പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കലാണ്. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പൗരത്വ നിയമം അറബിക്കടലില്‍ എടുത്തു കളയുമെന്ന് പറയുന്നേയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് പ്രകടനപത്രികയുടെ പേജ് എട്ടില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന മുഴുവന്‍ സംരക്ഷണത്തെക്കുറിച്ചും പറയുന്നുണ്ടെന്നും കഴിഞ്ഞ 10 കൊല്ലം ഭരണഘടന വ്യവസ്ഥകളെ ലംഘിച്ചുകൊണ്ടുണ്ടാക്കിയ എല്ലാ നിയമങ്ങളും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ റദ്ദാക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് ന്യായീകരിക്കാന്‍ നടത്തിയ വലിയ വാദം.
സതീശന്റെ വാദത്തില്‍ വല്ല കഴമ്പുമുണ്ടോ എന്ന് നോക്കാം:
കോണ്‍ഗ്രസ്സ് പ്രകടന പത്രിക പേജ് 8 ല്‍ പറയുന്നത് ഇത്രയുമാണ്: ‘We will respect and uphold the fundamental right to practice one’s faith and the rights guaranteed to religious minorities under Articles 15, 16, 25, 26, 28, 29, and 30 of the Constitution.’ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16, 25, 26, 28, 29, 30 എന്നിവ പ്രകാരം മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങളെയും വിശ്വാസങ്ങള്‍ പാലിക്കാനുള്ള മൗലികാവകാശത്തെയും മാനിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നത്. നല്ലതു തന്നെ. എന്നാല്‍ ഈ പാരഗ്രാഫ് കൊണ്ട് പൗരത്വ ഭേദഗതി നിയമം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ കോണ്‍ഗ്രസ്സ് അഭിസംബോധന ചെയ്യുന്നേയില്ല. പൗരത്വ ഭേദഗതി നിയമം പ്രധാനമായും ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണ്.
ഇവിടെ ശ്രദ്ധിക്കേണ്ടത് സതീശന്‍ പറഞ്ഞ പാരഗ്രാഫില്‍ ആര്‍ട്ടിക്കിള്‍ 14 ഇല്ല എന്നതാണ്. ആര്‍ട്ടിക്കിള്‍ 14 പറയുന്നത് ഇത്രയുമാണ്. ‘The State shall not deny to any person equality before the law or the equal protection of the laws within the territory of India’. അതായത്, ഇന്ത്യയില്‍ ഏവര്‍ക്കും നിയമത്തിനു മുമ്പില്‍ സമത്വമോ (equality before law) തുല്യമായ നിയമ സംരക്ഷണമോ (equal protection of laws) ഉറപ്പുവരുത്തും എന്നാണ് ആര്‍ട്ടിക്കിള്‍ 14 ന്റെ അന്ത:സത്ത. പൗരത്വം മതാധിഷ്ഠിതമാക്കുന്നതു വഴി ലംഘിക്കപ്പെടുന്ന ആര്‍ട്ടിക്കിള്‍ 14 നെക്കുറിച്ച് മിണ്ടാത്ത പാരഗ്രാഫ് ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.
കോണ്‍ഗ്രസ്സ് മാനിഫെസ്റ്റോയില്‍ കഴിഞ്ഞ 10 കൊല്ലം ഭരണഘടനാ വ്യവസ്ഥകളെ ലംഘിച്ചുകൊണ്ട് ഉണ്ടാക്കിയ നിയമങ്ങള്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ റദ്ദാക്കുമെന്ന് പറയുന്നുണ്ട്. ”We promise that all anti-people laws passed by the BJP/NDA without proper parliamentary scrutiny and debate, especially those relating to workers, farmers, criminal justice, environment & forests and digital data protection, will be thoroughly reviewed and changed.’ (പേജ് 22). ഇതും നല്ലതു തന്നെ. ഇവിടെ പക്ഷേ പ്രധാനമായും തൊഴിലാളികള്‍, കര്‍ഷകര്‍, ക്രിമിനല്‍ ജസ്റ്റിസ്, വനം-പരിസ്ഥിതി, ഡിജിറ്റല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ എന്നിവയിലെ നിയമനിര്‍മ്മാണങ്ങള്‍ റദ്ദ് ചെയ്യുമെന്നാണ് പറഞ്ഞത്.
കോണ്‍ഗ്രസ്സ് മാനിഫെസ്റ്റോയില്‍ ജിഎസ്ടി നിയമങ്ങള്‍ മാറ്റും എന്നു പറയുന്നുണ്ട്. അതും ഞങ്ങള്‍ക്ക് യോജിപ്പുള്ള കാര്യമാണ്. നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ആക്റ്റ് പുനപരിശോധിക്കും എന്ന് പേജ് 36 ല്‍ പറയുന്നുണ്ട്. അതും നല്ലത്. ഇത്രയും നിയമങ്ങള്‍ റദ്ദ് ചെയ്യുമ്പോഴും സിഎഎ വിഷയത്തില്‍ ഒരക്ഷരം പറയുന്നില്ല എന്നു കാണണം. അവിടെ പൗരത്വത്തെ മനഃപൂര്‍വം മാറ്റി നിര്‍ത്തിയതായി കാണാം. മാനിഫെസ്റ്റോയില്‍ പലയിടത്തും മറ്റു പല നിയമങ്ങളും പേരെടുത്ത് റദ്ദ് ചെയ്യുമെന്നു പറഞ്ഞ കോണ്‍ഗ്രസ്സിന് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചു മിണ്ടാന്‍ ഭയമാണ് എന്നാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.