കോട്ടയം: ബന്ധുവീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച പ്രതികൾ പിടിയിൽ. വീട്ടമ്മയുടെ വീട് കുത്തിത്തുറന്ന് 13 പവനും ഏഴുലക്ഷം രൂപയുമാണ് കവർച്ച നടത്തിയത്. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി കാരിത്തറ വീട്ടിൽ എൻ.കെ. അൽത്താഫ് (27), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഓട്ടുപുരയ്ക്കൽ വീട്ടിൽ ആർ. അനീഷ് (38), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി പനന്താനത്തിൽ വീട്ടിൽ സഞ്ജു സുരേഷ് (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 23-ാം തീയതി പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട് ചുറ്റികയുംമറ്റുമുപയോഗിച്ച് വാതിൽ തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, കമ്മൽ, മോതിരം, ജിമിക്കി എന്നിവയടക്കം 13 പവനോളം സ്വർണവും 60,000 രൂപയും ഉൾപ്പെടെ ഏഴ് ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
ചാമംപതാൽ പാകിസ്താൻ കവലയിലുള്ള വീട്ടിലായിരുന്നു കവർച്ച. അറസ്റ്റിലായ പ്രതി അൽത്താഫിന്റെ ബന്ധുവീടാണിത്. അൽത്താഫിന് മണിമല, പള്ളിക്കത്തോട് എന്നീ സ്റ്റേഷനുകളിലും അനീഷിന് കറുകച്ചാൽ എരുമേലി എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
വീട്ടമ്മ മകന്റെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു കവർച്ച. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിൽ വിവിധ സ്ഥലങ്ങളിൽനിന്നായി പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു.
Read also :മരക്കൊമ്പിനെച്ചൊല്ലിയുള്ള തർക്കം: അയൽവാസിയെ വെട്ടികൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