിയിൽ നിന്നുള്ള രക്തസ്രാവം എൻഡോമെട്രിയൽ അല്ലെങ്കിൽ സെർവിക്കൽ ക്യാൻസറിനെ സൂചിപ്പിക്കുന്നു.