പാറ്റ്ന: ബിഹാറിലെ റോഹ്താസ് ജില്ലയിൽ കുടിലിന് തീപിടിച്ച് അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തുമരിച്ചു. ജില്ല ആസ്ഥാനമായ സസാരാമിലെ നസ്രിഗഞ്ച് സബ് ഡിവിഷനിലെ ഇബ്രാഹിംപൂർ ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പുഷ്പ ദേവി (30), അവരുടെ രണ്ട് പെൺമക്കളായ കാജൽ കുമാരി (നാല്), ഗുഡിയ (രണ്ട്), മകൻ ബജ്രംഗി കുമാർ (ആറ്), പുഷ്പയുടെ ബന്ധുക്കളായ കാന്തി കുമാരി (ആറ്), ശിവാനി (മൂന്ന്), മായാ ദേവി (25) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മറ്റൊരു സ്ത്രീയായ രാജു ദേവിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ദുരന്തമുണ്ടായത്. അപകടസമയം എല്ലാവരും കുടിലിനുള്ളിലായിരുന്നു. വിവരമറിഞ്ഞ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രക്ഷാസംഘവും ഉടൻ സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ബിക്രംഗഞ്ച് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനിൽ ബസക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടിലിന് സമീപത്തെ ഇലക്ട്രിക് ട്രാൻസ്ഫോർമറിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് നാട്ടുകാർ അറിയിച്ചു. സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദുഃഖം രേഖപ്പെടുത്തി. കുടുംബാംഗങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു.