തിരുവനന്തപുരം: കേരള സ്റ്റോറിയെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണമെന്നും ആ ചൂണ്ടയിൽ വീഴരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കാപട്യത്തിന്റെ പേരാണ് പിണറായി. പൗരത്വ ഭേദഗതിയിൽ മാത്രം ചർച്ച ഒതുക്കാം എന്ന് പിണറായി കരുതേണ്ട. സിഎഎക്ക് എതിരായി സംഘടിപ്പിക്കപ്പെട്ട സമരങ്ങൾക്കെതിരെ ചുമത്തിയ കേസുകൾ ആദ്യം പിൻവലിക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു.
സാമൂഹ്യ ക്ഷേമപെൻഷൻ ഔദാര്യമാണോയെന്ന് പിണറായി വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. സാമൂഹ്യ ക്ഷേമ പെൻഷൻ അവകാശമല്ലെന്നാണ് കോടതിയിൽ സർക്കാർ നിലപാടെടുത്തത്. രാജ്യത്ത് ആകെ19 സീറ്റിൽ മാത്രം മത്സരിക്കുന്ന സിപിഎം ആണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. യുഎപിഎ പിൻവലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം രാജ്യത്ത് ആദ്യം യുഎപിഎ ചുമത്തിയ സംസ്ഥാനം കേരളമാണ്. ബിജെപിക്കാർക്കെതിരെ യുഎപിഎ ചുമത്താൻ മാത്രമേ പിണറായിക്ക് മടിയുള്ളൂവെന്നും സതീശൻ പറഞ്ഞു.
അതേസമയം വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദർശനവുമായി കൂടുതൽ രൂപതകൾ രംഗത്തുവന്നിരുന്നു. സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകൾ രംഗത്തെത്തിയിരുന്നു. സിനിമ കാണണമെന്ന് സിറോ മലബാർ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതൽ വിവാദ ചിത്രം പ്രദർശിപ്പിക്കും. ഇടുക്കി രൂപതയ്ക്ക് പിന്നാലെയാണ് താമരശേരി രൂപതയും ചിത്രം പ്രദർശിപ്പിച്ചത്.
ഇടുക്കി രൂപതയിൽ 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിലാണ് സിനിമ പ്രദർശിപ്പിച്ചത്. പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.