ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഇ.ഡിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് കെജ്രിവാളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണ്. കേജ്രിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ട്. ലഭിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചതായും ഹൈക്കോടതി പറഞ്ഞു
മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ തെറ്റില്ല. മാപ്പുസാക്ഷികളെ അവഗണിച്ചാൽ നിയമവ്യവസ്ഥ മുന്നോട്ടു പോകില്ല. വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ല. തിരഞ്ഞെടുപ്പുകാലമാണോയെന്നതു കോടതി കണക്കിലെടുക്കേണ്ട കാര്യമല്ല. തിരഞ്ഞെടുപ്പുകാലം മുന്നിൽകണ്ട് കേജ്രിവാളിന് അന്വേഷണവുമായി സഹകരിക്കാമായിരുന്നു. കോടതിക്കു രാഷ്ട്രീയമില്ല, നിയമമാണ് പ്രസക്തം. കോടതിയുടെ പരിഗണനയിലുള്ള വിഷയം കേന്ദ്രവും കേജ്രിവാളും തമ്മിലല്ല, ഹർജിക്കാരനും ഇ.ഡിയും തമ്മിലാണെന്നും ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ച് വ്യക്തമാക്കി.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇ.ഡി നടപടിയെന്നും ആരോപിച്ചായിരുന്നു കേജ്രിവാളിന്റെ ഹർജി. എന്നാൽ അഴിമതിയുടെ സൂത്രധാരൻ കേജ്രിവാളാണെന്നും ആം ആദ്മി പാർട്ടിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ.
മാർച്ച് 21നാണ് ഇ.ഡി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അദ്ദേഹം.