കേരളത്തിലെ ചില സഹകരണ ബാങ്കുകൾ സി പി എം ഘടകങ്ങളുടെയും നേതാക്കളുടെയും അഴിമതിപ്പണ നിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.കേരളത്തിലുടനീളം സി പി എം ജില്ലാ, ഏരിയ, ലോക്കൽ കമ്മറ്റികൾക്ക് നിരവധി ബാങ്കുകളിൽ രഹസ്യ അക്കൗണ്ടുണ്ട്. സി.പി.എം നേതാക്കളിൽ പലരും ഭാര്യയുടെയും മക്കളുടെയും പേരിലാണ് അഴിമതിപ്പണം നിക്ഷേപിച്ചിട്ടുള്ളത്.
കള്ളപ്പണ നിരോധന നിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കേണ്ടതാണ്. സഹകരണ ബാങ്കുകളിലും സംഘങ്ങളിലും പണം നിക്ഷേപിക്കുന്നവരുടെ നിക്ഷേപ, പലിശ വിവരങ്ങൾ യഥാസമയം ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന കേന്ദ്ര നിയമം പലയിടത്തും ലംഘിക്കപ്പെടുകയാണ്. പലിശ വരുമാനത്തിന്റെ ടി.ഡി.എസ് നിക്ഷേപകരിൽ നിന്നും പിടിയ്ക്കുകയോ ആദായ നികുതി വകുപ്പിൽ അടയ്ക്കുകയോ ചെയ്യുന്നില്ല.
പല സഹകരണ സംഘങ്ങളും ‘ബാങ്ക് ‘ എന്ന് അനധികൃതമായി നാമകരണം ചെയ്താണ് നിക്ഷേപ സമാഹരണവും വായ്പ തട്ടിപ്പും നടത്തുന്നത്. ചില സഹകരണ സംഘ ഭാരവാഹികൾ സ്ഥാപനത്തെ സ്വകാര്യ സ്വത്താക്കി മാറ്റി ദുർവിനിയോഗം ചെയ്യുകയാണ്. സി.പി. എം നേതാക്കളുടെ കുടുംബാംഗങ്ങളാണ് മിക്ക സഹകരണ ബാങ്കുകളിലെയും ജീവനക്കാർ.