മകന്‍ തോല്‍ക്കുമെന്ന് എ.കെ. ആന്റണി; ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടിയെന്ന് അനില്‍ ആന്റണി

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പു ചൂടിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് അച്ഛനും, ബി.ജെ.പി സ്ഥാനാര്‍ത്ഥി മകനും. പത്തനംതിട്ടയില്‍ തന്റെ മകന്‍ അനില്‍ ആന്റണി തോല്‍ക്കും. തോല്‍ക്കണം അതാണ് കോണ്‍ഗ്രസ്സകാരനായ എന്റെ ആഗ്രഹമെന്ന് എ.കെ. ആന്റണി പറഞ്ഞതിനു പിന്നാലെ കുറിക്കു കൊള്ളുന്ന മറുപടിയുമായി അില്‍ ആന്റണിയും അച്ഛനെതിരേ കളം നിറഞ്ഞു. ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടിയെപ്പോലെയാണ് തനിക്കു തോന്നുന്നതെന്ന് അനില്‍ ആന്റണി തിരിച്ചടിക്കുകയാണ് ചെയ്തിരിക്കുന്നത്. പാക്കിസ്താന്‍-ഇന്ത്യ യുദ്ധത്തില്‍ പാകകിസ്താനു വേണ്ടി വാദിച്ച രാജ്യ വിരുദ്ധരുടെ കൂടാരമാണ് കോണ്‍ഗ്രസ്സ്.

രാജ്യ വിരുദ്ധനായ ആന്റോ ആന്റണിക്കുവേണ്ടി പറയുന്ന അച്ഛനെയോര്‍ത്ത് സഹാപമേയുള്ളൂ. കാലഹരണപ്പെട്ട, ഗാന്ധി കുടുംബത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ വാക്കുകള്‍ ആരും കേള്‍ക്കില്ലെന്നും അനില്‍ ആന്റണി പറയുന്നു. പത്തനം തിട്ടയില്‍ താന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അനില്‍ ഉറപ്പിച്ചു പറയുമ്പോള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കു വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കഴിയാത്തത്, ആരോഗ്യ സ്ഥിത മോശമായതു കൊണ്ടാണെന്ന് എ.കെ ആന്റണി പറയുന്നു. എന്നാല്‍, തന്റെ മകന്‍ തോല്‍ക്കണമെന്നും, തോല്‍ക്കുമെന്നും, കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റാണെന്നും ആന്റണി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി.

മക്കളെപ്പറ്റി തന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. താന്‍ ആ ഭാഷ ശീലിച്ചിട്ടില്ല. കെഎസ്യു കാലം മുതല്‍ കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്നാണ് തന്റെ നിലപാടെന്നും ആന്റണി പറയുമ്പോള്‍ കാലഹരണപ്പെട്ട കുറേ നേതാക്കളും പാര്‍ട്ടിയുമാണ് കോണ്‍ഗ്രസെന്നും, സോണിയാ ഗാന്ധിയുടെയും മക്കളുടെയും കുടംബത്തിനു വേണ്ടിമാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ നേതാവിനോട് സഹാപമേയുള്ളൂവെന്നുമാണ് അനില്‍ ആന്റണിയുടെ പ്രതികരണം. തന്റെ മതം കോണ്‍ഗ്രസ് ആണെന്നും ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്താകുമെന്നും ആന്റണിയുടെയും കരുണാകരന്റെയും മക്കള്‍ ബിജെപിയിലേക്ക് പോയതിനെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടനാമൂല്യങ്ങള്‍ അട്ടിമറിക്കപ്പെടും. ജനാധിപത്യത്തിന്റെ അന്ത്യത്തിനു തുടക്കമാകും. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്രത്തില്‍ ബിജെപി ഭരണം അവസാനിപ്പിക്കണമെന്നും അതാണ് തിരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാന്‍ കഴിയണം. ഭരണഘടന സംരക്ഷിക്കേണ്ട, ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിത്. ഇന്ത്യയെന്ന ആശയം വലിയ വെല്ലുവിളി നേരിടുന്നു. 10 വര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാര്‍ ആ ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.

