കൊച്ചി: കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനും പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാൾ നന്ദകുമാർ. പ്രതിരോധ മന്ത്രിയുടെ വസതിയിലെ നിർണായക രേഖകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് പലർക്കും വിറ്റെന്നാണ് ആരോപണം.
ഒന്നാം യു.പി.എ സർക്കാറിന്റെ അവസാന കാലത്തും രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്തും ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കറായിരുന്നു അനിൽ ആന്റണി. സി.ബി.ഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തന്റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങി. നിയമനം ലഭിച്ചില്ല, പണം തിരിച്ചു തന്നതുമില്ല. പി.ടി. തോമസ് ഇടപെട്ടാണ് പണം നൽകിയത്.
ചില പ്രതിരോധ രേഖകൾ എങ്ങനെ ചോർന്നു എന്ന് എൻഡിഎ സർക്കാർ അന്വേഷണം തുടങ്ങിയപ്പോഴാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. യുപിഎ ഭരണകാലത്തെ് ഡൽഹിയിലെ ഏറ്റവും വലിയ ദല്ലാളായിരുന്നു അനിൽ എന്ന് അദ്ദഹം പരിഹസിച്ചു.
അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടിൽ നിന്ന് നിർണായക രേഖകൾ എടുത്ത് ഫോട്ടോസ്റ്റാറ്റസ് എടുത്ത് വിൽക്കലായിരുന്നു അനിലിന്റെ പ്രധാന ജോലി. വിവരങ്ങൾ പി.ജെ. കുര്യന് അറിയാം. എ.കെ. ആന്റണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കരുതിയാണ് വെളിപ്പെടുത്താത്തതെന്ന് നന്ദകുമാർ വ്യക്തമാക്കി. ആരോപണങ്ങൾ അനിൽ ആന്റണി നിഷേധിച്ചാൽ എല്ലാ തെളിവുകളും പുറത്ത് വിടുമെന്നും നന്ദകുമാർ പറഞ്ഞു.
അതേസമയം, ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങൾ അനിൽ ആന്റണി നിഷേധിച്ചു. ആന്റോ ആന്റണിയെന്ന രാജ്യവിരുദ്ധനും അദ്ദേഹത്തോടൊപ്പമുള്ള കോൺഗ്രസുകാരുമാണ് ഇതിന് പിന്നിലെന്നും അനിൽ ആന്റണി പറഞ്ഞു.