കാലാവസ്ഥയുടെയും പ്രായമായതിന്റെയും ലക്ഷണങ്ങൾ പലവിധത്തിൽ ശരീരം കാണിച്ചു തുടങ്ങും. അതിലൊന്നാണ് ജോയിന്റ് പെയിൻ. രാവിലെ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട്, നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ജോയിന്റ് വേദന മൂലമുണ്ടാകും.
ഇതിനുള്ള പരിഹാരമാണ് നെല്ലിക്ക ജ്യൂസ്. നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകമാണ്.
ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യം സംരംക്ഷിക്കുന്നു. കൂടാതെ വിറ്റാമിൻ ബി, സി, ഇരുമ്പ്, കാത്സ്യം ഫൈബർ എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. ദിവസവും വെറും വയറ്റിൽ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് വളരെ ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യും.
ഗുണങ്ങൾ എന്തെല്ലാം?
നെല്ലിക്കാ ജ്യൂസ് പതിവായി രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഗുണം ചെയ്യും. കൂടാതെ സന്ധി വേദനയും വീക്കവും കുറയ്ക്കുകയും ചെയ്യും. ഇവയിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഭക്ഷണത്തിലെ മറ്റ് പോഷകങ്ങളെ ശരീരത്തിലേയ്ക്ക് വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിനും ഇവ സഹായിക്കും. ജോയിന്റ് പെയിൻ കുറയ്ക്കാൻ ജ്യൂസ് കുടിക്കുമ്പോൾ രണ്ടു തുള്ളി ഇഞ്ചി നീര് കൂടി ചേർക്കുക
മുടികൊഴിച്ചിൽ ,മുടിയുടെ ആരോഗ്യക്കുറവ് എന്നിവയുള്ളവർ നെല്ലിക്കാ ജ്യൂസ് പതിവാക്കണം. കാരണം തലമുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കും. കൂടാതെ ആരോഗ്യകരമായുള്ള മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ചർമത്തിന്റെ യുവത്വവും സൗന്ദര്യവും നിലനിർത്താൻ നെല്ലിക്ക നല്ലതാണ്. ചുളിവുകളും പാടുകളും വരുന്നത് ഇവ തടയും.
നെല്ലിക്കാ ജ്യൂസിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകൾ മാറാനും ഗുണം ചെയ്യും. കൂടാതെ മലബന്ധം, അസിഡിറ്റി എന്നീ പ്രശ്നങ്ങളുള്ളവർക്ക് വലിയ ആശ്വാസം നൽകും. അൾസർ ഉള്ളവർക്ക് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് പതിവാക്കാവുന്നതാണ്.
പ്രമേഹ രോഗികൾക്ക് ഏറ്റവും അനുയോജ്യമായ ജ്യൂസാണ് നെല്ലിക്കാ ജ്യൂസ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. അതിനാൽ പ്രമേഹ രോഗികൾക്ക് ദിവസവും രാവിലെ വെറും വയറ്റിൽ നെല്ലിക്കാ ജ്യൂസ് പതിവാക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് രക്തത്തിലെ ഹീമോഹീമോഗ്ലോബിൻ കൂട്ടുകയും വിളർച്ചയെ തടയുകയും ചെയ്യും. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും വളരെയേറെ ഗുണം ചെയ്യും.
ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിക്കുന്നതിനാൽ കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യത്തിനും നെല്ലിക്ക നല്ലൊരു പരിഹാരമാണ്. പതിവായി ഇത് കുടിച്ചാൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. അതുപോലെതന്നെ ഹൃദയധമനികളുടെ ആരോഗ്യം വർധിപ്പിക്കുകയും ഹൃദയാരോഗ്യം സംരംക്ഷിക്കുകയും ചെയ്യും.