തിരുവനന്തപുരം: പത്തനംതിട്ട ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള മകൻ അനിൽ ആൻ്റണിയുടെ തീരുമാനത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി. ‘‘തോൽക്കണം, ജയിക്കാൻ പാടില്ല’’– ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മകൻ ജയിക്കണമെന്ന് പിതാവെന്ന നിലയിൽ ആഗ്രഹമില്ലേ എന്ന ചോദ്യത്തോട് ഒട്ടും മടിക്കാതെ എ.കെ.ആന്റണി പ്രതികരിച്ചു. 83 കാരനായ മുൻ പ്രതിരോധ മന്ത്രി ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ, കോൺഗ്രസിനോടുള്ള കൂറ് ഉറപ്പിച്ചുകൊണ്ട് കുടുംബത്തെയും രാഷ്ട്രീയത്തെയും വേർതിരിക്കുന്നതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
‘‘അവിടെ കോൺഗ്രസ് സ്ഥാനാർഥി ആന്റോ ആന്റണി ജയിക്കണം. ഞാൻ കോൺഗ്രസാണ്. എന്റെ മതം കോൺഗ്രസാണ്. നരേന്ദ്ര മോദിയോടൊപ്പം പോകുന്നത് ആരായാലും തെറ്റാണ്. ഞാൻ പൊതുരംഗത്തു വന്ന കാലം മുതൽ കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്ന നിലപാട് എടുത്തയാളാണ്’’ – ആന്റണി പറഞ്ഞു. പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കു വേണ്ടി പ്രചാരണത്തിനു പോകുന്നുണ്ടോ എന്ന ചോദ്യത്തിന് അല്ലാതെ തന്നെ ആന്റോ ജയിക്കുമെന്നായിരുന്നു മറുപടി.
കെ.കരുണാകരന്റെ മകൾ അടക്കമുള്ളവർ ബിജെപിയിലേക്കു പോയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട’ എന്നായിരുന്നു പ്രതികരണം. ‘‘ആ ഭാഷ ഞാൻ ശീലിച്ചിട്ടില്ല. അത് എന്റെ സംസ്കാരത്തിന്റെ ഭാഗമല്ല. കോൺഗ്രസ് മഹാപ്രസ്ഥാനമാണ്. ഇഎംഎസും എകെജിയും പോലും കോൺഗ്രസുകാരായിരുന്നു. എല്ലാ പാർട്ടികളിലെയും നേതാക്കൾ ഒരു കാലത്ത് കോൺഗ്രസുകാരായിരുന്നു. അവരൊക്കെ പോയിട്ടും കോൺഗ്രസ് നിലനിൽക്കുന്നില്ലേ ? ഇന്ത്യ ഉള്ളിടത്തോളം കാലം കോൺഗ്രസും ഉണ്ടാകും’’ – ആന്റണി പറഞ്ഞു.