ന്യൂഡൽഹി: ബിജെപി എംപി ഹേമമാലിനിക്കെതിരായ അപകീർത്തി പരാമർശത്തിൽ സുർജേവാലക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 11 ന് ഉള്ളിൽ നോട്ടീസിന് മറുപടി അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരായ പരാമർശങ്ങളിൽ പാർട്ടി പ്രവർത്തകർ മാന്യത പാലിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോടും കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിന് ഖാർഗെയും ഏപ്രിൽ 11 നകം മറുപടി അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
ഹേമമാലിനിയെ പോലുള്ളവർക്ക് എം പി സ്ഥാനം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുർജെവാല നടത്തിയ പരാമർശമാണ് വിവാദമായത്. എന്തിനാണ് ജനങ്ങൾ എംപിയെയും എംഎൽഎ യും തിരഞ്ഞെടുക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ എല്ലാം ചൂണ്ടികാണിക്കാനാണ്. അല്ലാതെ ഹേമമാലിനിയെ പോലെ “നക്കാൻ” വേണ്ടി അല്ല തിരഞ്ഞെടുത്തത് എന്നായിരുന്നു സുർജേവാലയുടെ പരാമർശം. സുർജേവാലയുടെ ഈ പരാമർശത്തിനെതിരെയാണ് ഇപ്പോൾ ബിജെപി നേതൃത്വം പരാതി നൽകിയിരിക്കുന്നത്.
എന്നാൽ ബിജെപി ഇത് തെറ്റായി വ്യാഖ്യാനിച്ച് വീഡിയോയിലെ ചില ഭാഗങ്ങൾ മാത്രം പ്രചരിപ്പിക്കുകയാണെന്നാണ് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയുടെ പ്രതികരണം. ഹേമമാലിനിയോട് എന്നും ബഹുമാനം മാത്രമാണ് ഉള്ളതെന്നും , പ്രധാന രാഷ്ട്രീയ നേതാവ് ധർമേന്ദ്രയെ കല്യാണം കഴിച്ച ഹേമമാലിനി ഞങ്ങളുടെ മരുമകൾ ആണെന്നും സുർജേവാല പറഞ്ഞു.