ചൂടാണ് ശ്രദ്ധിക്കണം,മൂത്രാശയ രോഗങ്ങൾക്ക് സാധ്യത: ഈ ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ടോ?

പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളില്‍ വളരെ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് മൂത്രാശയ അണുബാധ. പുരുഷന്മാരില്‍ ശരീരത്തുനിന്ന് പുറത്തേക്കു നീളുന്ന മൂത്രക്കുഴലിലൂടെയാണ് മൂത്രം പുറത്തേക്കു പോകുന്നത്. എന്നാല്‍ സ്ത്രീകളില്‍ അങ്ങനെയല്ല.

സ്ത്രീകളുടെ മൂത്രനാളിക്ക് പുരുഷന്മാരേ അപേക്ഷിച്ച് നീളം കുറവാണ്. അതിനാല്‍ മൂത്രനാളിയിലൂടെ അണുബാധ അകത്തേക്കു വ്യാപിക്കുന്നു. മലദ്വാരത്തില്‍നിന്നുള്ള ബാക്ടീരിയകള്‍ മൂത്രനാളിയിലേക്കു കടക്കാനും എളുപ്പമാണ്. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ് മൂത്രാശയ അണുബാധയ്ക്കു കാരണമാകുന്നത്.

മൂത്രവ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് രോഗമായിത്തീരുന്നത്. മൂത്രാശയ അണുബാധയ്ക്ക് ഏറ്റവും കൂടുതല്‍ കാരണമായിത്തീരുന്നത് ഇ-കോളി ബാക്ടീരിയയാണ്. മലദ്വാരത്തിലും മലാശയത്തിലുമാണ് ഈ ബാക്ടീരിയ സാധാരണ കാണപ്പെടുന്നത്.

ശോധനയ്ക്കുശേഷം ശരിയായ രീതിയില്‍ കഴുകാത്ത സാഹചര്യത്തില്‍ ഈ ബാക്ടീരിയകള്‍ മൂത്രനാളിയില്‍ പ്രവേശിക്കുന്നു. മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ അണുബാധ ഉണ്ടാകാം.

അണുബാധ ഉള്ളിലേക്ക് വ്യാപിക്കുന്നതോടെ വൃക്കകളെ ബാധിക്കുന്ന പൈലോനെഫ്രൈറ്റിസ് എന്ന ഗുരുതര അവസ്ഥയ്ക്കു കാരണമാകുന്നു.

ലക്ഷണങ്ങള്‍

  • അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍
  • മൂത്രം ഒഴിക്കുന്നതിനുമുമ്പോ ശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും
  • അടിവയറ്റില്‍ വേദന
  • മൂത്രം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുക
  • മൂത്രത്തില്‍ പഴുപ്പ് ഉണ്ടാവുക
  • രക്തത്തിന്റെ അംശം മൂത്രത്തില്‍ കാണപ്പെടുക
  • മൂത്രത്തിന് രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടാവുക
  • മൂത്രം കലങ്ങിപ്പോവുക
  • അറിയാതെ മൂത്രം പോകുക

ചികിത്സ

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ മൂത്ര പരിശോധന നടത്തണം. മൂത്രം കള്‍ച്ചര്‍ ചെയ്തു കൃത്യമായ രോഗനിര്‍ണയം നടത്താവുന്നതാണ്. ഏതുതരം അണുക്കളാണ് വളരുന്നതെന്ന് കൃത്യമായി മനസിലാക്കുന്നതിനു വേണ്ടിയാണിത്. അണുബാധ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ ആരംഭിക്കണം.

ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നതിലൂടെ അണുബാധ ഭേദമാകുന്നതാണ്. കൃത്യമായ കാലയളവില്‍ ഡോക്ടര്‍ പറയുന്ന സമയം വരെ ആന്റിബയോട്ടിക്‌സ് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വയം ചികിത്സയ്ക്കു മുതിരരുത്.

സാധാരണ മൂത്രാശയ അണുബാധയ്ക്ക് 5-7 ദിവസംവരെ ആന്റിബയോട്ടിക്‌സ് കഴിക്കണം. രോഗം വൃക്കയിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കില്‍ 2-3 ആഴ്ചവരെ ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടിവരാം.

മരുന്നു കഴിച്ചു അണുബാധ പൂര്‍ണമായും മാറിയാലും വീണ്ടും വരാതെ ശ്രദ്ധിക്കണം. മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ മൂത്രാശയ അണുബാധ പ്രതിരോധിച്ചു നിര്‍ത്താവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്

  • ദിവസവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക
  • മൂത്രം ഒഴിക്കണമെന്ന് തോന്നിയാല്‍ പിടിച്ചു വയ്ക്കാതെ ഉടന്‍ മൂത്രം ഒഴിക്കുക
  • വ്യക്തിശുചിത്വം പാലിക്കണം
  • മലവിസര്‍ജനത്തിനുശേഷവുംം മൂത്രം മൂത്രവിസര്‍ജനത്തിനുശേഷവും കഴുകുമ്പോള്‍ മുന്നില്‍നിന്ന് പിന്നിലേക്ക് മാത്രം കഴുകുക

മൂത്രാശയ കല്ല്

നില്‍ക്കാനും ഇരിക്കാനും കഴിയാത്ത അസഹ്യമായ വേദന. പലപ്പോഴും മൂത്രാശയക്കല്ലുകള്‍ തിരിച്ചറിയപ്പെടുന്നത്ഇങ്ങനെയായിരിക്കും. വൃക്കിയിലോ മൂത്രസഞ്ചിയിലോ മൂത്രവാഹിനിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്.

