വെള്ളവും മനസും ഒരു പോലെ പൂക്കും: കവര് കാണാൻ പോയാലോ?

കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ സഞ്ചാരികളുടെ ഇടയിൽ ഹിറ്റായതാണ് കുമ്പളങ്ങിയിലെ കവര്. കായലിനു നടുവിൽ പൂത്തു നിൽക്കുന്ന കവരും അതിന്‍റെ മാസ്മരിക നീലവെളിച്ചവും കുമ്പളങ്ങിയെ യാത്രികരുടെ പ്രിയ കേന്ദ്രമാക്കി. ഒരുപക്ഷേ, ഇന്ത്യയിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമം എന്നതിനേക്കാൾ കുമ്പളങ്ങി അറിയപ്പെടുന്നത് കായലിലെ കവരിന്‍റെ പേരിലാണ്.

നിലാവിന്‍റെ വെളിച്ചത്തിൽ തിളങ്ങുന്ന കവര് ഇപ്പോൾ വീണ്ടും കുമ്പളങ്ങിയിൽ പൂത്തിരിക്കുകയാണ്. ഒരു കാലത്ത് കൊച്ചിയിൽ മാത്രം അറിയപ്പെട്ടിരുന്ന കവരിന്‍റെ കൗതുകം കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങി അഞ്ച് വർഷം പിന്നിട്ടിട്ടും ഇനിയും തീർന്നിട്ടില്ലാ എന്ന് ഇവിടെ കവര് കാണാൻ എത്തുന്നവരുടെ എണ്ണം നോക്കിയാൽ മനസ്സിലാകും

കവര് കാണാൻ

കവര് കാണാൻ ഒരു പ്ലാൻ ഉണ്ടെങ്കിൽ കുമ്പളങ്ങിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുവാൻ പറ്റിയ സമയമാണിത്. കവര് എന്ന് വിളിക്കപ്പെടുന്ന ഇതിന്‍റെ യഥാർത്ഥ പേര് ബയോ ലൂമിനസെൻസ് എന്നാണ്. . സീ സ്പാർക്കിൾ എന്നും ഇതറിയപ്പെടുന്നു.

നാട്ടുകാർ ഇതിനെ കായലിലെ തണുത്ത വെളിച്ചം എന്നും വിളിക്കാറുണ്ട്. കഴിഞ്ഞ ദിവസം കവര് വീണ്ടും കുമ്പളങ്ങിയിൽ പ്രത്യക്ഷപ്പെട്ടതോടെ ഇത് കാണുവാനുള്ള യാത്രാ ഒരുക്കങ്ങളിലാണ് സഞ്ചാരികൾ. കടലിനോട് ചേർന്നു കിടക്കുന്ന കായലിന്‍റെ തീരങ്ങളിലെ ഈ തിളക്കം മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ആണ് കാണുവാന്‌ സാധിക്കുന്നത്.

കുമ്പളങ്ങിയിൽ കവര് കാണുവാൻ

കൊച്ചി കായലും കടലും ചേരുന്നതിന് സമീപത്തുള്ള കുമ്പളങ്ങിയിലാണ് കവരിന്‍റെ കാഴ്ചയുള്ളത്. കുമ്പളങ്ങിയിലെ തെക്കു പടിഞ്ഞാറൻ മേഖലയിലെ കല്ലഞ്ചേരി, ആഞ്ഞിലിത്തറ, ആറ്റത്തടം, കുളക്കടവ് എന്നിവിടങ്ങളിലാണ് സ്ഥിരമായി കവര് പൂക്കുന്നത്. അതുകൊണ്ടുതന്നെ കവര് പൂക്കുന്ന സമയമായാൽ ആളുകളുടെ തിരക്കും ഇവിടെ അനുഭവപ്പെടാറുണ്ട്.

കേരളത്തിലെ ആദ്യത്തെ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി കേരളത്തിലെ ആദ്യ എക്കോഫ്രണ്ട്‌ലി ഫിഷറീസ് ടൂറിസം വില്ലേജ് കൂടിയാണ്.

ചൂടു കൂടുതലുള്ള സമയങ്ങളിൽ കായലിലെ വെള്ളത്തിനു കട്ടി കൂടുന്നതും അതിൽ ഉപ്പിന്‍റെ അംശം വർദ്ധിക്കുന്നതുമാണ്കവര് പ്രത്യക്ഷപ്പെടുവാൻ കാരണം. ചൂട് കൂടുന്ന സമയത്താണ് കവര് വരുന്നത്. മഴക്കാലത്ത് കവര് കാണാന്‍ പോലും കിട്ടില്ല.

മറ്റെന്തെല്ലാം കുമ്പളങ്ങിയിൽ കാണാൻ സാധിക്കും?

ബോട്ടിങ്

കൂടുതല്‍ സഞ്ചാരികളെ കുമ്പളങ്ങിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തില്‍ മികച്ച പല സംവിധാനങ്ങളും കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഒരുക്കുകയാണ്. കുമ്പളങ്ങി എന്താണെന്നു കണ്ടറിയുവാനുള്ള ബോട്ടിങ്, കണ്ടല്‍ക്കാടുകളുട‍െ കാഴ്ചകള്‍, ഒപ്പം സൂര്യാസ്തമയത്തിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകളും കാണുവാന്‍ സാധിക്കുന്ന രീതിയിലാണ് ഇവിടുത്തെ ടൂറിസം മാറിയിരിക്കുന്നത്.

ചൂണ്ടയിടലിനു പേരുകേട്ട കുമ്പളങ്ങിയില്‍ താല്പര്യമുള്ളവര്‍ക്കായി ചൂണ്ടയിടുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ വ്ക്തികളെയാണ് ഈ കാര്യങ്ങളുടെ പരിപാലനത്തിനും നടത്തിപ്പിനുമായി ഏല്‍പ്പിച്ചിരിക്കുന്നത്.

പ്രകൃതിയിലെ കാഴ്ചകളെ കലര്‍പ്പില്ലാതെ കാണുവാനും അനുഭവിക്കുവാനും കഴിയുന്ന രീതിയിലേക്ക് ഇവിടുത്തെ വിനോദസഞ്ചാരം മാറിയതോടെ വരുന്നവരും ഹാപ്പിയാണ്.

വൈകുന്നേരങ്ങൾ

കൊച്ചിയിലെ വൈകുന്നേരങ്ങള്‍ വ്യത്യസ്തമായി ചിലവഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നേരെ ഇങ്ങോട്ടേയ്ക്ക് വരാം. കായലിനോടു ചേർന്നുള്ള കല്ലഞ്ചേരി ചാലിൽ പെഡൽ ബോട്ടുകൾ വന്നതോടെ കുമ്പളങ്ങിയിലെ വെള്ളത്തിലൂടെ ബോട്ടില്‍ കറങ്ങി സമയം ചിലവഴിക്കുവാനായി വരാം.

40 ഏക്കറോളം വിസ്താരമുള്ള ചാലിന്റെ സമീപത്ത് സ്വാഭാവിക കണ്ടൽമരങ്ങൾ കാണുവാനും സാധിക്കും. മണിക്കൂറിന് ഒരാള്‍ക്ക് 50 രൂപയാണ് ബോട്ട് യാത്രയ്ക്ക് ഈടാക്കുന്നത്. ഗ്രൂപ്പായി വരുന്നവര്‍ക്ക് രണ്ടുപേര്‍ക്ക് ഉപയോഗിക്കാവുന്നതും നാല് പേര്‍ക്ക് ഉപയോഗിക്കാവുന്നതുമായ ബോട്ടുകളുടെ സൗകര്യവും പ്രയോജനപ്പെടുത്താം.

രാവിലെ 11.00 മുതൽ വൈകിട്ട് 6.00 വരെയാണ് ബോട്ടിങ് സമയം. കൊച്ചിയില്‍ നിന്നും 30 മിനിറ്റ് ഡ്രൈവ് മതി ഇവിടേക്ക് എന്നതാണ് ആളുകളെ കുമ്പളങ്ങിയിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊന്ന്.

കുമ്പളങ്ങി കാഴ്ചകളിലെ ചീനവല

കുമ്പളങ്ങിയിലെത്തുന്ന സഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്നത് ഇവിടുത്തെ ചീനവലകളാണ് എന്നു നിസംശയം പറയാം. ഇവിടുത്തെ പുലരികളും സന്ധ്യകളുമെല്ലാം ചീനവലയുടെ പശ്ചാത്തലത്തില്‍ കാണുക എന്നത് അതിമനോഹരമായ ദൃശ്യാനുഭവം തന്നെയാണ്. മാത്രമല്ല, ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടുത്തെ കാഴ്ചകള്‍ അവരുടെ ഫ്രെയിമുകളെ സമ്പന്നമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കായലിന്‍റെ തീരങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചീനവലകള്‍ വൈകിട്ടാകുമ്പോഴേക്കും മീന്‍പിടിക്കുവാനായി കായലില്‍ താഴ്ത്തും. അതിനു മുന്‍പേ അസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചീനവലകളുടെ കാഴ്ച കാണേണ്ടതു തന്നെയാണ്.

