ജറുസലം: കയ്റോ സമാധാനചർച്ചയിൽ ധാരണയൊന്നുമായില്ലെന്ന് ഹമാസ്. ചർച്ചയിൽ പുരോഗതി ഉണ്ടെന്ന് ഈജിപ്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും പോംവഴി കാണാനായില്ലെന്ന് ഹമാസ് വെളിപ്പെടുത്തി. ബന്ദികളെ മോചിപ്പിച്ചുകൊണ്ട് അടിയന്തര വെടിനിർത്തൽ ധാരണയ്ക്കാണ് യുഎസ് ശ്രമം.
അതേസമയം, റഫ ആക്രമിക്കാതെ യുദ്ധം അവസാനിപ്പിച്ചാൽ പിന്തുണ പിൻവലിക്കുമെന്നു ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ കക്ഷി നേതാവുമായ ഇതാമർ ബെൻ ഗിവർ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു മുന്നറിയിപ്പു നൽകി.
ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ രണ്ടാം ദിവസത്തിലേക്കു കടന്ന ചർച്ചയിൽ ഹമാസ്, ഇസ്രയേൽ പ്രതിനിധികൾക്കൊപ്പം യുഎസ് ചാരസംഘടനയായ സിഐഎയുടെ മേധാവി വില്യം ബേൺസും പങ്കെടുക്കുന്നുണ്ട്. റഫ ആക്രമണം ഒഴിവാക്കണമെന്ന് സഖ്യകക്ഷിയായ യുഎസ് ആവശ്യപ്പെടുമ്പോഴും തീവ്രവലതുപക്ഷ കക്ഷികളുടെ പിന്തുണയോടെ ഭരിക്കുന്ന നെതന്യാഹു അതു സ്വീകരിക്കാനാവാത്ത അവസ്ഥയിലാണ്.
റഫ അടക്കം എല്ലായിടത്തുനിന്നും ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്നുമെന്നാണ് നെതന്യാഹു ഞായറാഴ്ച പറഞ്ഞത്.റഫ ആക്രമണത്തിനു മുന്നോടിയായാണു തെക്കൻ ഗാസയിൽനിന്നുള്ള സേനാ പിന്മാറ്റമെന്നു ഇസ്രയേൽ പ്രതിരോധമന്ത്രിയും വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഇസ്രയേലിന് ആയുധം നൽകുന്ന ജർമനിക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടു നിക്കരാഗ്വ നൽകിയ പരാതിയിൽ രാജ്യാന്തര കോടതിയിൽ (ഐസിജെ) വാദം തുടങ്ങി.
ആയുധം നൽകുന്നതിലൂടെ ജർമനി വംശഹത്യയ്ക്കു കൂട്ടുനിൽക്കുന്നുവെന്നും ഇതു ജനീവ കൺവൻഷൻ വ്യവസ്ഥകളുടെ ലംഘനമാണെന്നുമാണു നിക്കരാഗ്വയുടെ ആരോപണം. സൈന്യം ഒഴിഞ്ഞ ഖാൻ യൂനിസിലേക്കു പലസ്തീൻകാർ മടങ്ങിയെത്താൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ റഫയിലെ തിരക്കിനു ചെറിയ ശമനം ഉണ്ടാകുമെന്നാണു സൂചന. നിലവിൽ 15 ലക്ഷത്തോളം പലസ്തീൻകാരാണു റഫയിൽ അഭയാർഥികൂടാരങ്ങളിലുള്ളത്.