ഇസ്രയേലിനെതിരെ വ്യാപാര നിയന്ത്രണം ഏര്‍പ്പെടുത്തി തുര്‍ക്കി; 54 ഇനം ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിർത്തി

അങ്കാറ: ഗാസയിലെ യുദ്ധത്തെ തുടര്‍ന്ന് ഇസ്രയേലിനെതിരെ വ്യാപാര നിയന്ത്രണം ഏര്‍പ്പെടുത്തി തുര്‍ക്കി. ഇരുമ്പ് ഉരുക്ക് ഉത്പന്നങ്ങൾ, ജെറ്റ് വിമാനങ്ങൾക്കായുള്ള ഇന്ധനം, നിർമാണോപകരണങ്ങൾ, കീടനാശിനികൾ, യന്ത്രങ്ങൾ, ഗ്രാനൈറ്റ്, സിമന്റ്, ഇഷ്ടിക എന്നിങ്ങനെ 54 തരം ഉത്പന്നങ്ങൾ ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നത് നിർത്തുമെന്നാണ് തുർക്കിയ വ്യാപാര മന്ത്രാലയം അറിയിച്ചത്. ഗാസയിലേക്ക് സഹായങ്ങള്‍ എയര്‍ഡ്രോപ്പ് ചെയ്യാനുള്ള തുര്‍ക്കിയുടെ ശ്രമം ഇസ്രയേല്‍ തടഞ്ഞതിനു തൊട്ടുപിന്നാലെയാണ് നടപടി.

‘അന്താരാഷ്ട്ര സമൂഹത്തെ അവഗണിക്കുകയും അന്താരാഷ്ട്ര നിയമങ്ങളെ നഗ്‌നമായി ലംഘിക്കുകയും ചെയ്യുകയാണ് ഇസ്രായേൽ. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും മാനുഷിക സഹായങ്ങൾ അനുവദിക്കുകയും ചെയ്യുന്നത് വരെ നിയന്ത്രണം തുടരും’-തുർക്കി വ്യാപാര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അവശ്യവസ്തുക്കൾ എയർഡ്രോപ് ചെയ്യാൻ ശ്രമിച്ച തുർക്കിയൻ വിമാനങ്ങളെ തടഞ്ഞതിന് പിന്നാലെയാണ് ഇസ്രായേലിനെതിരെ കർശനനടപടി സ്വീകരിക്കാൻ നിർബന്ധിതരാവുന്നത്.

അതേസമയം ഇസ്രയേലുമായുള്ള വ്യാപാര ഉടമ്പടികള്‍ തുര്‍ക്കി ഏകപക്ഷീയമായി ലംഘിച്ചതായി ടെല്‍ അവീവ് ആരോപിച്ചു. ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഗാസയ്ക്കെതിരായ ഇസ്രയേലിന്റെ യുദ്ധത്തിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളായി തുര്‍ക്കി മാറി, എര്‍ദോഗന്‍ ഇസ്രയേലിനെ ‘ഭീകര രാഷ്ട്രം’ എന്ന് മുദ്രകുത്തി. ഇസ്രയേല്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ ഒരു ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ ‘ഒരു വിമോചന സംഘം’ എന്നാണ് എര്‍ദോഗന്‍ ന്യായീകരിച്ചത്.

ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 33,175 ആയി. 75,886 പേർക്ക് പരിക്കേറ്റു.