ബിഗ്ബോസില്‍ ലാല്‍ സാര്‍ നിസ്സഹായനാണ്: സന്ധ്യാ മനോജ്

അഭിനേത്രിയും നര്‍ത്തകിയും യോഗാ ട്രെയ്നറും ബിഗ്ബോസ് താരവുമായ സന്ധ്യാ മനോജ് സംസാരിക്കുന്നു

സ്വകാര്യ ചാനലിലെ ഷോ ആയ ബിഗ്ബോസിലൂടെ ചലച്ചിത്ര രംഗത്തെത്തിയ താരമാണ് സന്ധ്യാ മനോജ്. ആ ഷോയില്‍ ഉറച്ച നിലപാടുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സന്ധ്യ പിന്നീട് മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. രാജ്യത്തിനകത്തും പുറത്തുമായി നൃത്തവും മോട്ടിവേഷന്‍ സ്പീച്ചും നടത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തി കൂടിയാണ് സന്ധ്യാ മനോജ്. ഐജി യായി വേഷമിട്ട് ഏറെ ശ്രദ്ധ നേടിയ സന്ധ്യയുടെ പുതിയ ചിത്രമാണ് ‘എല്‍’ ആ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുമ്പോഴും ബിഗ്ബോസിലൂടെ ജനപ്രിയ താരമായി മാറിയ സന്ധ്യ ബിഗ്ബോസ് ഷോയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ്.

ബിഗ്ബോസില്‍ ഇപ്പോള്‍ നടക്കുന്നത് തെറിവിളിയും ബഹളങ്ങളും മാത്രമാണ്. ഒരു തരത്തിലും അതിനെ പോസിറ്റീവായി കാണാനാവില്ലെന്ന് സന്ധ്യാ മനോജ് പറയുന്നു. ഈ ബഹളത്തിനിടയില്‍ ലാല്‍ സാര്‍ നിസ്സഹായനാണ്. അദ്ദേഹത്തിന് ഒന്നും ചെയ്യാനാവില്ല.പക്ഷേ ബിഗ്ബോസിനെ വിമര്‍ശിക്കാനും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനും മീഡിയയും തയ്യാറാകുന്നില്ല. ഞാന്‍ മൂന്നാമത് സീസണിലാണ് ബിഗ്ബോസില്‍ അംഗമായത്. അതില്‍ പങ്കെടുത്ത എല്ലാവരും കലാകാരന്മാരായിരുന്നു.

ഓരോരുത്തരുടെയും ക്രിയേറ്റിവിറ്റി നല്ല രീതിയില്‍ വിനിയോഗിക്കാനും ആ ഷോയില്‍ കഴിഞ്ഞു. പങ്കെടുക്കുന്നവര്‍ക്ക് അവരവരുടേതായ മാന്യത പോലും നിലനിര്‍ത്തിക്കാണുന്നില്ല. അതിലെ അംഗങ്ങള്‍ വിവിധ മേഖലകളിലെ പ്രതിനിധികളാണ്. അതിന്‍റെ അന്തസ്സ് നിലനിര്‍ത്താന്‍ അവര്‍ തയ്യാറാവണം. പ്രോഗ്രാം നല്ല രീതിയില്‍ നടന്നുകാണാനുള്ള ആഗ്രഹം കൊണ്ട് ഞാന്‍ പറയുന്നതാണ്.ആരെയും കുറ്റപ്പെടുത്താന്‍ പറയുന്നതുമല്ല. എന്‍റെ അഭിപ്രായത്തെ ദയവായി പോസിറ്റീവായി കാണണം. സന്ധ്യാ മനോജ് പറഞ്ഞു.

വരാല്‍, അസ്ത്ര, എല്‍ എന്നീ ചിത്രങ്ങളിലെല്ലാം ഉയര്‍ന്ന പോലീസ് ഓഫീസറുടെ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സന്ധ്യാ മനോജ്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം കൈനിറയെ ചിത്രങ്ങളായിരുന്നു സന്ധ്യയ്ക്ക്. എട്ടോളം ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. പുതിയ ചിത്രമായ എല്‍ എന്ന മൂവിയില്‍ ഐ ജിയുടെ വേഷമാണ് സന്ധ്യ ചെയ്തത്. ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രമുഖ നര്‍ത്തകിയായ സന്ധ്യാ മനോജിന് നൃത്തരംഗത്തെക്കുറിച്ചും വ്യക്തമായ നിലപാടുണ്ട്.

ഞാന്‍ നൃത്തത്തിലായാലും യോഗയിലായാലും സമര്‍പ്പിച്ചുതന്നെ ജീവിക്കുന്നയാളാണ്. അതുകൊണ്ടുതന്നെ മത്സര രംഗത്തേക്കും സമ്മാനങ്ങള്‍ വാരിക്കൂട്ടാനുമായി നൃത്തം പഠിക്കാനെത്തുന്നവരെ ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല. അങ്ങനെയുള്ളവരെ ഞാന്‍ പഠിപ്പിക്കാറില്ല. നൃത്തം പഠിക്കാനും അതൊരു കലയായി കൊണ്ടുനടക്കാനും താല്പര്യമുള്ളവരെ ഞാന്‍ പഠിപ്പിക്കാറുള്ളൂ. അതെന്‍റെ നിലപാടാണ്. വളരെ വര്‍ഷങ്ങളായി നൃത്തരംഗത്തായാലും പേഴ്സണല്‍ ലൈഫിലായാലും ഞാന്‍ വളരെ കര്‍ക്കശമായ ഉറച്ച തീരുമാനങ്ങളോടെ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നയാളാണ്. അഭിപ്രായങ്ങള്‍ നമ്മള്‍ പറയുമ്പോള്‍ അത് പലര്‍ക്കും അരോചകമായി തോന്നിയേക്കാം. പക്ഷേ നമ്മുടെ നിലപാടുകള്‍ തുറന്നുപറഞ്ഞേ തീരൂ. സന്ധ്യാ മനോജ് പറയുന്നു.

Read also: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സിനിമ ഗാനങ്ങളുടെ വൈനൽ റെക്കോർഡുമായി ടീം ‘വർഷങ്ങൾക്ക് ശേഷം’