രാജ്യത്ത് പൊതു തെരഞ്ഞെടുപ്പിന്റെ ചൂടു കാലമാണിപ്പോള്‍. സൂര്യതാപവും അതുമൂലമുണ്ടാകുന്ന ഉഷ്ണ തരംഗവുമൊക്കെ ജനങ്ങളെ വല്ലാതെ വലയ്ക്കുന്നുണ്ട്. പക്ഷെ, ഉഷ്ണ തരംഗമൊന്നും വകവെയ്ക്കാതെ, നേരവും കാലവും നോക്കാതെ സ്ഥാനാര്‍ത്ഥികള്‍ പരക്കം പായുകയാണ്. ഓരോ വോട്ടും ഉറപ്പിക്കാനുള്ള വിയര്‍പ്പൊഴുക്കലിലാണവര്‍. ഇതിനിടയിലാണ് സ്വകാര്യ തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സിന്റെ വിശകലനം പുറത്തു വരുന്നത്.
കേട്ടാല്‍ കണ്ണു തള്ളിപ്പോകുന്ന കോടീശ്വരന്‍മാര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പാണോ നടക്കുന്നതെന്ന് ആശങ്കപ്പെട്ടു പോകും. വോട്ടുറപ്പിക്കാനോടുന്ന സ്ഥാനാര്‍ത്ഥികളില്‍ കോടാനുകോടി ആസ്തിയുള്ളവര്‍ ആരൊക്കെയാണെന്നാണ് സര്‍വെ ഫളം പറയുന്നത്. തെരഞ്ഞെടുപ്പു കമ്മിഷന് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറഞ്ഞിട്ടുള്ള തുകയും സ്ഥാനാര്‍ത്ഥികളുടെ യഥാര്‍ഥ ആസ്തിയും ഒന്നാണോയെന്നും സംഘടന വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സമ്പത്തിന്റെ കാര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഒന്നിനൊന്നു മെച്ചമാണ്. പൊതു തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 450 കോടിപതി സ്ഥാനാര്‍ത്ഥികളുണ്ടെന്നാണ് കണക്കുകള്‍. ബി.ജെ.പിയ്ക്ക് കോടികളുടെ ആസ്തിയുള്ള 69 സ്ഥാനാര്‍ത്ഥികളുണ്ട്. ഒട്ടും കുറയ്ക്കാതെ കോണ്‍ഗ്രസുമുണ്ട്. 49 സ്ഥാനാര്‍ത്ഥികള്‍. എ.ഐ.എ.ഡി.എം.കെയ്ക്ക് 35 സ്ഥാനാര്‍ത്ഥികളാണ് കോടികളുടെ ആസ്തിയുള്ളവര്‍. ഡി.എം.കെയ്ക്ക് 21 കോടിപതികളുണ്ട്. ബി.എസ്.പിക്ക് 18 പേരുണ്ട്. തൃണമൂല്‍, ആര്‍.ജെ.ഡി പാര്‍ട്ടികള്‍ക്ക് 4 വീതം കോടീശ്വരന്‍മാരുമുണ്ട്.
എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 35.61 കോടി, ഡി.എം.കെയ്ക്ക് 31.22 കോടി, കോണ്‍ഗ്രസിന് 27.79 കോടി, ബി.ജെ.പിക്ക് 22.37. എന്നാല്‍, ഇവരുടെയെല്ലാം ആസ്തികള്‍ ഒരുമിച്ചു ചേര്‍ത്താല്‍ കിട്ടുന്ന ആസ്തിയ്ക്കുടമയായ ഒരു സ്ഥാനാര്‍ത്ഥിയുണ്ട്. അയാളുടെ പേരാണ് നകുല്‍നാഥ്. 716.94 കോടി രൂപയാണ് അയാളുടെ ആകെ ആസ്തി കണക്കാക്കിയിരിക്കുന്നത്.
സ്ഥാവര ജംഗമ വസ്തുക്കള്‍, ഭാര്യയുടെയും മക്കളുടെയും സ്വത്തു വകകളുടെ കണക്കുകള്‍, സ്വര്‍ണ്ണം, വജ്ര്ം, രത്‌നങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ മൂല്യം. ബാങ്ക് അക്കൗണ്ടുകളിലെ പണം, നിക്ഷേപങ്ങള്‍ തടുങ്ങിയുള്ളവയുടെ കണക്കുകള്‍ എല്ലാം ചേര്‍ത്താണ് ഈ ആസ്തി വിവരങ്ങള്‍.
കോണ്‍ഗ്രസിന്റെ ചിന്ദ്വാര സ്ഥാനാര്‍ത്ഥി നകുല്‍ നാഥാണ് പൊതു തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലെ സ്ഥാനാര്‍ത്ഥികളുടെ ആസ്തിയില്‍ മുമ്പനും വമ്പനും. തൊട്ടു പിന്നില്‍ എ.ഐ.എ.ഡി.എം.കെ ഈറോഡ് സ്ഥാനാര്‍ത്ഥി അശോക് കുമാറാണ്. 662.46 കോടി രൂപയാണ് ഇയാളുടെ ആസ്തി. ശിവഗംഗയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ദേവനാഥന്‍ യാദവ് ടിയുടെ ആസ്തി 304.92 കോടി രൂപയുമാണ്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ പൊന്‍രാജ് കെ (തൂത്തുക്കുടി), കാര്‍ത്തിക് ഗെന്‍ഡ്ലാല്‍ജി ഡോക്ക് (രാംടെക്), സൂര്യമുത്തു (ചെന്നൈ നോര്‍ത്ത്) എന്നിവര്‍ ഏറ്റവും കുറഞ്ഞ ആസ്തി പ്രഖ്യാപിച്ചു. പത്ത് സ്ഥാനാര്‍ത്ഥികള്‍ പൂജ്യം ആസ്തിയും പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19നാണ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
1,625 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ഇവരില്‍ 16 ശതമാനം പേര്‍ ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികളാണ്. അതേസമയം, ഇതില്‍ 28 ശതമാനം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. 1,625 സ്ഥാനാര്‍ത്ഥികളില്‍ 1,618 പേരുടെ സത്യവാങ്മൂലം വിശകലനം ചെയ്ത ശേഷമാണ് എ.ഡി.ആര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.