കുമ്പളങ്ങിയും രുചികളും

ഭക്ഷണങ്ങള്‍ തേടി യാത്ര ചെയ്യുന്നവരെ വായില്‍ കപ്പലോടുന്ന രുചികളിലേക്ക് കടക്കുവാന്‍ കുമ്പളങ്ങി സ്വാഗതം ചെയ്യുന്നു. അതീവ രുചികരമായ നാടന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകളാണ് കുമ്പളങ്ങിയിലുള്ളത്. നാടന്‍ രുചികളില്‍ താല്പര്യമുള്ളവര്‍ കായല്‍ മീന്‍കറി നിര്‍ബന്ധമായും പരീക്ഷിച്ചിരിക്കണം.

ചെമ്മീന്‍, കപ്പ, കരിമീന്‍, മറ്റു കായല്‍ മത്സ്യങ്ങള്‍ തുടങ്ങി കഞ്ഞി വരെ കിട്ടുന്ന സൂപ്പര്‍ ഭക്ഷണശാലകള്‍ ഇവിടെയുണ്ട്. മാത്രമല്ല, ഇവിടുത്തെ മിക്ക ഹോം സ്റ്റേകളും ഭക്ഷണത്തിന്റെ കാര്യത്തിലും പേരുകേട്ടതാണ്. കായല്‍ കാഴ്ചകള്‍ കണ്ടിരുന്ന് ഭക്ഷണം കഴിക്കാം എന്നതാണ് ഇവിടുത്തെ ആകര്‍ഷണം.

കുമ്പളങ്ങി മാതൃക വിനോദസഞ്ചാര ഗ്രാമം

കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ മാതൃകാ വിനോദസഞ്ചാര ഗ്രാമം എന്ന പ്രത്യേകതയും കുമ്പളങ്ങിക്കുണ്ട്. സംയോജിത ടൂറിസം വില്ലേജ് പദ്ധതിയാണ് ഇവിടെ നടപ്പിലാകുന്നത്.

ദ്വീപിനെ ഒരു മാതൃകാ മത്സ്യബന്ധന ഗ്രാമമായും ടൂറിസം കേന്ദ്രമായും മാറ്റുന്നതിനുള്ള ഒരു അതുല്യമായ സംരംഭമാണ് സംയോജിത ടൂറിസം വില്ലേജ് പദ്ധതി. കേരളത്തിലെ ആദ്യ എക്കോഫ്രണ്ട്‌ലി ഫിഷറീസ് ടൂറിസം വില്ലേജ് കൂടിയാണ് കുമ്പളങ്ങി. വന്നു കണ്ടുപോവുക എന്നതിനേക്കാള്‍ ഇവിടെ ചിലവഴിക്കുന്ന ഓരോ നിമിഷവും അനുഭവിച്ചറിയുക എന്നതാണ് കുമ്പളങ്ങിയുടെ ഹൈലൈറ്റ്.

വില്ലേജ് ഫൂഡ് ബോട്ടിങ്. കുമ്പളങ്ങി ബോട്ടിങ്, കുമ്പളങ്ങി വില്ലേജ് ടൂര്‍, പാചക ക്ലാസുകള്‍, മത്സ്യഫാം സന്ദര്‍ശനം, എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യാം. നിങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള പാക്കേജുകളും ഇവിടെ ലഭ്യമാണ്.

കുമ്പളങ്ങിയിലെത്തുവാന്‍

കൊച്ചി നഗരത്തില്‍ നിന്നും എളുപ്പത്തില്‍ കുമ്പളങ്ങിയിലെത്താം. ചെല്ലാനം കണ്ണമാലി വഴി പുത്തന്‍കരി കടന്നാല്‍ കുമ്പളങ്ങിയാണ്. മറ്റൊരു വഴി അരൂര്‍ ഇടക്കൊച്ചി വഴി അരൂര്‍ പാലം കയറിയിറങ്ങിയുള്ളതാണ്. 14 കിലോമീറ്റ്‍ അകലെയുള്ള എറണാകുളം റെയില്‍വെ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