ഇന്ത്യയെയും ഇന്ത്യയുടെ ആശയത്തെയും വീണ്ടെടുക്കാനും സംരക്ഷിക്കാനുമുള്ള ജീവൻമരണ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി. ഡു ഓർ ഡൈ എന്ന ചിന്ത എല്ലാവരിലും ഉണ്ടാവണം. ഇനിയും മോദിയും ബിജെപിയും അധികാരത്തിലെത്തിയാൽ ജനാധിപത്യത്തിന്റെ അന്ത്യമായിരിക്കും. ബിജെപി ഭരണത്തിൽ ഭരണഘടനയും അതിന്റെ അടിസ്ഥാനമൂല്യങ്ങളും അപ്പാടെ തകർക്കപ്പെടുമെന്നും ആ ആപത്ത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി മാധ്യമ സമിതിയുടെ നേതൃത്വത്തിൽ ഇന്ദിരാഭവനിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാൻ കഴിയണം. എല്ലാവർക്കും സമത്വവും മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണനയും നാനാത്വത്തിൽ ഏകത്വവും വിളംബരം ചെയ്യുന്ന രീതിയിലാണ് ഇന്ത്യൻ ഭരണഘടന നിർമ്മിക്കപ്പെട്ടത്. ആ ഭരണഘടനാ നിർമാണത്തിൽ ഡോ. ബിആർ അംബേദ്ക്കർക്കും കോൺഗ്രസിനുമല്ലാതെ മറ്റാർക്കും യാതൊരു അവകാശവുമില്ല.
ഭരണഘടന സംരക്ഷിക്കുന്നതിനെ കുറിച്ച് വാചാലനാകുന്ന പിണറായിയുടെ പാർട്ടിക്ക് ഭരണഘടന ഉണ്ടാക്കിയതിൽ ഒരു പങ്കുമില്ല. ഭരണഘടനയുടെ പേരിൽ കോൺഗ്രസിനെ വിമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് അവകാശമില്ലെന്നും, ഭരണഘടന അട്ടിമറിക്കാനും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള നെഹ്റു ഭരണത്തിനെതിരെ സായുധ വിപ്ലവം നടത്താനും ശ്രമിച്ചവരാണ് പിണറായി വിജയന്റെ പൂർവികരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെന്ന ആശയം വലിയ വെല്ലുവിളി നേരിടുന്നു. 10 വർഷമായി നരേന്ദ്രമോദി സർക്കാർ ആ ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ആർഎസ്എസിന്റെ പിൻ സീറ്റ് ഡ്രൈവിങ് അവസാനിപ്പിക്കലാകണം തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം. ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരണം- ആന്റണി ചൂണ്ടിക്കാട്ടി. കോൺഗ്രസിനെ ആക്ഷേപിച്ചാൽ കേരളം പിണറായിക്ക് മാപ്പ് തരില്ല. അരിയാഹാരം കഴിക്കുന്ന മലയാളികൾ പിണറായിയുടെ അവകാശ വാദങ്ങൾ നിരാകരിക്കും.
ഏപ്രിൽ 26ന് അതാണ് നടക്കുക. കേരളത്തിന്റെ സമസ്ത മേഖലയും തകർത്ത് തരിപ്പണമാക്കി. നെൽ, റബർ, നാളികേര കർഷകർ ആകെ ദുരിതത്തിലായി. മലയോര മേഖലയിലെ വന്യജീവി ശല്യം കേരളത്തിലേത് പോലെ എവിടെയുമില്ല. മറ്റ് സംസ്ഥാനങ്ങളിൽ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് നടപടികളുണ്ട്. അക്കാര്യത്തിൽ ദീർഘവീക്ഷണത്തോടെയുള്ള നടപടികളില്ലാത്തതാണ് പ്രശ്നം ഗുരുതരമാക്കിയത്. മലയോര കർഷകരെ അവിടെനിന്ന് ഓടിക്കാനുള്ള ദുഷ്ടലാക്ക് പോലും ഇതിനു പിന്നിലുണ്ടോ എന്നും സംശയമുണ്ട്.
ജനം ഇതൊന്നും മറക്കില്ല. വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും യുവാക്കൾ കൂട്ടത്തോടെ ഒഴുകുകയാണ്. ജീവിക്കാൻ വഴിയില്ലാതെ റഷ്യയിൽ യുദ്ധം ചെയ്യാൻ വരെ യുവാക്കൾ പോകുന്നു. പ്രതീക്ഷ നശിച്ച് കേരളത്തിൽ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് യുവാക്കൾ തിരിച്ചറിയുന്നു. ഇങ്ങനെ പോയാൽ കേരളം ഇതരസംസ്ഥാന തൊഴിലാളികളുടെ മാത്രം നാടായി മാറുമെന്നും ആന്റണി പറഞ്ഞു.
ഏറ്റവും വലിയ അബദ്ധമായിരുന്ന കേരളത്തിൽ പിണറായിക്ക് തുടർഭരണം നൽകിയത്. അതിന്റെ ദുരിതമാണ് കേരളം അനുഭവിക്കുന്നത്. ഇടതു സർക്കാരുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഇനി കേരളത്തിന് കരകയറാൻ കഴിയുമോയെന്ന് സംശയമാണ്. അടുത്ത സർക്കാരിന് അത് വലിയ പ്രയാസമുണ്ടാക്കും. ജനങ്ങൾ മുണ്ടുമുറുക്കി ഉടുത്തു നടക്കുമ്പോഴും മന്ത്രിമാരും മുഖ്യമന്ത്രിയും ധൂർത്തും ആഢംബരവും തുടരുകയാണ്.
അക്രമ രാഷ്ട്രീയമാണ് സിപിഎമ്മിന്റെ ആയുധം. തെരഞ്ഞെടുപ്പ് കാലത്ത് പോലും അവർ ബോംബുണ്ടാക്കുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് പ്രാതിനിധ്യം കുറഞ്ഞുപോയില്ലേ എന്ന ചോദ്യത്തിന് അത് ഒരു പോരായ്മയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ആ കുറവ് പരിഹരിക്കുമെന്നും എ.കെ ആന്റണി പറഞ്ഞു. മുഖാമുഖം പരിപാടിയിൽ മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്, കൺവീനർ ദീപ്തി മേരി വർഗീസ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ടിയു രാധാകൃഷ്ണൻ, ജി.എസ് ബാബു, ജി സുബോധൻ, രാഷ്ട്രീയ പ്രചരണ സമിതി കൺവീനർ പന്തളം സുധാകരൻ, വാർ റൂം കോ-ഓർഡിനേറ്റർ മണക്കാട് സുരേഷ്, ഒഐസിസി ഇൻകാസ് ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള എന്നിവരും പങ്കെടുത്തു.