ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണി ദർശനവും വിഷുവിളക്കും ഞായറാഴ്ച പുലർച്ചെ 2.42 മുതൽ 3. 42 വരെ വിഷുക്കണി ദർശന മുഹൂർത്തം. പരമാവധി ഭക്തർക്ക് വിഷുക്കണി കാണാൻ ദേവസ്വം സൗകര്യം ഒരുക്കും.ശനിയാഴ്ച രാത്രി ശ്രീലകത്ത് കീഴ്ശാന്തി നമ്പൂതിരിമാർ ഓട്ടുരുളിയിൽ കാണികോപ്പ് ഒരുക്കി വയ്ക്കും. ഞായറാഴ്ച പുലർച്ചെ രണ്ടിന് മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി കുളിച്ചു വന്ന് ശ്രീലക വാതിൽ തുറക്കും.
മുഹൂർത്തം ആയാൽ കാണിക്കോപ്പ് ഉയർത്തിപ്പിടിച്ച് കണ്ണനെ കണി കാണിക്കും. കണ്ണന്റെ കയ്യിൽ വിഷുക്കൈനീട്ടം ആയി ഒരു നാണ്യം വയ്ക്കും. മുഖമണ്ഡപത്തിൽ സ്വർണപീഠത്തിൽ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പും കാണികോപ്പുകളും വെക്കും.
ശ്രീകോവിൽ മുന്നിലെ നമസ്കാര മണ്ഡപത്തിലും വിഷുക്കണി വയ്ക്കും. കണി കണ്ടെത്തുന്ന ഭക്തർക്ക് മേൽശാന്തി കൈനീട്ടം നൽകും. 3.42ന് വാകചാർത്ത്, പതിവ് ചടങ്ങുകൾ, അന്തരിച്ച തെക്കുംമുറി ഹരിദാസിന്റെ വഴിപാടായി വിഷുവിളക്ക് ആഘോഷിക്കും.
കാലത്തും ഉച്ചകഴിഞ്ഞും കാഴ്ച ശീവേലിക്ക് പെരുവനം കുട്ടന്മാരാരുടെ മേളം അകമ്പടിയാകും. സന്ധ്യയ്ക്ക് താമരയൂർ അനീഷ് നമ്പീശൻ മകൻ
അനുനന്ദ് എന്നിവരുടെ ഇരട്ട തായമ്പക, രാത്രി വിഷുവിളക്ക് എഴുന്നള്ളിപ്പിന് ഗുരുവായൂർ മുരളി, ഗുരുവായൂർ കൃഷ്ണകുമാർ ഇവരുടെ നേതൃത്വത്തിലുള്ള ഇടക്ക നാഗസ്വര മേളവും ഉണ്ടാകും.