ഒട്ടാവ: കനേഡിയൻ തെരഞ്ഞെടുപ്പിൽ ചൈനയുടെ ഇടപെടലുണ്ടായെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ട്രൂഡോയുടെ ലിബറൽ പാർട്ടി വിജയിച്ച 2019, 2021 തെരഞ്ഞെടുപ്പുകളിലാണ് ചൈനീസ് ഇടപ്പെടൽ നടന്നിരിക്കുന്നത്. കനേഡിയൻ രഹസ്വാന്വേഷണ ഏജൻസി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നത്.
പ്രതിപക്ഷ സമ്മർദത്തെ തുടർന്ന് ട്രൂഡോ തന്നെ നിയോഗിച്ച കമീഷനാണ് ചൈനീസ് ഇടപെടൽ കണ്ടെത്തിയിരിക്കുന്നത്. ചൈനയുടെ നയങ്ങളെ പിന്തുണക്കുകയോ അവയോട് നിഷ്പക്ഷത പുലർത്തുകയോ ചെയ്യുന്ന സ്ഥാനാർഥികളെ പിന്തുണക്കുകയാണ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, തെരഞ്ഞെടുപ്പിൽ ഇടപ്പെട്ടുവെന്ന റിപ്പോർട്ടുകൾ നേരത്തെ ചൈന നിഷേധിച്ചിരുന്നു. എന്നാൽ, പുതിയ വാർത്തകളോട് പ്രതികരിക്കാൻ ചൈനീസ് എംബസി തയാറായിട്ടില്ല.