കോഴിക്കോട്: വ്യാജവിവാഹം നടത്തി കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്ന് പണം തട്ടിയെടുത്തുവെന്ന് പരാതി. വിവാഹത്തിന് താല്‍പര്യം ഉണ്ടെന്ന പത്ര പരസ്യം കണ്ട് ഡോക്ടറെ സമീപിച്ച സംഘം 560,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളായ ഇര്‍ഷാന, റാഫി, മജീദ്, സത്താര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.
ഡോക്ടര്‍ നല്‍കിയ വിവാഹ പരസ്യം കണ്ട് ഫോണില്‍ പ്രതികള്‍ ബന്ധപ്പെടുകയായിരുന്നു. പിന്നീട് കോഴിക്കോട് എത്തി ഡോക്ടറുമായി നേരില്‍ സംസാരിച്ചു. ഇവര്‍ കൊണ്ടുവന്ന ആലോചന ഡോക്ടറെക്കൊണ്ട് സമ്മതിപ്പിച്ചു. വിവാഹത്തിനായി വധുവിനെയും ബന്ധുക്കളെയും കൊണ്ടുവരാനും മറ്റ് അനുബന്ധപരിപാടികള്‍ നടത്താനുമായി പലതവണയായി ഡോക്ടറില്‍നിന്ന് ഇവര്‍ പണം കൈപ്പറ്റിയതായും പൊലീസ് പറഞ്ഞു.
രണ്ടുമാസം മുന്‍പ് കോഴിക്കോട് ബീച്ചിനടുത്തുള്ള ലോഡ്ജില്‍വെച്ച് വിവാഹ ചടങ്ങുകള്‍ നടത്തി. ചടങ്ങിന് പിന്നാലെ ഡോക്ടര്‍ മുറിയില്‍ നിന്നും പുറത്തുപോയ ഉടനെ ആഭരണങ്ങളും ഡോക്ടറുടെ ബാഗും കൈക്കലാക്കി പ്രതികള്‍ കടന്നുകളഞ്ഞു. ഇവരെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ ഡോക്ടര്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.