തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു എംഎല്‍എക്കെതിരെ സംസ്ഥാന സര്‍ക്കാര്‍. ആന്റണി രാജു എംഎല്‍എയുടെ അപ്പീല്‍ തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഗൗരവകരമായ വിഷയങ്ങള്‍ ഉയര്‍ത്തുന്ന കേസാണിത്. കേസില്‍ ആന്റണി രാജുവിനെതിരെ തെളിവുണ്ട്. ആന്റണി രാജുവിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
കേസ് പരിഗണിക്കാനിരിക്കെയാണ് ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ആന്റണി രാജുവിന് അനുകൂലമായി സുപ്രീം കോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ ഉത്തരവ് അനുവദിക്കുകയായിരുന്നു. ഹര്‍ജികളില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്.
കേസിന്റെ എല്ലാ വശവും പരിശോധിക്കുമെന്നും ജസ്റ്റിസ് സി.ടി രവികുമാര്‍ വ്യക്തമാക്കിയിരുന്നു. 33 വര്‍ഷത്തിനുശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹര്‍ജിക്കാരനായ മുന്‍ ഗതാഗത മന്ത്രി ആന്റണി രാജു എതിര്‍ത്തിരുന്നു. 33 വര്‍ഷം ഈ കേസുമായി മുന്നോട്ടുപോകേണ്ടിവന്നു. ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാല്‍ കേസിന്റെ നടപടികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ മയക്കുമരുന്നുമായി പിടിയിലായതാണ് ഈ വിവാദങ്ങളുടെയൊക്കെ തുടക്കം. പ്രതിയെ രക്ഷിക്കാന്‍ അഭിഭാഷകനായ ആന്റണി രാജു തൊണ്ടി വസ്തുവില്‍ കൃത്രിമം നടത്തിയെന്നതിന് പ്രധാനമായും മൂന്ന് തെളിവുകളാണ് അന്വേഷണ സംഘം ഹാജരാക്കിയത്. ഹൈക്കോടതി വെറുതെ വിട്ട സാല്‍വദോര്‍ ഓസ്‌ട്രേലിയയിലേക്ക് കടക്കുകയും ചെയ്തു. അവിടെ വെച്ച് സാല്‍വദോര്‍ കൊലക്കേസില്‍ പിടിയിലായി.
സാല്‍വദോറിനൊപ്പം പിടിയിലായ മറ്റൊരു പ്രതിയാണ് കേരളത്തിലെ കേസിനെക്കുറിച്ച് ഓസ്‌ട്രേലിയന്‍ പോലീസിന് വിവരം നല്‍കുന്നത്. കേസില്‍ രക്ഷപ്പെട്ടത് കോടതി ജീവനക്കാരന് കൈക്കൂലി നല്‍കി തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചാണെന്നറിഞ്ഞ ഓസ്‌ട്രേലിയന്‍ പോലീസ് ഇന്റര്‍പോള്‍ മുഖേന വിവരം ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി. ഇതേസമയം, തൊണ്ടിമുതലില്‍ കൃത്രിമം നടന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ കെ കെ ജയമോഹനും പരാതിപ്പെട്ടതോടെയാണ് കഥ മാറുന്നത്.
അടിവസ്ത്രത്തിനടിയിലാണ് ഓസ്‌ട്രേലിയന്‍ സ്വദേശി പിടിയില്‍ ആകുന്നത്. മയക്കുമരുന്ന് കേസില്‍ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വഷത്തേക്ക് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വിദേശിയെ വെറുതെവിടുകയായിരുന്നു. പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് വെറുതെ വിട്ടത്. തൊണ്ടിമുതലില്‍ കൃത്രിമമുണ്ടായെന്ന് സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ജയമോഹന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം വീണ്ടും തുടങ്ങുന്നത്.
1994ലാണ് വഞ്ചിയൂര്‍ പൊലീസ് ഇത് സംബന്ധിച്ച് കേസെടുക്കുന്നത്. തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലര്‍ക്കായ ജോസും അഭിഭാഷകനായ ആന്റണി രാജുവും ചേര്‍ന്ന് തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചു എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിചെറുതാക്കിയെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണം ശക്തിപ്പെട്ടതോടെ ആന്റണി രാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.
ശാസ്ത്രീയപരിശോധനകള്‍ നിര്‍ണായകമായി. ആന്റണി രാജു കോടതിയില്‍ നിന്ന് തൊണ്ടിമുതലായ അടിവസ്ത്രം ഏറ്റുവാങ്ങിയപ്പോഴും തിരിച്ചുനല്‍കിയപ്പോഴും സ്വന്തം കൈപ്പടയില്‍ ഇംഗ്ലീഷില്‍ എഴുതി ഒപ്പിട്ട് നല്‍കിയ രേഖ അന്വേഷണത്തില്‍ വഴിത്തിരിവായി. തിരുവനന്തപുരം ഫോറന്‍സിക് ലാബ് ജോയിന്റ് ഡയറക്ടര്‍ കെ പി ജയകുമാറിന്റെ പരിശോധനയില്‍ കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ ഏറ്റുവാങ്ങാന്‍ എഴുതി ഒപ്പിട്ട് നല്‍കിയത് ആന്റണി രാജു തന്നെയെന്ന് വ്യക്തമായെന്നാണ് കുറ്റപ്പത്രം.
