മൃഗങ്ങള്‍ക്ക് ദൈവങ്ങളുടെ പേരിടാമോ. പ്രത്യേകിച്ച് മൃഗശാലയിലെ കൂട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക്. ഇതാണ് സമീപകാലത്ത് രാജ്യത്തെ ചൂടേറിയ ചര്‍ച്ചയായ വിഷം. ചര്‍ച്ചയ്ക്കാധാരം ബംഗാളിലെ മൃഗശാലയില്‍ സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നും പേരിട്ടതിനെതിരെ വിശ്വഹിന്ദു പരിഷത്ത് നല്‍കിയ ഹര്‍ജിയായിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി തര്‍ക്കങ്ങളും കോടതി ഇടപെടലുകളുമുണ്ടായി. മൃഗങ്ങളുടെ പേരിനെ അനുകൂലിച്ചും പ്രതികൂലിച്ചും പരാമര്‍ശങ്ങളും ഉയര്‍ന്നു. കടുവയ്ക്ക് സീതയെന്നു പേരിട്ട ജീവനക്കാരന് സസ്‌പെന്‍ഷന്‍ വരെ കിട്ടി.
ഇതാ തിരുവനന്തപുരം മൃഗശാലയിലും സീതയെന്നു പേരുള്ള ഹിപ്പോപൊട്ടാമസ് പ്രസവിച്ചിട്ടുണ്ട്. രണ്ടു ദിവസമായി പ്രസവിച്ചിട്ട്. കുഞ്ഞിന് പേരിടല്‍ കര്‍മ്മം നടന്നിട്ടില്ല. തിരുവനന്തപുരം മൃഗശാലയില്‍ ഏതെങ്കിലും മൃഗങ്ങള്‍ പ്രസവിക്കുകയാണെങ്കിലോ, പുതുതായി മൃഗശാലയില്‍ കൊണ്ടു വരികയാണെങ്കിലോ പേരിടല്‍ കര്‍മ്മം നടത്തുന്നത് വകുപ്പുമന്ത്രി കൂടിയായ ചിഞ്ചുറാണിയാണ്. ഇത്തവണ ഹിപ്പോപൊട്ടാമസ് കുഞ്ഞിനും മന്ത്രി തന്നെ പേരിടും. പക്ഷെ, പേര് കണ്ടു പിടിക്കുന്നത് മൃഗശാലാ അധികൃതരാണെന്നു മാത്രം. ഹിപ്പോ കുഞ്ഞിന്, അതും സീതയുടെ കുഞ്ഞിന് എന്തു പേരായിരിക്കും അധികൃതര്‍ കണ്ടെത്തുക എന്നതാണ് പ്രശ്‌നം.
സീതയുടെ കുഞ്ഞിന് മുഹമ്മദ് എന്നോ, അക്ബറെന്നോ, അസ്മയില്‍ എന്നോ ഇടുകയാണെങ്കില്‍ ബംഗാളില്‍ നടന്ന പ്രശ്‌നം കേരളത്തിലുമുണ്ടാകും. വിശ്വഹിന്ദു പരിഷത്തിന്റെ നിയമ പോരാട്ടം ഇവിടെയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. കേരളത്തിന്റെ പൊതു സ്വഭാവം വെച്ചും, ഭരിക്കുന്നത് ഇടതുപക്ഷമായതു കൊണ്ടും സീത ഹിപ്പോപൊട്ടാമസിന്റെ കുഞ്ഞിന് പേര് സമാന രീതിയില്‍ തന്നെയായിരിക്കുമെന്നാണ് സൂചന. ഹിപ്പോയുടെ കുഞ്ഞിന് ഒരു പേരിടുന്നതില്‍ എന്തിനാണ് ഇത്ര അസഹിഷ്ണുത എന്ന ചോദ്യവും അധികൃതര്‍ ചോദിക്കാന്‍ സാധ്യതയുണ്ട്.
തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഒരു പ്രശ്‌നം ഉണ്ടാക്കാതെ നോക്കാനും ശ്രമമുണ്ടാകും. തെരഞ്ഞെടുപ്പിനു ശേഷം പേരിടാനാകും നീക്കം നടക്കുന്നത്. സീതയുടെ കുഞ്ഞിന് ‘ലവന്‍’ എന്നോ ‘കുശന്‍’ എന്നോ ഇടുന്നതാകും കൂടുതല്‍ ഉചിതമാവുകയെന്നാണ് ചില കീപ്പര്‍മാര്‍ പറയുന്നത്. എന്നാല്‍, വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ ഏത് ആയുധവും ഉപയോഗിക്കാന്‍ നില്‍ക്കുന്ന ഇടതുപകിഷത്തിന്റെ നീക്കം എന്തായിരിക്കുമെന്നാണ് ഹിന്ദു സമൂഹം ഉറ്റു നോക്കുന്നത്.
അതേസമയം, മൃഗശാലകളിലെ മൃഗങ്ങള്‍ക്ക് പേരിടല്‍ ചടങ്ങ് നടത്തുന്നത്, അവയെ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. മരുന്നുകള്‍ നല്‍കുമ്പോഴാണ് പേരുകള്‍ ഗുണം ചെയ്യുന്നതെന്ന് കീപ്പര്‍മാര്‍ പറയുന്നുണ്ട്. അല്ലാതെ, ദൈവങ്ങളുടെ പേരിടുന്നത് നീതീകരിക്കാനാവില്ല. അങ്ങനെ പേരിടണമെന്നു തന്നെയില്ല. മൃഗങ്ങള്‍ക്ക് നമ്പരിടുകയാണ് സാധാരണ ചെയ്യുന്നത്. വടക്കേയിന്ത്യയില്‍ നടക്കുന്ന വര്‍ഗീയ വിഭാഗീയത പ്രകടമാക്കുന്ന സംഭവങ്ങള്‍ കേരളത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.
അതിന്റെ മറ്റൊരു രൂപമാണ് മൃഗങ്ങളുടെ പേരിടല്‍. മൃഗശാലയില്‍ തന്നെ ജനിച്ചു വളര്‍ന്ന 14 വയസ്സുള്ള സീതയെന്ന ഹിപ്പൊയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രസവിച്ചത്. കൂടിനടുത്ത് കാഴ്ചക്കാര്‍ക്കു നിയന്ത്രണമുണ്ട്. ആണ്‍ ഹിപ്പൊകള്‍ 7 മുതല്‍ 10 വയസ്സിലും പെണ്‍ഹിപ്പൊകള്‍ 5 മുതല്‍ 7 വയസ്സിലുമാണു പ്രജനനശേഷി കൈവരിക്കുന്നത്. ചെറിയ കൂട്ടങ്ങളായി ജീവിക്കുന്ന ഹിപ്പൊകള്‍ പ്രസവം അടുക്കുന്നതോടെ കൂട്ടത്തില്‍ നിന്നു മാറി ആഴംകുറഞ്ഞ ഭാഗത്ത് പ്രസവിക്കും. കുഞ്ഞുമായി കൂട്ടത്തിലേക്ക് തിരികെ വരും.
തിരുപ്പതി മൃഗശാലയില്‍ നിന്നു കൊണ്ടുവന്ന സിംഹങ്ങള്‍ക്ക് പകരം ഒരു ജോഡി ഹിപ്പൊകളെ ഇവിടെനിന്ന് നല്‍കിയിരുന്നു. ഒരു ആണ്‍ ഹിപ്പൊയും 5 പെണ്‍ ഹിപ്പൊകളുമാണ് മൃഗശാലയിലുള്ളത്. പേരിന്റെ കാര്യത്തില്‍ വാശി പിടിക്കേണ്ട ആവശ്യമില്ലെന്നാണ് മൃഗശാലയുടെ ചരിത്രം പറയുന്നത്. സീതയും അക്ബറും മാത്രമല്ല അശോകയും രാമനും വിശ്വാമിത്രനും ടെന്‍ഡുല്‍ക്കറും ദ്രാവിഡും കരിഷ്മയും കജോളും മൃഗശാലയിലുണ്ടായിരുന്നു.
