തിരുവനന്തപുരം: സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ ഇടുക്കി അതിരൂപതക്ക് കീഴിലുള്ള പള്ളികളിലെ വേദപഠന ക്ലാസിന്റെ ഭാഗമായി 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സന് പരാതി നൽകി. കേരളത്തിനെതിരെയും ഒരു മത വിഭാഗത്തിനെതിരെയും വംശീയ വിദ്വേഷവും വ്യാജ പ്രചരണവും നടത്തി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ പാടില്ലെന്ന സെൻസർ ബോർഡിന്റെ നിയമത്തെയാണ് രൂപത ലംഘിച്ചത്. കൗമാരക്കാർക്കിടയിൽ വംശീയമായ വേർതിരിവും മതവിദ്വേഷവും സൃഷ്ടിക്കുക എന്ന ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമെന്ന നിലയിൽ 2024 ഏപ്രിൽ നാലിന് ഇടുക്കി അതിരൂപതയുടെ കാർമ്മികത്വത്തിൽ നടന്ന ഈ സിനിമ പ്രദർശനം അങ്ങേയറ്റം ഗൗരവമുള്ളതാണ്.
എ സർട്ടിഫിക്കറ്റ് ലഭിച്ച ‘ദി കേരള സ്റ്റോറി’ 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഇടുക്കി അതിരൂപതയുടെ ഭാരവാഹികൾ തന്നെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയ സാഹചര്യത്തിൽ നിയമവിരുദ്ധ പ്രവർത്തനത്തിനെതിരിൽ ബാലവാകാശ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
1952ലെ സിനിമാറ്റോഗ്രാഫ് നിയമനുസരിച്ച് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമ കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചാല്‍ അത് ജാമ്യം ലഭിക്കാത്ത കുറ്റകരമാണ്. പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള പ്രായത്തിലുള്ള കുട്ടികള്‍ക്കാണ് ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയിലെ നിയമം അനുസരിച്ച് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് കാണാനുള്ളതാണ് എ സര്‍ട്ടിഫിക്കറ്റ് ചിത്രം.
നിയമ ലംഘകര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരിനാണ് ഈ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ചുമതല.
കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് കുട്ടികള്‍ക്കിടയില്‍ പ്രണയക്കെണിയുടെ അവബോധം സൃഷ്ടിക്കാനാണെന്നും വര്‍ഗീയ ചേരിതിരിവോ രാഷ്ട്രീയ ലക്ഷ്യങ്ങളോ ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് സീറോ മലബാര്‍ സഭയുടെ വിശദീകരണം. ആദ്യം സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയെ പിന്തുണച്ച നിലപാടുകളാണ് താമരശേരി രൂപതയും സിറോ മലബാര്‍ സഭയും സ്വീകരിച്ചത്.