വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ഡോ. അങ്കിതയും, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിജയും. മലപ്പുറം വാണ്ടൂര്‍ പോരൂര്‍ സ്വദേശിനിയായ 20 കാരിയാണ് ആംബുലന്‍സില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഞായറാഴ്ച വൈകിട്ട് 5.20നാണ് സംഭവം.
പ്രസവവേദനയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതായിരുന്നു യുവതി. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ആരോഗ്യനില വഷളാണെന്നും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നും മനസിലാക്കി ഉടനെ യുവതിയെ കോഴിക്കോട് ഐ.എം.സി.എച്ചിലേക്ക് റഫര്‍ ചെയ്തു. ഇതിനായി ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മഞ്ചേരി മെഡിക്കല്‍ കോളേജിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി.
ആംബുലന്‍സ് പൈലറ്റ് ഷിജു എന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിജ ആര്‍ നായര്‍ എന്നിവര്‍ ആശുപത്രിയിലെത്തി. ആംബുലന്‍സ് സംഘത്തിന് സഹായം നല്‍കാന്‍ ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.അങ്കിതയും ആംബുലന്‍സില്‍ യുവതിയെ അനുഗമിച്ചു. ആംബുലന്‍സ്
കോഴിക്കോട് മാവൂര്‍ എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും തുടര്‍ന്ന് ഡോ. അങ്കിത നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലന്‍സില്‍ തന്നെ പ്രസവം എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിജ ആംബുലന്‍സില്‍ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 6.14നു ഡോ. അങ്കിതയുടെയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിജയുടെയും പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ഡോ. അങ്കിതയും നിജയും ചേര്‍ന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ഇരുവരെയും ആംബുലന്‍സ് പൈലറ്റ് ഷിജു ഉടന്‍ കോഴിക്കോട് ഐ.എം.സി.എച്ചില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.