ന്യൂഡൽഹി: രാജ്യത്തിൻ്റെ വികസനത്തെ തടസ്സപ്പെടുത്താൻ ഇൻഡ്യ സഖ്യം നേതാക്കൾ തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി ഇല്ലാതാക്കാൻ താൻ പറയുമ്പോൾ അഴിമതിക്കാരെ രക്ഷിക്കൂ എന്ന് അവർ പറയുകയാണെന്നും മോദി വിമർശിച്ചു. ഏപ്രിൽ 19-ന് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ബാലാഘട്ടിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ദൗത്യമാണെന്നും ഭരിക്കുന്ന എൻഡിഎയുടെ മൂന്നാം ടേമിൽ വലുതും ചരിത്രപരവുമായ തീരുമാനങ്ങൾ എടുക്കാൻ ജനങ്ങളുടെ അനുഗ്രഹം തേടുന്നുവെന്നും പറഞ്ഞു.
അഴിമതിക്കാർക്കെതിരായ നടപടികൾ തടയാൻ കോൺഗ്രസുകാർ പരസ്യമായും ലജ്ജയില്ലാതെയും റാലികൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിൻ്റെ സുരക്ഷയെക്കുറിച്ച് ഉറപ്പുനൽകുമ്പോൾ, അവർ തന്നെ അധിക്ഷേപിക്കുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന ഉറപ്പ് മോദി നിറവേറ്റുമ്പോൾ അവർ പാകിസ്ഥാൻ്റെ ഭാഷയിൽ സംസാരിക്കാൻ തുടങ്ങുകയാണെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.