കെമിക്കല്‍സ് നിറഞ്ഞ ഷാമ്പൂവില്‍ ആശ്രയിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. ചൂടായതു കൊണ്ട് പൊടിയും, തല അഴുക്ക് നിറഞ്ഞു മോശമായിട്ടുണ്ടാകും. കെമിക്കൽസ് നിറഞ്ഞ ഷാംപൂ മുടി കൊഴിയുന്നതിന് കാരണമാകും. മുടി കൊഴിയാതെ തലയിലെ അഴുക്കും പൊടിയും പോയി മുടി വളരാൻ പ്രകൃതി ദത്ത ഷാംപൂ ആണ് നല്ലത്.
ഏതൊക്കെ താളികൾ ഉപയോഗിക്കാം?
നമ്മുടെ വീട്ടു വളപ്പില്‍ നിന്ന് കിട്ടുന്ന ചെമ്പരത്തിയുടെ താളി ഉപയോഗിച്ചാല്‍ തലയ്ക്ക് നല്ല തണുപ്പും കിട്ടും അഴുക്കു മാറുകയും ചെയ്യും. മാത്രമല്ല, തലയിലെ താരനും അത് മൂലം ഉണ്ടാകുന്ന ചൊറിച്ചിലും മാറി കിട്ടുകയും ചെയ്യും.
അതുപോലെ തന്നെ, കറ്റാര്‍ വാഴ തണ്ടില്‍ നിന്ന് മുള്ളും പുറം ഭാഗവും മാറ്റിയ ശേഷം ഉള്ളിലുള്ള ജെല്‍ എടുത്ത് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് കുളിര്‍മ ലഭിക്കാനും താരന്‍ അകറ്റാനും ഉത്തമമാണ്.
കുറുന്തോട്ടിയുടെ തണ്ടും ഇലയും കായും പൂവും ഇടിച്ച് പിഴിഞ്ഞ് തലയില്‍ തേച്ചു പിടിപ്പിക്കുന്നതും ചൂടുകാലത്ത് നല്ലതാണ്.
മുടിയുടെ ആരോഗ്യത്തിനും കൃത്രിമം കലരാത്ത ഇത്തരം താളികളാണ് ഉത്തമം. തുളസിയില, പാടത്താളി കാട്ടു താളി തുടങ്ങിയവയുടെ ഇലയും ഇത്തരത്തില്‍ താളിയായി ഉപയോഗിക്കാം.
ഒരുപാട് തിരക്കുകള്‍ കാരണമാണ് പലരും താളി ഉപയോഗിക്കാതെ രാസവസ്തുക്കള്‍ കലര്‍ന്ന ഷാമ്പൂ ഉപയോഗിക്കുന്നത്. എന്നാല്‍, അല്പം സമയം ചിലവഴിച്ചാല്‍ തയറാക്കാവുന്ന ഇന്‍സ്റ്റന്റ് താളികളുണ്ട്.
ചെമ്പരത്തിയുടെ ഇലയും പൂവും തണലത്ത് ഉണങ്ങാന്‍ വെയ്ക്കുക. നന്നായി ഉണങ്ങിയ ഇലയും പൂവും പൊടിച്ച് സൂക്ഷിക്കാം. ഇഞ്ച കുതിര്‍ത്ത വെള്ളത്തില്‍ ഈ പൊടി കലക്കി തലയില്‍ തേക്കുന്നത് തലക്ക് കുളിര്‍മ്മ ലഭിക്കാന്‍ നല്ലതാണ്. മാത്രമല്ല രാസവസ്തുക്കള്‍ കലര്‍ന്നിട്ടില്ലാത്തതിനാല്‍ തലയെയോ മുടിയെയോ ദോഷകരമായി ബാധിക്കുകയുമില്ല.
അതുപോലെ തന്നെ മറ്റൊരു പ്രകൃതിദത്തമായി തയറാക്കാവുന്ന ഒന്നാണ് മുട്ട ഷാമ്പൂ. ഒരു മുട്ടയില്‍ നാല് തുള്ളി വെളിച്ചെണ്ണയും തണുത്ത വെള്ളവും കൂടി യോജിപ്പിച്ച് ഉണങ്ങിയ തലമുടിയില്‍ തേച്ച് രണ്ട് മിനിറ്റിനു ശേഷം കഴുകി കളയുക. ഇത്തരത്തില്‍ ഷാമ്പൂ ചെയ്യുന്നത് തലമുടിയുടെ തിളക്കം വര്‍ധിപ്പിക്കും.