കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡി സമൻസിനെതിരായ ഹർജിയിലെ ഹൈക്കോടതി വിധി ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉർത്തിപ്പിടിച്ചെന്ന് ഡോ. ടിഎം തോമസ് ഐസക്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഫണ്ട് വിനിയോഗം സംബന്ധിച്ചതിൽ വിശദീകരണം നൽകേണ്ടത് കിഫ്ബിയാണെന്ന് തോമസ് ഐസക് വ്യക്തമാക്കി.
വിധിപകർപ്പ് ലഭിച്ചശേഷം കൂടുതൽ പ്രതികരണം നടത്തുമെന്ന് തോമസ് ഐസക് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടെന്നായിരുന്നു ഇഡിയോട് കോടതി നിർദേശിച്ചത്. സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ടെന്ന് കോടതി പറഞ്ഞു.ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാൻ സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു.
കേസിൽ വേനലവധിക്ക് ശേഷം ഹൈക്കോടതി വിശദമായ വാദം കേൾക്കും. കേസിൽ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതകൾ വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചില രേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
ഈ രേഖകൾ പരിശോധിച്ചശേഷം ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്കായി ഐസക്കിന്റെ വിശദീകരണം ആവശ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത് ഐസക്കിനെ വിളിച്ചുവരുത്തിശേഷം വേണമോ അതോ രേഖാമൂലം മതിയോ എന്ന് ഇ.ഡിക്ക് തീരുമാനിക്കാം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഐസക്കിനെ ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ലെന്നും മറ്റൊരു ദിവസം ഹാജരാകാനുള്ള തീയതി ഐസക് അറിയിക്കണമെന്നും ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ, ഇക്കാര്യത്തിൽ താൻ നിർദേശങ്ങളൊന്നും നൽകുന്നില്ലെന്ന് ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള നിർദേശം ഇക്കാര്യത്തിൽ നൽകുകയാണെങ്കിൽ അത് താൻ ഐസക്കിനെ നിർബന്ധിക്കുന്നതിന് തുല്യമാകുമെന്നായിരുന്നു കോടതിയുടെ നിലപാട്. തുടർന്ന് ഇ.ഡി സമൻസിനെതിരായ ഐസക്കിന്റെയും കിഫ്ബിയുടെയും ഹരജികൾ വേനലവധിക്ക് ശേഷം വിശദമായി വാദം കേൾക്കാൻ മെയ് 22ലേക്ക് കോടതി മാറ്റി.