കേരളം വില്‍ക്കാനുണ്ടോ? : എങ്കില്‍ ഇവര്‍ വാങ്ങും; കോടീശ്വരന്‍മാര്‍ക്കിടയിലെ ‘മുടി’യനായ ദരിദ്രന്‍

തെരഞ്ഞെടുപ്പു കമ്മിഷനെ വരെ ഇരുട്ടില്‍ നിര്‍ത്തിയുള്ള സത്യവാങ് മൂലങ്ങള്‍ സമര്‍പ്പിച്ച് സ്ഥാനാര്‍ത്ഥിയാകുന്നവര്‍ക്ക് റിയല്‍എസ്റ്റേറ്റ് കച്ചവടം വഴി കേരളം വാങ്ങാനുള്ള ആസ്തിയുണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും സംശയിക്കുമോ. പറയുന്നത് സത്യമാണ്. പക്ഷെ, നിയമത്തിന്റെ നേര്‍ത്ത പഴുതുകളിലൂടെ ഇത്തരം സ്ഥാനാര്‍ത്ഥികള്‍ പട്ടിണി പാവങ്ങളാണെന്നും, ഒരു നേരത്തെ കഞ്ഞി കുടിക്കാന്‍ വകയില്ലെന്നും സ്ഥാപിച്ചു കളയും.

നോക്കൂ, രാജ്യത്തെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണവും, സൂക്ഷ്മ പരിശോധനയും തള്ളലും കൊള്ളലുമൊക്കെ നടന്നു കഴിഞ്ഞു. ഇതിനൊപ്പം സ്ഥാനാര്‍ത്ഥികള്‍ കൊടുക്കുന്ന സത്യവാങ്മൂലമുണ്ട്. അതില്‍ പറയുന്നത്, ശരിയായ ആസ്തി കാണിക്കണമെന്നാണ്. എന്നാല്‍, ആസ്തി വിവരങ്ങളും സ്ഥാനാര്‍ത്ഥികളുടെ ആര്‍ഭാഡങ്ങളും കാണുമ്പോള്‍ പൊരുത്തക്കേടുകള്‍ തോന്നും. അതു തന്നെയാണ് തെരഞ്ഞെടുപ്പു വാരണാധികാരികള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്ന സത്യവാങ് മൂലത്തിലും ഉണ്ടാകുന്നത്.

കേരളത്തെ വിലപറഞ്ഞ് വാങ്ങാന്‍തക്ക ആസ്തിയുള്ള സ്ഥാനാര്‍ത്ഥിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍. തുഷാര്‍ വെള്ളാപ്പള്ളി ഒട്ടും മോശമല്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും മോശമല്ല. അങ്ങനെ എണ്ണം പറഞ്ഞ സ്ഥാനാര്‍ത്ഥികളെല്ലാം വിചാരിച്ചാല്‍ വിലയ്ക്കു വാങ്ങുന്ന മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ വരെ
കഴിയുമെന്നതാണ് സത്യം. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 6 പേര്‍ ആറ് കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ള അതി സമ്പന്നരാണ്.

അവരില്‍ രണ്ടു പേര്‍ മാത്രമാണ് 10 കോടിയ്ക്കു മുകളില്‍ ആസ്തിയുള്ളവര്‍. രാജീവ് ചന്ദ്രശേഖറും (14.40 കോടി), എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളിയും (41.96 കോടി). രണ്ടു പേരും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളാണ്. കോടീശ്വരന്മാര്‍ പരസ്പരം മത്സരിക്കുന്ന മണ്ഡലങ്ങള്‍ തിരുവനന്തപുരവും കോട്ടയവുമാണ്. തരൂരും (യുഡിഎഫ്) രാജീവ് ചന്ദ്രശേഖറുമാണ് (എന്‍ഡിഎ) തലസ്ഥാന മണ്ഡലത്തിലെ എതിരാളികള്‍. കോട്ടയത്ത് കോടീശ്വരന്മാരായ തുഷാര്‍ വെള്ളാപ്പള്ളിയും (എന്‍ഡിഎ) ഫ്രാന്‍സിസ് ജോര്‍ജുമാണ്.

