ന്യൂഡൽഹി: ‘പതഞ്ജലി ആയുർവേദ’ ഉൽപന്നങ്ങളുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസിൽ പതഞ്ജലി സഹസ്ഥാപകൻ ബാബ രാംദേവും കമ്പനി മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ശനിയാഴ്ചയാണ് മാപ്പപേക്ഷ അടങ്ങിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്‍റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ വിശദമായ മാപ്പ് അപേക്ഷ സുപ്രീം കോടതിയില്‍ നല്‍കിയത്. കേസ് പരിഗണിച്ചപ്പോള്‍ മാപ്പ് അപേക്ഷിച്ചിരുന്നു. തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നുമായിരുന്നു അപേക്ഷ. എന്നാല്‍ ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് കോടതി വിമര്‍ശിച്ചു. കടുത്ത ഭാഷയിലാണ് ബാബാം രാംദേവിനെ കോടതി വിമര്‍ശിച്ചത്.
ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്സ്) നിയമത്തിൽ പരാമർശിച്ച അസുഖങ്ങൾ മാറ്റാമെന്ന് അവകാശവാദമുള്ള ഒരു ഉൽപന്നവും പതഞ്ജലി പരസ്യം ചെയ്യുകയോ വിപണനം നടത്തുകയോ ചെയ്യരുതെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തെ വിമർശിച്ചതിന് ബാബാ രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.
പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നൽകിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു.
കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് എല്ലാ മറുപടികളും സമര്‍പ്പിക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 10ന് ഇരുവരും കോടതിയില്‍ ഹാജരാകണം. ഉത്തരാഖണ്ഡ് സർക്കാരിനെയും കേസില്‍ കക്ഷിയാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നിയമവാഴ്ച പാലിക്കുകയും ഭരണഘടന ഉയർത്തി പിടിക്കുകയും വേണമെന്നും കോടതി.