മുപ്പത് വർഷങ്ങൾക്ക് ശേഷം സിനിമ ഗാനങ്ങളുടെ വൈനൽ റെക്കോർഡ് റിലീസ് ചെയ്ത് ‘വർഷങ്ങൾക്ക് ശേഷം’ ടീം. ആദ്യ കോപ്പി പ്രശസ്ത ഗായിക ബോംബെ ജയശ്രീയ്ക്ക് സമ്മാനിച്ചുകൊണ്ടാണ് വൈനൽ റെക്കോർഡ് പുറത്തിറക്കിയത്. വിനീതിന്റെ കഴിഞ്ഞ സിനിമയായ ഹൃദയത്തിന്റെ റിലീസിന്റെ ഭാഗമായി ഗാനങ്ങളുടെ കാസറ്റ് പുറത്തിറക്കിയിരുന്നു. ഇത് നിരവധി പേരാണ് സ്വന്തമാക്കിയത്. ഇത്തവണ വ്യത്യസ്തമായി പാട്ടുകൾ വൈനലിലാക്കുകയാണ് വീനീതും സഹപ്രവർത്തകരും.
ബോംബെ ജയശ്രീയ്ക്ക് വൈനൽ റെക്കോർഡ് സമ്മാനിക്കുന്ന വീഡിയോ വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. തിങ്ക് മ്യൂസിക്കാണ് റെക്കോർഡുകൾ വിൽപ്പനയ്ക്കിറക്കുന്നത്. പ്രേക്ഷകർക്കും ഇത് വാങ്ങാവുന്നതാണ്. നിരവധി മാസങ്ങളുടെ പരിശ്രമത്തിന്റെ ഫലമായാണ് വൈനൽ റെക്കോർഡ് ഇന്ത്യയിലേക്ക് എത്തിക്കുന്നത് എന്നും ഇത് സാധ്യമാക്കിയതിന് ശ്രീ സജി പിള്ളയ്ക്കും ശ്രീ മണിയ്ക്കും തിങ്ക് മ്യൂസിക്കിൻ്റെ മുഴുവൻ ടീമിനും താൻ നന്ദി പറയുന്നുവെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് വിനീത് പറയുന്നുണ്ട്.
കാസറ്റിന്റെ വരവോടെ കാലഹരണപ്പെട്ടു പോയ പാട്ട് പെട്ടിയാണ് ഗ്രാമഫോൺ. ഗ്രാമഫോണിൽ ഉപയോഗിക്കുന്ന ഫോണോഗ്രാഫ് ഡിസ്ക് അഥവാ റെക്കോർഡുകളെ ആണ് വൈനൽ റെക്കോർഡ് എന്നു പറയുന്നത്. വ്യത്യസ്തമായ ആശയത്തിലൂടെ പാട്ടിന്റെ പഴയ ഓർമ്മകളെ ചേർത്തു പിടിക്കുക കൂടിയാണ് വിനീതും കൂട്ടുകാരും.