കാസർഗോഡ് ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും, അസാന്മാർഗിക പ്രവർത്തനം നടക്കുന്നു എന്നും ഓൺലൈൻ മാധ്യമത്തോട് തുറന്നുപറഞ്ഞ കാസർഗോഡ് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. എം രമയെ എസ്എഫ്ഐയുടെ സമ്മർദ്ദത്തിന്റെ ഫലമായി സ്ഥലം മാറ്റിയത് അടക്കമുള്ള എല്ലാ സർക്കാർ നടപടികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
വിധി രമയ്ക്ക് അനുകൂലമാകും എന്ന് മനസ്സിലാക്കി അവസാന പ്രവർത്തി ദിവസം രമക്കെതിരെ ഇറക്കിയ കുറ്റപത്രവും ഹൈക്കോടതി റദ്ദാക്കി. പെൻഷൻ തടയുവാനുള്ള നീക്കത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രേരണയിൽ എടുത്ത വകുപ്പുതല അന്വേഷണവും റദ്ദാക്കി. വകുപ്പുതല നടപടിയെടുക്കുവാൻ കോഴിക്കോട് കോളേജിയേറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർക്ക് അന്വേഷണ ചുമതല നൽകിയപ്പോൾ തന്നെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി സ്റ്റേ ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ ആണ് രമയ്ക്കെതിരെ കെട്ടിച്ചമച്ചത് എന്ന് ആരോപിക്കപ്പെടുന്ന പഴയ ഒരു പരാതി പൊടിതട്ടിയെടുത്ത് വകുപ്പ് തല നടപടിയുടെ ഭാഗമായി ശരവേഗത്തിൽ വിരമിക്കുന്നതിന് മുന്നോടിയായുള്ള അവസാന പ്രവർത്തി ദിവസം കുറ്റപത്രം നൽകിയത് . അധ്യാപികയുടെ പെൻഷൻ തടയുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് വ്യക്തം.
2022 ൽ കാസർഗോഡ് ഗവൺമെന്റ് കോളേജിൽ പ്രവേശനം നേടുവാൻ പരിശ്രമിച്ച ഒരു വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അവസാന പ്രവർത്തി ദിവസം കുറ്റപത്രം നൽകിയത് . സ്ത്രീധന നിരോധന നിയമപ്രകാരവും, റാഗിംഗ് വിരുദ്ധ ചട്ടപ്രകാരവും രക്ഷിതാക്കൾ നൽകുന്ന സത്യവാങ്മൂലം കാസർഗോഡ് ഗവൺമെന്റ് കോളേജിൽ വിദ്യാർത്ഥി പ്രവേശനത്തിന് മാനദണ്ഡമാണ് എന്നത് പ്രിൻസിപ്പാൾ എന്ന നിലയിൽ വിദ്യാർത്ഥിയെ ബോധിപ്പിച്ചപ്പോൾ രക്ഷിതാവിനെ കൊണ്ടു വന്ന് അഡ്മിഷൻ എടുത്തുകൊള്ളാം എന്ന് തീരുമാനമെടുത്ത് പോയ വിദ്യാർത്ഥിനി ബാഹ്യ സമ്മർദ്ദത്തിന്റെ ഫലമായി പ്രിൻസിപ്പാളിനെതിരെ പരാതി നൽകുകയായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു.
യുജിസി ഉത്തരവിന്റെ ഭാഗമായാണ് റാഗിംഗ് വിരുദ്ധ സത്യവാങ്മൂലത്തിൽ രക്ഷിതാവ് ഒപ്പിടേണ്ടത്. ചാൻസലറായ ഗവർണറുടെ ഉത്തരവ് പ്രകാരം രക്ഷിതാക്കൾ സ്ത്രീധനവിരുദ്ധ സത്യവാങ്മൂലത്തിൽ ഒപ്പിടണം. ലഹരി, ഗവൺമെന്റ് കോളേജിൽ വ്യാപകമാണ് എന്ന റിപ്പോർട്ടുള്ളതിനാൽ രക്ഷിതാക്കൾ അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ എത്തണമെന്ന് പിടിഎ തീരുമാനവും എടുത്തിരുന്നു. എന്നാൽ പരാതി നൽകിയ വിദ്യാർത്ഥി കാസർഗോഡ് ഗവൺമെന്റ് കോളേജിൽ താൽക്കാലികമായി പ്രവേശനം നേടുകയും ചെയ്തിരുന്നു.
വിദ്യാർത്ഥിയുടെ ഉയർന്ന ഓപ്ഷൻ ആയുള്ള തലശ്ശേരി ബ്രണ്ണൻ കോളേജിൽ പിന്നീട് വിദ്യാർഥിനി പ്രവേശം നേടുകയും ചെയ്തു. പ്രസ്തുത പരാതിയിൽ പ്രിൻസിപ്പാളിനെതിരെ തെളിമൊന്നും ഇല്ലാത്ത സാഹചര്യത്തിൽ കെട്ടിച്ചമച്ചതെന്ന് തോന്നിക്കുന്ന പരാതിയിൽ വർഷങ്ങളോളം നടപടിയൊന്നും കൈകൊണ്ടിരുന്നില്ല .എസ്എഫ്ഐയുടെ പരാതിയിൽ നിലവിലുള്ള കേസ് പരാജയപ്പെടുന്നത് സർക്കാരിന് തിരിച്ചടിയാകും എന്നുള്ള ഭീതി സൃഷ്ടിക്കപ്പെട്ട സാഹചര്യത്തിൽ 2024 ഫെബ്രുവരി 15ന് കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ ശര വേഗത്തിൽ രമ ക്കെതിരെ റിപ്പോർട്ട് നൽകുകയായിരുന്നു.
മുൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പ്രത്യേക ഇടപെടലിലൂടെ പ്രൊഫസറായി നിയമിച്ച വ്യക്തിയാണ് രമിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ച രജിസ്ട്രാർ ജോബി കെ ജോസ് എന്ന് ആരോപണമുണ്ട്. എസ്എഫ്ഐയുടെ നിരന്തരമായ സമ്മർദ്ദ ഫലമായി ഡോ. രമക്കെതിരെ വകുപ്പുതല നടപടി എടുക്കുവാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാവുകയായിരുന്നു. ഡോ. രമ , സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹിയറിങ്ങിന് മുന്നോടിയായി ഡിവിഷൻ ബെഞ്ചിൽ നിന്നും സ്റ്റേ ലഭിച്ചു. പിന്നീട് ഉള്ള ഹൈക്കോടതി സിറ്റിങ്ങിൽ രമ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഓപ്പൺ കോടതിയിൽ വീക്ഷിച്ചു. പ്രിൻസിപ്പാളിനെതിരെ പ്രത്യക്ഷത്തിൽ തെളിവുകളൊന്നുമില്ല എന്നും, എസ്എഫ്ഐയുടെ ഇടപെടൽ വ്യക്തമാണ് എന്നും കോടതി നിരീക്ഷണവും ഉണ്ടായി.
പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ഉൾപ്പെടെ പല കോളേജുകളിലും അധ്യാപകർ എസ് എഫ് ഐ ക്കെതിരെ പ്രതികരിക്കാത്തത് പകയോട് കൂടിയുള്ള ഇത്തരം സർക്കാർ നടപടികൾ ഭയന്നാണ് എന്ന് സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദത്തിനിടയിൽ അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതി ജഡ്ജിമാരായ മുഹമ്മദ് മുഷ്താഖ് , ശോഭാ അന്നമ്മ ഈപ്പൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.