തിരുവനന്തപുരത്തെ ഇടതു മുന്നണി സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനാണ് കോടീശ്വരന്‍മാര്‍ക്കിടയിലെ ‘മുടി’യനായ സ്ഥാനാന്‍ത്ഥി. തനി ദരിദ്രന്‍. പന്ന്യന്റെ ആസ്തി 11 ലക്ഷം മാത്രമാണ്. എംപി പെന്‍ഷനാണ് അദ്ദേഹത്തിന്റെ വരുമാനം. കോട്ടയത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ ആസ്തി 1.84 കോടിയാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റും മുന്‍ ബാങ്ക് മാനേജരുമായിരുന്ന അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 15.59 ലക്ഷം രൂപയും ഭാര്യയുടെ വരുമാനം 6.18 ലക്ഷവുമാണ്.

പണത്തിന്റെ തൂക്കം നോക്കിയല്ല, വോട്ടുകള്‍ വീഴുന്നത് എന്നൊരാശ്വാസം മാത്രമാണ് പന്ന്യന്‍ രവീന്ദ്രനെ പോലെയുള്ള ദരിദ്ര സ്ഥാനര്‍ത്ഥികളുടെ ആത്മവിശ്വാസം. എന്നാല്‍, ഇക്കാലത്ത്, പണക്കാരായ സ്ഥാനാര്‍ത്ഥികള്‍ക്കു മാത്രമാണ് ഡിമാന്റും, എന്തെങ്കിലും ചെയ്യാനാകുന്നതെന്നുമാണ് ജനം കരുതുന്നത്. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ ആസ്തി 6.88 കോടി രൂപയാണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും 1.44 കോടി രൂപയുടെ ആസ്തി വേറെയുമുണ്ട്.

ഫ്രാന്‍സിസ് ജോര്‍ജിന് 61.48 ലക്ഷം രൂപയാണ് നിക്ഷേപമുള്ളത്. ഭാര്യയുടെ പേരില്‍ 14.41 ലക്ഷവും നിക്ഷേപമുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയുടെ നിക്ഷേപം 4.15 കോടി രൂപയാണ്. ഭാര്യയ്ക്ക് 2.09 കോടിയും നിക്ഷേപമുണ്ട്. ശശി തരൂരിന്റെ നിക്ഷേപം 49.31 കോടിയാണ്. എതിര്‍ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറുടെ ബാങ്ക് നിക്ഷേപം 20.92ലക്ഷം രൂപയും മറ്റ് നിക്ഷേപങ്ങള്‍ 118.96 കോടിയുടേതുമാണ്. ഭാര്യയ്ക്ക് 8 കോടിയുടെ നിക്ഷേപമുണ്ട്.

ഫ്രാന്‍സിസ് ജോര്‍ജിന് പിന്നിലാണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. ശശി തരൂരിന്റെ ആസ്തി 6.75 കോടിയാണ്. സുരേഷ് ഗോപിയുടെ ആസ്തി 8.59 കോടിയാണ്. സുരേഷ് ഗോപിയുടെ നിക്ഷേപം 1 കോടി രൂപയുടേതാണ്. ഭാര്യയ്ക്ക് 1.18 കോടിയും നിക്ഷേപമുണ്ട്. മലയാളിയല്ലെങ്കിലും വയനാട്ടില്‍ മല്‍സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് 9.24 കോടിയുടെ ആസ്തിയുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഇതിനു പുറമെ 16.36 കോടിയുടെ നിക്ഷേപമുണ്ട്.

കേരളത്തിലെ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആസ്തികള്‍ വര്‍ഷം തോറും വര്‍ദ്ധിക്കുന്നുണ്ടെന്നാണ് സത്യവാങ് മൂലത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. എന്നാല്‍, സ്വന്തം ആസ്തിയോ, പണമോ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെലവഴിക്കുന്ന നേതാക്കള്‍ വളരെ കുറവാണ്. ഇത്തരം കോടിപതി സ്ഥാനാര്‍ത്ഥികളെല്ലാം പാരമ്പര്യ സ്വത്തുള്ളവരാണ്. കോടികളുടെ ആസ്തികള്‍ തലമുറ കൈമാറി ആനുഭവിക്കുന്ന ഇവര്‍ കോടികളുടെ കഥകള്‍ മാത്രമേ കേട്ടു വളര്‍ന്നിട്ടുള്ളൂ എന്നുവേണം മനസ്സിലാക്കാന്‍.