ആര്‍എസ്എസിന്റെ പിന്‍സീറ്റ് ഭരണം അവസാനിപ്പിക്കലാകണം തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം. ഇന്ത്യ മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം. കേരളത്തില്‍ പിണറായിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരായി 20 സീറ്റും യുഡിഎഫിനു നല്‍കണമെന്നും എ.കെ.ആന്റണി പറയുമ്പോള്‍ പോരാട്ടം കുടുംബത്തിലേക്ക് ഒതുങ്ങുന്നുണ്ടോയെന്നാണ് ജനങ്ങള്‍ സംശയിക്കുന്നത്. അച്ഛന്റെ രാഷ്ട്രീയവും മകന്റെ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടത്തില്‍ വിജയിക്കേണ്ടത് ആരാണെന്നു മാത്രമോ അറിയേണ്ടതുള്ളൂ. വാര്‍ത്താ സമ്മേളനം നടത്തുന്നതിനേക്കാള്‍ ഇംപാക്ട് പത്തനംതിട്ട മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയാല്‍ ലഭിച്ചേനെ എന്നാണ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

ആനില്‍ ആന്റണിക്കു വേണ്ടി നരേന്ദ്രമോദി എത്തിയെങ്കില്‍ ആന്റോ ആന്റണിക്കു വേണ്ടി അനിന്‍ ആന്റണിയുടെ അച്ഛന്‍ എ.കെ. ആന്റണി പ്രചാരണത്തിനിറങ്ങേണ്ടതായിരുന്നു. മകന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ മകനെതിരേ പ്രചാരണത്തിനിറങ്ങരുതെന്ന് ആന്റണിയുടെ ഭാര്യ എലിസബത്ത് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും സംയിക്കുന്നവരുണ്ട്. അച്ഛനെ പത്തനംതിട്ടയിലേക്ക് വിടരുതെന്ന് അനില്‍ ആന്റണി അമ്മയോട് പറഞ്ഞിട്ടുണ്ടാകാനും സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെ കുടുംബ രാഷ്ട്രീയം കൊണ്ട് ശ്രദ്ധേയമായ പത്തനം തിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ പ്രചാരണം നിശബമായിപ്പോയെന്നാണ് സൂചനകള്‍.

വാര്‍ത്താ സമ്മേളനത്തില്‍ സി.പി.എമ്മിനെതിരേയും പിണറായി വിജയനെതിരേയും എ.കെ. ആന്റണി കത്തിക്കയറി. ഭരണഘടന സംരക്ഷിക്കുന്നതിനെ കുറിച്ച് വാചാലനാകുന്ന പിണറായിയുടെ പാര്‍ട്ടിക്ക് ഭരണഘടന ഉണ്ടാക്കിയതില്‍ ഒരു പങ്കുമില്ലെന്നും ഭരണഘടന നിര്‍മിച്ചതിന്റെ അവകാശം കോണ്‍ഗ്രസിനും അംബേദ്കര്‍ക്കും മാത്രമാണെന്ന് എ.കെ.ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് പിണറായി വിജയന്റെ പാര്‍ട്ടിയുടെ പൂര്‍വികര്‍. എന്നിട്ടും കോണ്‍ഗ്രസിനെ ആക്ഷേപിച്ചാല്‍ കേരളം പിണറായിക്ക് മാപ്പ് തരില്ല. അരിയാഹാരം കഴിക്കുന്ന മലയാളികള്‍ പിണറായിയുടെ അവകാശ വാദങ്ങള്‍ നിരാകരിക്കും. ഏപ്രില്‍ 26ന് അതാണ് നടക്കുക.

മലയോര മേഖലയിലെ വന്യജീവി ശല്യം കേരളത്തിലേത് പോലെ എവിടെയുമില്ല. മലയോര കര്‍ഷകരെ അവിടെനിന്ന് ഓടിക്കാനുള്ള നീക്കം ഇതിനു പിന്നിലുണ്ടോ എന്നും സംശയമുണ്ട്. ജനം ഇതൊന്നും മറക്കില്ല. ജീവിക്കാന്‍ വഴിയില്ലാതെ റഷ്യയില്‍ യുദ്ധം ചെയ്യാന്‍ വരെ യുവാക്കള്‍ പോകുന്നു. പ്രതീക്ഷ നശിച്ച് കേരളത്തില്‍ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് യുവാക്കള്‍ തിരിച്ചറിയുന്നു. ഇങ്ങനെ പോയാല്‍ കേരളം ഇതരസംസ്ഥാന തൊഴിലാളികളുടെ മാത്രം നാടായി മാറുമെന്നും ആന്റണി പറഞ്ഞു.

ഏറ്റവും വലിയ അബദ്ധമാണ് തുടര്‍ഭരണമെന്നും അതിന്റെ ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്നും എ.കെ.ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയമായിട്ടു പോലും പാനൂരില്‍ ബോംബ് ഉണ്ടാക്കുന്നു. പണ്ട് ഇത് സ്ഥിരം പരിപാടിയായിരുന്നു. വനിതകള്‍ക്ക് സീറ്റ് നല്‍കിയത് കുറഞ്ഞതായി ആന്റണി പറഞ്ഞു. അത് സീറ്റ് പട്ടികയുടെ പോരായ്മയായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ കുറവ് പരിഹരിക്കുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി എ.കെ.ആന്റണി പറഞ്ഞു.