തിരുവനന്തപുരം: വിശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ഇന്നലെ മാസപ്പിറ കണ്ടെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പള്ളിമിനാരങ്ങളിൽനിന്നു തക്ബീർ ധ്വനികൾ ഉയർന്നു. റമദാനില്‍ നേടിയ ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ് നമസ്കാരമാണ് പെരുന്നാളിലെ പ്രധാന ആരാധന.
യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും ഇന്നാണു പെരുന്നാൾ. അതേസമയം ഡല്‍ഹിയില്‍ പെരുന്നാള്‍ മറ്റന്നാളാണ്. വ്രതത്തിന്റെ അനുബന്ധമായ ദാനധർമങ്ങളാൽ നാടു സജീവമാകുമ്പോൾ, പെരുന്നാൾ നമസ്കാരത്തിനായി പള്ളികൾക്കു പുറമേ വിവിധ കേന്ദ്രങ്ങളിലെ ഈദ്ഗാഹ് മൈതാനങ്ങളും ഒരുങ്ങി.