മൃഗങ്ങള്‍ക്ക് ദൈവങ്ങളുടെയും ചരിത്രപുരുഷന്‍മാരുടെയും പേരിടാമോ എന്ന കല്‍ക്കട്ട ഹൈക്കോടതിയുടെ ചോദ്യമാണ് മൃഗശാലയിലെ ചില പേരുകള്‍ ഓര്‍മ്മപ്പെടുത്തുന്നത്. 1970ല്‍ ഗുജറാത്ത് ജുനാഗഡ് മൃഗശാലയിലെ രണ്ടു സിംഹങ്ങളുടെ പേരുകള്‍ രാമന്‍ എന്നും മുംതാസ് എന്നുമായിരുന്നു. കൃഷ്ണന്‍ രാധ എന്നീ കടുവകള്‍ക്ക് ജനിച്ച കുട്ടിക്കടുകവകള്‍ക്ക് മൈസൂര്‍ മൃഗശാല മുംതാസ് എന്നും സഫ്ദര്‍ എന്നുമാണ് വിളിച്ചു.
സ്വാതന്ത്രസമര സേനാനികളുടെ പേരുകള്‍ മൃഗങ്ങള്‍ക്കിടുന്നതിനോട് കല്‍ക്കട്ട ഹൈക്കോടതി വിയോജിച്ചെങ്കിലും ഗുജറാത്തില്‍ മൃഗശാലയില്‍ 2004ല്‍ ആസാദി എന്ന സിംഹമുണ്ടായിരുന്നു. സിംഹങ്ങള്‍ക്ക് അശോക ചക്രവര്‍ത്തിയുടെ പേരിടാമോ എന്നാണ് കോടതി ചോദിച്ചത്. എന്നാല്‍ 1991ല്‍ ഗുജറാത്തില്‍ ആശോക എന്ന് പേരുള്ള സിംഹവും 81ലും 84ലും ഓഡീഷയിലും കടുവയുമുണ്ടായിരുന്നു.
കര്‍ണാടക ബന്നാര്‍ഘട്ട മൃഗശാലയില്‍ 2002ല്‍ ടെണ്ടുല്‍ക്കര്‍ ദ്രാവിഡ് എന്നീ കടുവകളും 89ല്‍ ഗുജറാത്തില്‍ കപില്‍ എന്ന സിംഹവുമുണ്ടായിരുന്നു. കാണ്‍പൂരില്‍ ഐശ്വര്യ, വന്‍വിഹാറില്‍ രേഖ മൈസൂരില്‍ കരിഷ്മ, ഔറംഗബാദില്‍ കരീന എന്നീ കടുവകളുണ്ടായിരുന്നു. ജുനാഗഡ് മൃഗശാലയില്‍ മാധുരിയും കജോളും സിംഹങ്ങളായിരുന്നു. ഹൈദ്രാബാദ് മൃഗശാലയിലെ പ്രഭാസ്, ധനുഷ് എന്നീ കടുവള്‍ മൃഗതാരങ്ങളായിരുന്നു.
കുന്തിയെന്ന കടുവയുടെ കുട്ടികള്‍ക്ക് ഡല്‍ഹി മൃഗശാല കരണ്‍ എന്നും അര്‍ജുന്‍ എന്നും പേര് നല്‍കി. കൃഷണയെന്ന കടവുയുടെ കുട്ടിക്ക് 1976ല്‍ മൈസൂര്‍ മൃഗശാല ശൂര്‍പണഘ എന്ന് പേരിട്ടു. 87ല്‍ കല്‍ക്കട്ടയില്‍ ശിവ കടുവയുടെ കുട്ടിക്കിട്ട പേര് ബീഗം എന്നായിരുന്നു. 97ല്‍ പൂണൈയില്‍ ലക്ഷി എന്ന കടുവയുടെ കുട്ടികള്‍ക്ക് ജിപ്‌സി, റസിയ എന്നീ പേരുകള്‍ നല്‍കി. ഗണേഷ്, സരസ്വതി, പാര്‍വതി, വിഷ്ണു, കൃഷ്ണ, ദുര്‍ഗ എന്നീ സിംഹങ്ങളും കടുവകളുമൊക്കെ നമ്മുടെ മൃഗശാലകളിലുണ്ടായിരുന്നു.
ബഹിരാകാശ യാത്രികയായിരുന്ന കല്‍പന ചൗളയോടെ നേട്ടങ്ങള്‍ അഭിമാനിച്ച് 2002ല്‍ കര്‍ണാടക മൃഗശാല പെണ്‍കടുവക്ക് അവരുടെ പേര് നല്‍കുകയായിരുന്നു. എന്നാല്‍, തിരുവനന്തപുരത്തെ ഹിപ്പൊയുടെ കുഞ്ഞിന് എന്തു പേരിടുമെന്ന് കാത്തിരുന്നു കാണണം. വിശ്വഹിന്ദു പരിഷത്തിനെ സമാധാനിപ്പിക്കാന്‍ ഹുന്ദി പേരിടുമോ അതോ മതേതരത്വം ഉയര്‍ത്തിപ്പിടിച്ച് മറ്റു മതങ്ങളിലുള്ള പേരിടുമോ എന്നതാണ് അറിയേണ്ടത്.
ഹിപ്പൊകളെ കുറിച്ച്
ആനകളും കാണ്ടാമൃഗങ്ങളും കഴിഞ്ഞാല്‍ കരയിലെ ഏറ്റവും വലിയ സസ്തനിയാണ് ഹിപ്പോപ്പൊട്ടാമസ്. ബാരല്‍ ആകൃതിയിലുള്ള തുമ്പിക്കൈ, വലിയ നായക്കൊമ്പുകള്‍, ഏതാണ്ട് രോമമില്ലാത്ത ശരീരങ്ങള്‍, തൂണുകള്‍ പോലെയുള്ള കാലുകള്‍, വലിയ വലിപ്പം എന്നിവയാല്‍ ഹിപ്പോകളെ തിരിച്ചറിയാന്‍ കഴിയും. മുതിര്‍ന്നവയ്ക്ക് ശരാശരി 1,500 കിലോയും (ആണ്‍), 1,300 കിലോയും (പെണ്‍) ഉണ്ടാകും.
ദൃഢമായ ആകൃതിയും ചെറിയ കാലുകളുമാണുള്ളത്. ഹിപ്പോകള്‍ നദികളിലും തടാകങ്ങളിലും കണ്ടല്‍ക്കാടുകളിലും വസിക്കുന്നവയാണ്. ഇണചേരലും പ്രസവവും വെള്ളത്തിലാണ് സംഭവിക്കുന്നത്. പകല്‍ സമയത്ത്, വെള്ളത്തിലോ ചെളിയിലോ തങ്ങി, സന്ധ്യാസമയത്ത് പുല്ലുകള്‍ മേയാന്‍ ഹിപ്പോകള്‍ പുറത്തുവരുന്നു. ഹിപ്പോകള്‍ ലോകത്തിലെ ഏറ്റവും അപകടകരമായ മൃഗങ്ങളില്‍ ഒന്നാണ്.
ഹിപ്പോകള്‍ വളരെക്കാലമായി ജനപ്രിയ മൃഗശാല മൃഗങ്ങളാണ്. പ്രദര്‍ശനത്തിനായി തടവിലാക്കിയ ഹിപ്പോകളുടെ ആദ്യ റെക്കോര്‍ഡ് ബിസി 3500ല്‍ ഈജിപ്തിലെ ഹിരാകോണ്‍ പോളിസില്‍ നിന്നാണ്. ആധുനിക ചരിത്രത്തിലെ ആദ്യത്തെ മൃഗശാല ഹിപ്പോ, 1850 മെയ് 25ന് ലണ്ടന്‍ മൃഗശാലയില്‍ എത്തിയ ഒബായ്ഷ് ആണ്. അവിടെ പ്രതിദിനം 10,000 സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ‘ഹിപ്പോപൊട്ടാമസ് പോള്‍ക്ക’ എന്ന ജനപ്രിയ ഗാനത്തിന് പ്രചോദനം നല്‍കുകയും ചെയ്തിട്ടുണ്ട്.