വ്രതശുദ്ധിയുടെ മുപ്പത് ദിവസങ്ങള്‍ക്ക് ശേഷം ചെറിയ പെരുന്നാള്‍ തിരക്കിലായിരിക്കും എല്ലാവരും. ഈ പെരുന്നാളിന് പാചകത്തിന്റെ കാര്യത്തിലും അല്‍പം സ്‌പെഷ്യലാക്കിയാലോ? ചെറിയ പെരുന്നാള്‍ ഉഷാറാക്കാന്‍ ചെമ്മീന്‍ ബിരിയാണി തയ്യാറാക്കി നോക്കിയാലോ?
എപ്പോഴും ചിക്കനും ബീഫും മട്ടണും കഴിച്ച് മടുത്തവര്‍ക്ക് അല്‍പം മാറി ചിന്തിക്കാം ചെമ്മീന്‍ ബിരിയാണിയിലൂടെ. ചെമ്മീന്‍ ബിരിയാണി കഴിച്ച് ഈ ചെറിയ പെരുന്നാള്‍ ആഘോഷിക്കാം.
ആവശ്യമായ ചേരുവകള്‍
- ചെമ്മീന്‍- ഒരു കിലോ
- സവാള- നാലെണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- നാല് സ്പൂണ്‍
- പച്ചമുളക്- ആറെണ്ണം
- മുളക് പൊടി- രണ്ട് ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍
- ഗരം മസാല- രണ്ട് സ്പൂണ്‍
- നാരങ്ങ നീര്- രണ്ട് സ്പൂണ്‍
- ഉപ്പ്- പാകത്തിന്
- കറിവേപ്പില- രണ്ട് തണ്ട്
- മല്ലിയില- പാകത്തിന്
- ബിരിയാണിക്കായി ചോറ് തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകൾ
- ഒരു കിലോ ബിരിയാണി അരി,
- അല്‍പം പട്ട
- ഗ്രാമ്പൂ
- ഏലക്ക
- തക്കോലം
- അണ്ടിപ്പരിപ്പ്
- മുന്തിരി
- നെയ്യ്
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ വൃത്തിയാക്കി കഴുകിയ ശേഷം അല്‍പം മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, നാരങ്ങ നീര് എന്നിവ പുരട്ടി അരമണിക്കൂറോളം വെക്കുക. ഒരു പാനില്‍ അല്‍പം വെളിച്ചെണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവയെല്ലാ കൂടി വഴറ്റിയെടുക്കാം. നല്ലതു പോലെ വഴറ്റിക്കഴിഞ്ഞാല് ഇതിലേക്ക് മുളക് പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരം മസാല എന്നിവയും ചേര്‍ക്കാം. ശേഷം മസാല പുരട്ടി വെച്ചിരിക്കുന്ന ചെമ്മീന്‍ ഇതിലേക്ക് ചേര്‍ത്ത് വേവിക്കുക. പിന്നീട് കറിവേപ്പില, മല്ലിയില എന്നിവ ചെമ്മീനിലേക്ക് ചേര്‍ക്കാം. കുക്കറില്‍ അല്‍പം നെയ് ഒഴിച്ച് അതിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം എന്നിവ ഇട്ട് ഒരു ഗ്ലാസ്സ് അരിക്ക് ഒന്നര ഗ്ലാസ്സ് വെള്ളം എന്ന തോതില്‍ അരിയും ഉപ്പും ഇട്ട് വേവിക്കാം. ഒരി വിസില്‍ വന്ന ഉടനേ അടുപ്പില്‍ നിന്ന് വാങ്ങി വെച്ച് 15 മിനിട്ടിനു ശേഷം തുറക്കാം. ഇതിലേക്ക് മല്ലിയില ചേര്‍ക്കാം. അവസാന ഘട്ടം എന്ന നിലക്ക് ഒരു പാത്രത്തില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ചെമ്മീന്‍ മസാല ചേര്‍ക്കാം. അതിനു മുകളില്‍ അല്‍പം ചോറിടാം. പിന്നീട് അണ്ടിപ്പരിപ്പ്, സവാള, മുന്തിരി, മല്ലിയില എന്നിവയും ചേര്‍ക്കാം. പിന്നീട് അല്‍പം കൂടി ചെമ്മീന്‍ മസാല ചേര്‍ത്ത് അതിനു മുകളില്‍ ചോറിട്ട് ലെയര്‍ ആയി അടുക്കാവുന്നതാണ്. പിന്നീട് സെറ്റ് ആയിക്കിട്ടാന്‍ കനലിനു മുകളില്‍ 10 മിനിട്ട് വെക്കാം. നല്ല സ്വാദിഷ്ഠമായ ചെമ്മീന്‍ ബിരിയാണി റെഡി.