ഇതോടെയാണ് ആന്റണി രാജുവിന്റെയും കോടതിയിലെ ക്ലര്‍ക്ക് ജോസിന്റെയും പങ്ക് കൂടുതല്‍ വ്യക്തമാകുന്നത്. അടിവസ്ത്രം ശാസ്ത്രീയമായി പരിശോധിക്കപ്പെട്ടു. വസ്ത്രത്തിന്റെ ചില ഭാഗങ്ങളിലെ തയ്യലും ഉപയോഗിച്ചിരുന്ന നൂലും വ്യത്യസ്തമാണ്. ഇടതു, വലത് അറ്റങ്ങളിലുള്ള തയ്യലും, താഴെയുള്ള തയ്യലും അടിവസ്ത്രത്തിന്റെ മറ്റുഭാഗങ്ങളിലെ പോലെ കൃത്യമായല്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ഭാഗത്തെ തുണിയുടെ നിറത്തിലും വ്യത്യാസമുണ്ട്. അവിടെ ഉപയോഗിച്ച നൂല്‍ കുറച്ച് പഴക്കമുള്ളതും വലിഞ്ഞതുമായിരുന്നു. മാത്രമല്ല, ഉണ്ടായിരുന്ന ലേബല്‍ മാറ്റി വീണ്ടും തുന്നിച്ചേര്‍ത്തതായും വ്യക്തമായി.
2005ലാണ് ആന്റണി രാജുവിന്റെ പങ്ക് അന്വേഷണത്തിന്റെ പരിധിയിലേക്ക് വരുന്നത്. വര്‍ഷങ്ങളായി ചാരം മൂടി കിടന്ന കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടത് അന്ന് ഐ.ജി ആയിരുന്ന ടി.പി സെന്‍കുമാറാണ്. അസിസ്റ്റന്റ് കമ്മീഷണര്‍ വക്കം പ്രഭയുടെ അന്വേഷണത്തിലാണ് ഈ തെളിവുകളൊക്കെ വെളിച്ചത്ത് വരുന്നത്. തൊണ്ടി രജിസ്റ്ററില്‍ എഴുതിയിട്ടുള്ള പ്രതിയുടെ പഴ്‌സണല്‍ ബിലോങിങ്‌സ് സോപ്പ്, ചീപ്പ്, കണ്ണാടി, ടേപ് റിക്കോര്‍ഡര്‍ എന്നിവയൊക്കെ വാങ്ങിയ കൂട്ടത്തില്‍ കോടതിയില്‍ ഭദ്രമായി സൂക്ഷിച്ച മയക്കുമരുന്ന് കടത്തിയ അടിവസ്ത്രവും പുറത്തെടുത്തു എന്നറിഞ്ഞതോടെയാണ് കേസ് അട്ടിമറിക്കപ്പെട്ടു എന്ന് വ്യക്തമായത്.
അടിവസ്ത്രം വെട്ടി ചെറുതാക്കി തയ്ച്ച് പ്രതിയ്ക്ക് പാകമാകാത്ത വിധം തിരികെയേല്‍പ്പിച്ചെന്നാണ് കുറ്റപ്പത്രം. 2006 മാര്‍ച്ചില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു. എന്നാല്‍, 2014ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. 2014 മുതല്‍ ഇതുവരെ കേസ് 23 തവണ പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല എന്നതാണ് കൗതുകം. അതിനു ശേഷം ആന്റണി രാജു മത്സരിച്ചു മന്ത്രിയായി. ഇപ്പോള്‍ എം.എല്‍എയുമാണ്.
ആന്റണി രാജുവിന് വേണ്ടി അഭിഭാഷകന്‍ ദീപക് പ്രകാശും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ഹാജരായി. കേസിലെ ആദ്യ പരാതിക്കാരനായ വിരമിച്ച കോടതി ജീവനക്കാരന്‍ ടി.ജി. ഗോപാലകൃഷ്ണന്‍ നായര്‍ക്ക് വേണ്ടി അഭിഭാഷകന്‍ അമിത് കൃഷ്ണനും പരാതിക്കാരനായ അജയന് വേണ്ടി അഭിഭാഷകന്‍ ഡി.കെ. ദേവേഷും ഹാജരായി.
ആന്റണി രാജുവിന്റെ ഹര്‍ജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എഫ്.ഐ.ആര്‍. റദ്ദാക്കിയെങ്കിലും കോടതിക്ക് നടപടിക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം സി.ജെ.എം. കോടതി പുനരന്വേഷണം ആരംഭിച്ചത്.