കണ്ണൂർ: പാനൂരിനടുത്ത് സിപിഎം പ്രവർത്തകൻ ഷെറിന്റെ മരണത്തിൽ കലാശിച്ച ബോംബ് നിർമാണം ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പ്രാദേശിക കുടിപ്പകയാണെന്നും പറഞ്ഞ് വിവാദം ഒതുക്കാനുള്ള സിപിഎം നീക്കം പൊളിക്കുന്നതാണ് കേസിലെ 6, 7 പ്രതികളുടെ റിമാൻഡ് റിപ്പോർട്ട്.
പ്രതികൾ ബോംബ് ഉണ്ടാക്കിയത് രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്താനും ഉദ്ദേശിച്ചാണെന്ന് ഡിവൈഎഫ്ഐയുടെ കടുങ്ങാംപൊയിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.സായൂജ്, മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി പി.വി.അമൽബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
രാഷ്ട്രീയ വിവാദങ്ങളും പൊട്ടിത്തെറിച്ച പാനൂർ കേസിൽ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം ഇതിനോടകം പൊലീസിന്‍റെ പിടിയിലായി. പന്ത്രണ്ട് പ്രതികളിൽ ഒരാൾ മരിച്ചു. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യ ആസൂത്രകനായ ഷിജാൽ, അക്ഷയ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോകാൻ ഇവർക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം. ഉദുമൽപേട്ടയിലാണ് ഷിജാലുണ്ടായിരുന്നത്. ബോംബ് നിർമാണത്തിനുള്ള വസ്തുക്കൾ ഇവർക്ക് എത്തിച്ചുനൽകിയത് ആരെന്നും സ്റ്റീൽ ബോംബുണ്ടാക്കാൻ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.
ദൃക്സാക്ഷികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളെയും കുറ്റസമ്മത മൊഴിയെയുമാണ് പൊലീസ് ആശ്രയിച്ചിരിക്കുന്നത്. സംഭവദിവസം അമലും സായൂജും സ്ഥലത്തുണ്ടായിരുന്നു. കൂട്ടുപ്രതികൾ സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതായി ഇവർക്ക് അറിയാമായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇവർ മുൻകയ്യെടുത്തു.
Read also: വ്രതമാസരാവുകൾക്കു വിട നൽകി മാനത്തു ശവ്വാലമ്പിളി തെളിഞ്ഞു; ഇന്ന് ചെറിയ പെരുന്നാള്‍