ശരീരത്തില്‍ തന്നെയുള്ള ചില ലവണങ്ങളുടെ നേരിയ തരികള്‍ കൂടിച്ചേര്‍ന്ന് ഉണ്ടാകുന്നവയായിരിക്കും ഇവ. കാത്സ്യം ഓക്‌സലേറ്റ്, യൂറിക് ആസിഡ് എന്നീ കല്ലുകളാണ് കൂടുതലായി കാണപ്പെടുന്നത്. മിക്കയാളുകളുടെയും ശരീരത്തില്‍ ചെറിയ മൂത്രാശയകല്ലുകള്‍ ഉണ്ടാകാറുണ്ട്.

ആവശ്യത്തിന് മൂത്രം ഒഴിക്കുകയും സമയാസമയങ്ങളില്‍ മൂത്രമൊഴിക്കുകയും ചെയ്യുന്നവരില്‍ ഉണ്ടാകുന്ന ചെറിയ കല്ലുകള്‍ മൂത്രം ഒഴിക്കുമ്പോള്‍ പുറത്തു പോകുന്നതാണ്.

ആറുസെന്റീമീറ്റര്‍വരെയുള്ള കല്ലുകള്‍ തനിയേ പോകുന്നതിനുള്ള സാധ്യത 70 ശതമാനമാണ്. കല്ല് തനിയേ പോകുന്നില്ലെങ്കില്‍ മാത്രമേ മറ്റ് ചികിത്സയുടെ ആവശ്യമുള്ളൂ.

മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങള്‍തന്നെയാണ് മൂത്രാശയകല്ലിന്റേയും. വയറിന്റെ വശങ്ങളില്‍നിന്നും പുറകില്‍നിന്നും അനുഭവപ്പെടുന്ന വേദന, ചിലപ്പോള്‍ മൂത്രത്തിനൊപ്പം രക്തം കലര്‍ന്നു പോകാം എന്നിവയാണ് മൂത്രാശയ കല്ലിന്റെ പ്രധാന ലക്ഷണങ്ങള്‍.

മൂത്രാശയ അണുബാധ ഒരു തവണ ചികിത്സിച്ചിട്ടും മാറിയില്ലെങ്കില്‍ മൂത്രാശയകല്ല് ഉണ്ടോയെന്ന് എക്‌സറേയിലൂടെയോ സ്‌കാന്‍ ചെയ്യ്‌തോ ഉറപ്പിക്കണം. കല്ലിന്റെ വലിപ്പവും അത് ഇരിക്കുന്ന അവസ്ഥയും അനുസരിച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്.

ചികിത്സ

ആറ് മില്ലിമീറ്റര്‍ വരെ വലിപ്പമുള്ള കല്ലുകള്‍ക്ക് സാധാരണ ചികിത്സയൊന്നും ആവശ്യമായി വരാറില്ല. കല്ല് തനിയേ പോകാതിരിക്കുകയോ വേദന ഉണ്ടാക്കുയോ ചെയ്താല്‍ മാത്രമാണ് ചികിത്സ ആവശ്യമായി വരുന്നത്.

വലിയ കല്ലുകളാണെങ്കില്‍ പൊടിച്ചു കളയുകയോ എടുത്തുകളയുകയോ ചെയ്യേണ്ടി വരാം. വൃക്കയിലെ കല്ലു നീക്കം ചെയ്തശേഷം എന്തുകൊണ്ടാണ് കല്ലുണ്ടായതെന്ന് കണ്ടെത്തണ്ണം. വീണ്ടും കല്ലുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയും വേണം.

ശ്രദ്ധിക്കേണ്ടത്

  • നിത്യവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം
  • മൂത്രത്തില്‍ ആസിഡ് സ്വഭാവം വര്‍ധിപ്പിക്കുന്ന ഭക്ഷണമാണ് ഇറച്ചി. ഇത് കല്ല് ഉണ്ടാകുന്നതിന് കാരണമാകുന്നു. അതിനാല്‍ അമിതമായി ഇറച്ചി കഴിക്കുന്നത് ഒഴിവാക്കണം.
  • പച്ചതക്കാളി, കാബേജ്, ചോക്ലേറ്റ്, ബദാം, എണ്ണ കൂടുതലുള്ളവ ഭക്ഷണങ്ങള്‍ ഇവ ധാരാളമായി കഴിക്കുന്നത് കല്ല് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും.
  • മൂത്രം ഒഴിക്കാതെ പിടിച്ചുവയ്ക്കുന്നത് കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകും.
  • ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാകുന്നവര്‍ കാരണം കണ്ടെത്തി ചികിത്സ തേടണം. അണുബാധകള്‍ ചിലപ്പോള്‍ കല്ലിന് കാരണമാകാം.
Read More  മുഖം കരുവാളിക്കാതിരിക്കാൻ ഈ ചൂടത്ത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ വേണം സൺ ക്രീം: എന്ത് കൊണ്ട് ഉപയോഗിക്കണം?