ഓട്ടോറിക്ഷ പെർമിറ്റ് പുതുക്കാനുള്ള ഫീസ് 400-ൽനിന്ന് 4300 ആക്കി വർധിപ്പിച്ചു എന്നൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റർ രൂപത്തിൽ പ്രചരിക്കുന്ന ഈ പോസ്റ്റിൽ, സംസ്ഥാന സർക്കാർ ആണ് ഫീസ് വർധിപ്പിച്ചതെന്നും വോട്ട് രേഖപ്പെടുത്തുമ്പോൾ ഇത് ഓർക്കണം എന്നുകൂടി ചേർത്തിട്ടുണ്ട്. എന്താണ് ഈ പ്രചരണത്തിലെ വാസ്തവമെന്ന് അന്വേഷിക്കാം.
400-ൽനിന്ന് 4300 ആക്കിയപ്പോൾ പത്തിരട്ടിയിലേറെ വർധന ഉണ്ടായിരുക്കുന്നുവെന്നാണ് പറയുന്നത്. പല ഗ്രൂപ്പുകളിലടക്കം നിരവധിപേർ ഇതേ വൈറല്‍ പ്രചാരണം ഷെയർ ചെയ്തിട്ടുള്ളതായും കാണാം. ഇതിന്റെ യാഥാർഥ്യം അറിയണമെങ്കിൽ ആദ്യം കേരള മോട്ടർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണം. എന്നാൽ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ച് നിലവിൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് പുതുക്കുന്നതിന് സർവീസ് ചാർജടക്കം 360 രൂപയാണ് ഈടാക്കുന്നത്. പെർമിറ്റ് 300, സർവീസ് ചാർജ് 60 എന്നിങ്ങനെയാണ് നിലവിലെ നിരക്ക്.
വാഹനങ്ങളുടെ റീ രജിസ്ട്രേഷനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുമുള്ള ഫീസ് വർധിപ്പിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ ലഭിച്ചു. 2021, 2022 വർഷങ്ങളിലായി പ്രസിദ്ധീകരിച്ച വർത്തകളാണിത്. ഈ വാർത്തകൾ പ്രകാരം, ഓട്ടോറിക്ഷകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 400 രൂപയായിരുന്നത് 4300 രൂപയായും റീ രജിസ്ട്രേഷൻ 600 രൂപയിൽനിന്ന് 2500 ആയും വർധിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരാണ് ഫിറ്റ്‌നസ്, റീ രജിസ്ട്രേഷൻ ഫീസ് തീരുമാനിക്കുന്നത്. അന്വേഷണത്തിൽ, 2021 ഒക്ടോബർ നാലിന് ഇതുമായി ബന്ധപ്പെട്ട് ഒരു ഗസറ്റ് നോട്ടിഫിക്കേഷൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇറക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. വാർത്തകളിൽ പറഞ്ഞിരിക്കുന്ന നിരക്ക് തന്നെയാണ് ഈ നോട്ടിഫിക്കേഷനിലും ഉള്ളത്. 15 വർഷം കഴിഞ്ഞ വണ്ടികൾക്ക് മാത്രമാണ് ഇത് ബാധമാകുന്നത്. ഇക്കാര്യം പ്രത്യേക വാർത്താകുറിപ്പിലൂടെ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.
നോട്ടിഫിക്കേഷനിലെ വിവരമനുസരിച്ച് 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് വേണ്ട ടെസ്റ്റ് നടത്താനായി 800 രൂപയും സർട്ടിഫിക്കറ്റ് ലഭിക്കാനായി 3500 രൂപയും ആണ് ഫീസ്. ഇതിന്റെ ആകെ തുകയാണ് 4300 രൂപ. മാത്രമല്ല, റീ രജിസ്ട്രേഷൻ നടത്താൻ വൈകിയാൽ വൈകുന്ന ഓരോ മാസം 300 രൂപ വീതവും ഫിറ്റ്‌നസ് പുതുക്കാൻ വൈകിയാൽ വൈകുന്ന ഓരോ ദിവസവും 50 രൂപ വീതവും പിഴ ഈടാക്കണം എന്നും ഈ നോട്ടിഫിക്കേഷനിലുണ്ട്.
2021- ൽ കേന്ദ്ര സർക്കാർ ഇങ്ങനെയൊരു നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും സംസ്ഥാനത്ത് ഇത് നടപ്പാക്കിയിട്ടില്ല എന്ന റിപ്പോർട്ടുകൾ ലഭിച്ചു.. ഇപ്പോഴും പഴയ ഫീസ് തന്നെയാണ് കേരളത്തിൽ ഈടാക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 660 രൂപയും റീ രജിസ്‌ട്രേഷന് 800 രൂപയോളവുമാണ് ഇപ്പോഴത്തെ നിരക്ക്.
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കൽ, റീ രജിസ്ട്രേഷൻ എന്നിവയ്ക്ക് പഴയ ഫീസ് ഈടാക്കിയാൽ മതി എന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് കണ്ടെത്തി. കേരള ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമുള്ളതാണ് ഈ ഉത്തരവ്. കേന്ദ്ര സർക്കാർ നോട്ടിഫിക്കേഷനെതിരെ സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുകയാണെന്നും അന്തിമ വിധി വരുന്നതുവരെ മുൻ നിശ്ചയിച്ച ഫീസ് പ്രകാരം അപേക്ഷകൾ സ്വീകരിക്കണം എന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.
ലഭ്യമായ വിവരങ്ങളിൽ നിന്നും ഓട്ടോറിക്ഷകളുടെ പെർമിറ്റ് ഫീസ് 4300 രൂപയാക്കി എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇപ്പോഴും 360 രൂപയാണ് പെർമിറ്റിന് ഫീസ്. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസ് 4300 രൂപയായി കേന്ദ്ര സർക്കാർ 2021-ൽ വർധിപ്പിച്ചിരുന്നു. എന്നാൽ ഇതുവരേയും ഇത് കേരളത്തിൽ നടപ്പായിട്ടില്ല.