തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉണർത്തി ഇമെയിലുകൾ. ആര്യയുടെയും നവീനിന്റേയും ലാപ്ടോപ്പുകളിൽ നിന്ന് ലഭിച്ചത് വ്യത്യസ്ത പേരിലുള്ള നിരവധി ഇമെയിൽ സന്ദേശമാണെന്ന് പൊലീസ് വ്യക്തമാക്കി.
നവീൻ തോമസ് എട്ട് വർഷത്തിലധികമായി മരണാനന്തര ജീവിതത്തെക്കുറിച്ച് ഇൻറര്‍നെറ്റിൽ സേർച്ച് ചെയ്തിരുന്നതിന്റെ തെളിവ് പൊലീസിനു ലഭിച്ചു. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്ക്കോയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
നവീൻ വിശ്വാസത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഭാര്യ ദേവിയുമായി പങ്കുവച്ചിരുന്നു. നവീനും ദേവിയും ഇൻറർനെറ്റിൽ മരണാനന്തര ജീവിതത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. പീന്നീടാണ് ആര്യ ഇരുവരുടെയും വിശ്വാസങ്ങളുടെ ഭാഗമാകുന്നത്. ആര്യയ്ക്കും വ്യത്യസ്ത രീതിയിലുള്ള വിശ്വാസങ്ങളുണ്ടായിരുന്നു. ‘ഡോൺ ബോസ്കോ’ എന്ന പേരിൽ മെയിൽ സന്ദേശങ്ങൾ അയച്ചത് ഒരു വനിതയാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മൂന്നുപേരുടെയും ചാറ്റുകളും മെയിലുകളും പരിശോധിക്കുകയാണെന്നും ഉടനെ തന്നെ മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആരുടെയും പ്രേരണയാലല്ല സ്വന്തം വിശ്വാസം അനുസരിച്ചാണു മൂന്നുപേരും മരിക്കാൻ തീരുമാനിച്ചതെന്നാണു പൊലീസ് പറയുന്നത്. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ, മരിക്കുന്നതിനു മുൻപ് മൂന്നുപേരും സന്തോഷത്തിലായിരുന്നു എന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. ആത്മഹത്യാക്കുറിപ്പിൽ മൂന്നുപേരുടെയും പേരെഴുതി ഒപ്പിട്ടിരുന്നു. കൈയ്യക്ഷരം മൂന്നുപേരുടെതുമാണെന്നു ശാസ്ത്രീയപരിശോധനയിലൂടെ വ്യക്തമായി.
അതേസമയം ആര്യയുടെയും ദേവിയുടെയും കൈ ഞരമ്പ് മുറിച്ചത് അവരുടെ സമ്മതത്തോടെ നവീനാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏപ്രിൽ രണ്ടിനാണ് വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീന്‍, ദേവി എന്നിവരെ അരുണാചലിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണാചലിലെ ഇറ്റാനഗറിലുള്ള ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍ പോയി ജനിച്ച് ജീവിക്കണമെന്നും ഇവർ വിശ്വസിച്ചിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.